ഡെർബി: ഐതിഹാസികം…ലോകചാമ്പ്യൻമാരായ ഓസ്ട്രേലിയയെ നിഷ്കരുണം തകർത്ത് വിട്ട് ഇന്ത്യയുടെ പെൺപുലികൾ കിരീടപോരാട്ടത്തിന് അങ്കം കുറിച്ചു. 7 തവണ ലോകകപ്പ് കിരീടം ഉയർത്തിയിട്ടുള്ള കങ്കാരുപ്പടെയെ 36 റൺസിന് മുട്ടുകുത്തിച്ചാണ് മിതാലിയും സംഘവും ഫൈനലിലേക്ക് മാർച്ച് ചെയ്തത്. വനിത ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ബാറ്റിങ്ങ് പ്രകടനം പുറത്തെടുത്ത ഹർമ്മൻപ്രീത് സിങ്ങാണ് കങ്കാരുക്കളെ തരിപ്പണം ആക്കിയത്.

മഴമൂലം 42 ഓവറായി വെട്ടിച്ചുരിക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തിൽ 281 റൺസാണ് എടുത്തത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പേരുകേട്ട ഓസീസ് ബാറ്റിങ്ങ് നിരയെ 245 റൺസിന് എറഞ്ഞിട്ട് ഇന്ത്യ ഫൈനലിലേക്ക് കുതിച്ചു. ഇത് രണ്ടാം തവണയാണ് ഇന്ത്യൻ ടീം വനിത ലോകകപ്പിന് യോഗ്യത നേടുന്നത്. 115 പന്തിൽ 171 റൺസ് എടുത്ത ഹർമ്മൻപ്രീത് സിങ്ങാണ് കളിയിലെ താരം.115 പന്തുകളിൽ നിന്ന് 171 റൺസാണ് ഹർമ്മൻപ്രീത് നേടിയത്. 20 ഫോറുകളും 7 കൂറ്റൻ സിക്സും അടങ്ങുന്നതായിരുന്നു ഹർമ്മൻപ്രീതിന്റെ തകർപ്പൻ ഇന്നിങ്ങ്സ്

മഴയിൽ കുതിർന്ന പിച്ചിൽ ആദ്യം ബാറ്റ് എടുത്ത ഇന്ത്യക്ക് തുടക്കം പാളി. 35 റൺസ് എടുക്കുന്നതിനിടെ സ്മൃതി മന്ദാനയും പൂനം റാവത്തും കൂടാരം കയറി. 35 റൺസിന് 2 വിക്കറ്റ് നഷ്ടമായ സാഹചര്യത്തിലാണ് ഹർമ്മൻപ്രീത് കൗർ ക്രീസിലെത്തിയത്. മിതാലി രാജിനെ കൂട്ടുപിടിച്ച് ഹർമ്മൻപ്രീത് ഇന്ത്യയെ കരകയറ്റി. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 96 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. മിതാലി പുറത്തായതിന് ശേഷം ക്രിസിലെത്തിയ ദീപ്തി ശർമ്മ മികച്ച പിന്തുണ നൽകിയതോടെ സ്കോർ കുത്തനെ ഉയർന്നു. 90 പന്തുകളിൽ നിന്നാണ് ഹർമ്മൻപ്രീത് സെഞ്ചുറി നേടിയത്.

Also Read: ‘സ്വപ്നം നീ യാഥാർഥ്യമാക്കില്ലേ?’ സച്ചിന്റെ ചോദ്യത്തിന് ബാറ്റിലൂടെ മറുപടി പറഞ്ഞ് ഹർമൻപ്രീത് കൗർ

സെഞ്ചുറി പിന്നിട്ടതിന് ശേഷം എല്ലാ പന്തിലും ബൗണ്ടറി നേടാനായിരുന്നു ഹർമ്മൻപ്രീതിന്റെ ലക്ഷ്യം. പേരുകേട്ട ഓസീസ് ബോളിങ്ങ് നിരയെ തലങ്ങും വിലങ്ങും പറത്തി ഹർമ്മൻപ്രീത് 150 റൺസും നേടി. ആഷ്‌ലി ഗാഡ്നറെയും , എലിസ പെറിയെയും ഒരു കരുണയുമില്ലാതെ നേരിട്ട ഹർമ്മൻപ്രീത് ഓസീസ് ബോളർമാരെ നാണം കെടുത്തി. വലങ്കയ്യൻ സ്പിന്നർ ജെസ് ജോൺസന്റെ ഓവറിൽ 23 റൺസാണ് ഹർമ്മൻപ്രീത് അടിച്ചു കൂട്ടിയത്.

ഇന്ത്യൻ വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയക്ക് തുടക്കം തന്നെെ പാളി. ഓസീസ് നായിക ലാനിങ്ങിനെ ജൂലൻ ഗോസ്വാമിയും, ബേത്ത് മൂണിയെ ശിഖ പാണ്ഡയും വീഴ്ത്തിയതോടെ കങ്കാരുക്കൾ വിറച്ചു. 14 റൺസ് എടുത്ത നിക്കോൾ ബോൾട്ടണെ ദീപ്തി​ ശർമ്മയും മടക്കിയതോടെ ഓസീസ് പരുങ്ങലിലായി.

നാലം വിക്കറ്റ് ഒന്നിച്ച വില്ലാനിയും എല്ലിസ പെറിയു ഓസ്ട്രേലിയയെ മത്സരത്തിലേക്ക് തിരിച്ച് കൊണ്ടുവന്നു. വില്ലാനി 58 പന്തിൽ 78 റൺസും, പെറി 38 റൺസുമാണ് നേടിയത്. എന്നാൽ കഴിഞ്ഞ മത്സരത്തിലെ താരം രാജാശ്വരി ഗേയ്ക്ക്വാദ് ഈ കൂട്ടുകെട്ട് പിരിച്ചു. വില്ലാനിയെ മന്ദാനയുടെ കൈകളിൽ എത്തിച്ച് രാജേശ്വരി ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചു കൊണ്ടുവന്നു. തൊട്ടടുത്ത ഓവറിൽത്തന്നെ എലിസ പെറിയെ ശിഖ പാണ്ഡയും മടക്കിയതോടെ ഇന്ത്യ ഫൈനൽ ഉറപ്പിച്ചു. വാലറ്റത്ത് 90 റൺസ് എടുത്ത ബ്ലാക്ക് വെൽ നടത്തിയ പോരാട്ടം ഓസീട്രേലിയയുടെ പരാജയ ഭാരം കുറച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook