ലണ്ടന്‍:  ആരാണ് 2017ലെ ഏറ്റവും മികച്ച മുന്നേറ്റനിര താരം എന്ന് ചോദിച്ചാല്‍ ഉത്തരം സ്പഷ്ടമാണ്. ടോട്ടന്‍ഹാം ഹോട്ട്സ്പറിന്‍റെ സെന്‍റര്‍ ഫോര്‍വേഡ് ഹാരി കേന്‍. അത് കഴിഞ്ഞേയുള്ളൂ മറ്റാരും. മെസ്സിയും ക്രിസ്റ്റ്യാനോ റോണാള്‍ഡോയും ലെവന്‍ഡോസ്കിയും കവാനിയും അടക്കമുള്ള പ്രമുഖരെ മുഴുവന്‍ പിന്നിലാക്കിക്കൊണ്ട് 52 കളികള്‍ നിന്നും 56 ഗോളുകള്‍. ഒരു കളിയില്‍ നേടുന്ന ശരാശരി ഗോളിന്‍റെ കണക്കുകള്‍ നോക്കിയാല്‍ സൂപ്പര്‍ താരങ്ങളെക്കാള്‍ ഏറെ മുന്‍പില്‍.

ഈ വര്‍ഷം യൂറോപ്യന്‍ ലീഗുകളില്‍ ഏറ്റവും ഗോള്‍ നേടിയ താരം. 22വര്‍ഷം മുന്‍പ് അലന്‍ ഷിയര്‍ സ്വന്തമാക്കിയ പ്രീമിയര്‍ ലീഗിലെ ഏറ്റവും കൂടുതല്‍ ഗോള്‍ എന്ന റെക്കോർഡിനെ കാറ്റില്‍പറത്തിക്കൊണ്ട് ലീഗില്‍ 37 ഗോളുകള്‍. റെക്കോർഡുകള്‍ ഓരോന്നും പഴങ്കഥയാക്കിക്കൊണ്ട് കുതിക്കുകയാണ് ഇരുപത്തിനാലുകാരനായ ഈ ഇംഗ്ലീഷ് കുതിര. അതുകൊണ്ട് തന്നെയാണ് ആഴ്സണല്‍ മാനേജര്‍ ആര്‍സീന്‍ വെങ്ങറിന് പോലും പറയേണ്ടി വരുന്നത്, ഹാരികേന്‍ തന്നെയാണ് താരം എന്ന്.

“മെസ്സി, റൊണാള്‍ഡോ എന്നിവരെയൊക്കെ കവച്ചുവച്ചുകൊണ്ടാണ് ഹാരി കേന്‍ ഈ നേട്ടം കൈവയ്ക്കുന്നത്. അവരെ കവച്ചുവയ്ക്കുകയെന്നത് ഒരിക്കലും നടക്കാത്ത കാര്യമാണ് എന്നായിരുന്നു എന്‍റെ കണക്കുകൂട്ടല്‍. അതിശയകരമായ കാര്യമാണ് അദ്ദേഹം ചെയ്തുകാണിച്ചത്.” വെങ്ങര്‍ പറഞ്ഞു.

ഈ വര്‍ഷം 52 കളികളില്‍ നിന്നാണ് ഹാരി കേന്‍ 56 ഗോളുകള്‍ അടിച്ചുകൂട്ടിയത്. 63 കളികളില്‍ നിന്ന് 54 ഗോളുകള്‍ നേടിയ മെസ്സിയാണ് ഗോളുകളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത്. 55 കളികളില്‍ നിന്നും 53 ഗോളുകളുള്ള ലെവന്‍ഡോസ്കി, 59കളികളില്‍ 53 ഗോളുകളുള്ള ക്രിസ്റ്റ്യാനോ റോണാള്‍ഡോ 62 കളികളില്‍ 53 ഗോളുകളുള്ള എഡിസന്‍ കവാനി എന്നിവരാണ് ഗോള്‍വേട്ടയില്‍ ആദ്യ അഞ്ച് സ്ഥാനക്കാര്‍.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ