വനിത ക്രിക്കറ്റിലെ മികച്ച താരങ്ങളിലൊരാളാണ് ഇന്ത്യൻ ടി20 ടീം നായിക കൂടിയായ ഹർമൻപ്രീത് കൗർ. ഒരിക്കൽ കൂടി ആ വിശേഷണത്തിന് അടിവരയിട്ടിരിക്കുകയാണ് ഹർമൻപ്രീത്. വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ഏകദിന മത്സരത്തിൽ ബൗണ്ടറിയിൽ ഉയർന്ന് ചാടി ഹർമൻപ്രീത് പിടിച്ച ഒറ്റക്കയ്യൻ ക്യാച്ചാണ് ഇപ്പോൾ സമൂമാധ്യമങ്ങളിലെ പ്രധാന ചർച്ച വിഷയം.

വിൻഡീസ് നായിക സ്റ്റഫൈൻ ടെയ്‌ലറെ പുറത്താക്കാനായിരുന്നു ഹർമൻപ്രീതിന്റെ പറക്കും ക്യാച്ച്. എക്ത ബിഷ്തിനെ തുടർച്ചയായി സിക്സർ പായിച്ച് സെഞ്ചുറി തികയ്ക്കാനുള്ള ശ്രമമാണ് ഹർമൻപ്രീത് ഇല്ലാതാക്കിയത്. 88 റൺസുമായി തകർപ്പൻ ഫോമിൽ ക്രീസിൽ നിലയുറപ്പിച്ച ടെയ്‌ലർ എക്ത ബിഷ്തിനെ അനായാസം ബൗണ്ടറി കടത്തി. തന്റെ തലയ്ക്കു മുകളിലൂടെ പോയ പന്ത് നിസഹായതയോടെ ഹർമൻ നോക്കിനിന്നു. എന്നാൽ അടുത്ത പന്തിൽ ഏവരെയും ഞെട്ടിച്ചു. അതേ ശൈലിയിൽ ബൗണ്ടറിയിലേക്ക് കുതിച്ച പന്തിനെ ഉയർന്നു ചാടി ഇന്ത്യൻ താരം കൈപ്പിടിയിലൊതുക്കി.

എന്നാൽ മത്സരത്തിൽ വെസ്റ്റ് ഇൻഡീസ് വനിതകളോട് ഇന്ത്യ പരാജയപ്പെട്ടു. ഒരു റൺസിനായിരുന്നു ഇന്ത്യൻ പരാജയം. മത്സരം കൈവിട്ടെങ്കിലും ഏവരുടെയും കൈയ്യടി നേടിയിരിക്കുകയാണ് ഹർമൻപ്രീതിന്റെ അസാധാരണ ക്യാച്ച്.

ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് നിശ്ചിത ഓവറിൽ 225 റൺസാണ് സ്വന്തമാക്കിയത്. 91 പന്തിൽ 94 റൺസ് നേടിയ നായിക ടെയ്‌ലറുടെയും 51 റൺസ് നേടിയ ഓപ്പണർ മെക്കലാന്റെയും പ്രകടനമാണ് വിൻഡീസിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. മറുപടി ബാറ്റിങ്ങിൽ ജെമിമയും പ്രിയ പൂനിയയും ചേർന്ന് മികച്ച തുടക്കമാണ് ഇന്ത്യക്ക് നൽകിയത്. എന്നാൽ കൃത്യമായ ഇടവേളകളിൽ ഇന്ത്യൻ താരങ്ങളെ പുറത്താക്കിയതോടെ ഇന്ത്യൻ ഇന്നിങ്സ് 50 ഓവറിൽ 224 റൺസിൽ അവസാനിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook