ക്രിക്കറ്റിൽ സെഞ്ചുറി നേടുക എന്നത് ഒരു ബാറ്റ്സ്മാനെ സംബന്ധിച്ച് വ്യക്തിപരമായി വലിയൊരു നേട്ടമാണ്. തന്റെ സ്കോർ മൂന്നക്കം പിന്നിടുമ്പോൾ അവർക്കുണ്ടാകുന്ന സന്തോഷവും വളരെ വലുതാണ്. സെഞ്ചുറി നേട്ടങ്ങൾ വളരെ വ്യത്യസ്തമായി ആഘോഷിക്കുന്ന താരങ്ങളെയും ആരാധകർ കണ്ടിട്ടുണ്ട്. പക്ഷെ ക്രിക്കറ്റ് ലോകം ഇതുവരെ കാണാത്ത തരത്തിലുള്ള പ്രതികരണമാണ് ഓസ്ട്രേലിയക്ക് എതിരെ സെഞ്ചുറി നേടിയതിന് ശേഷം ഹർമൻപ്രീത് കൗർ നടത്തിയത്. ആരാധകർക്ക് നേരെ ബാറ്റ് ഉയർത്തുകയോ, ടീം അംഗങ്ങളുടെ അഭിവാദ്യത്തിന് നന്ദി പറയുകയോ ഹർമൻപ്രീത് ചെയ്തില്ല. എന്തിന് ഒന്ന് പുഞ്ചിരിക്കുക പോലും ചെയ്തില്ല ഇന്ത്യയുടെ ഈ ഭാഗ്യതാരം.

34.4 ഓവർ, ഹർമൻപ്രീത് 98 നോട്ടൗട്ട്, ലെഗ്സ്പിന്നർ ക്രിസ്റ്റൻ ബീംസിന്റെ അടുത്ത പന്ത് ലെഗ് സൈഡിലേക്ക് അടിച്ചിട്ട് ഹർമൻപ്രീത് 2 റൺസിന് ഓടി. എന്നാൽ രണ്ടാം റൺസ് അപകടമാകുമെന്ന് തോന്നിച്ച ദീപ്തി ശർമ്മ പതിയെ ഓടി. പക്ഷെ 2 റൺസ് പൂർത്തിയാക്കണമെന്ന് ഉറപ്പിച്ച ഹർമൻപ്രീത് ഉച്ചത്തിൽ വിളിച്ച് സ്ട്രൈക്ക് എൻഡിലേക്ക് ഓട്ടം തുടർന്നു. ശങ്കിച്ചു നിന്നെങ്കിലും മുതിർന്ന താരത്തിന്റെ വാക്കുകൾ അനുസരിച്ച് ദീപ്തിയും പാഞ്ഞു. ഓസീസ് ഫീൽഡറുടെ ത്രോ എത്തിയത് ഹർമൻപ്രീതിന്റെ എൻഡിൽ എന്നാൽ മുഴുനീളെ ഡൈവ് നടത്തി കൗർ ക്രിസിലെത്തി. അപ്പോഴേക്കും വിക്കറ്റ് കീപ്പർ ദീപ്തി ശർമ്മയെ റണ്ണൗട്ടാക്കുനുളള ശ്രമം നടത്തി. പക്ഷെ മുഴുനീളെയുള്ള ഡെവീലൂടെ ദീപ്തിയും ക്രിസിൽ എത്തി.

വിണു കിടന്ന ഹർമൻപ്രീത് എഴുന്നേറ്റു , ഗാലറി മുഴുവൻ എഴുന്നേറ്റ് നിന്ന് കയ്യടിക്കുന്നു, ഹർമൻപ്രീത് സെഞ്ചുറി പൂർത്തിയാക്കിയിരുന്നു. പക്ഷെ നിലത്ത് നിന്ന് എണീറ്റ ഹർമൻപ്രീത് ദീപ്തി ശർമ്മയ്ക്ക് എതിരെ ആക്രോശം നടത്തി. റണ്ണിങ്ങിന് ഇടയിൽ ഉണ്ടായ ആശയക്കുഴപ്പത്തിനാണ് കൗർ ദീപ്തിയെ ശകാരിച്ചത്. പിന്നീട് ഹെൽമറ്റും ബാറ്റും നിലത്തെറിഞ്ഞ് ഹർമൻപ്രീത് ദേഷ്യം തുടർന്നു. ഓസീസ് താരങ്ങൾ പോലും കൗറിന്റ പ്രതികരണം കണ്ട് ഞെട്ടി. സെഞ്ചുറി നേടിയതിന് ശേഷം ഒന്ന് പുഞ്ചിരിക്കുക പോലും ചെയ്തില്ല കൗർ. പിന്നീട് ദീപ്തി ശർമ്മയുടെ അടുത്ത് എത്തി ഹർമൻപ്രീത് അവളെ ആശ്വസിപ്പിച്ചു. ശകാരത്തിന് മാപ്പും ചോദിച്ചു, പക്ഷെ കരച്ചിലിന്റെ വക്കത്തായിരുന്ന ദീപ്തിക്ക് ഹർമൻപ്രീതിന്റെ മുഖത്ത് നോക്കാൻ സാധിച്ചില്ല.

സെഞ്ചുറി പൂർത്തിയാക്കയതിന് ശേഷം ഓസീസ് ബോളർമാരെ മൈതാനത്തിന്റെ തലങ്ങും വിലങ്ങും പായിച്ച് കൗർ ഇന്ത്യക്ക് മികച്ച സ്കോർ സമ്മാനിക്കുകയായിരുന്നു. 115 പന്തുകളിൽ നിന്ന് 171 റൺസാണ് ഹർമൻപ്രീത് നേടിയത്. 20 ഫോറുകളും 7 കൂറ്റൻ സിക്സും അടങ്ങുന്നതായിരുന്നു ഹർമൻപ്രീതിന്റെ തകർപ്പൻ ഇന്നിങ്ങ്സ് . ഇതില്‍ അര്‍ധ ശതകത്തിലെത്താല്‍ കൗര്‍ 64 പന്ത് നേരിട്ടപ്പോള്‍ പിന്നീടുളള 51 പന്തില്‍ നിന്നും 120 റണ്‍സാണ് ഈ ഹരിയാനക്കായി അടുച്ചെടുത്തത്. 20 ഫോറും ഏഴ് സിക്‌സും ഈ വെടിക്കെട്ടിന് മിഴിവേകി. ഹർമൻപ്രീത് കൗറാണ് കളിയിലെ താരവും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ