scorecardresearch
Latest News

‘സ്വപ്നം നീ യാഥാർഥ്യമാക്കില്ലേ?’ സച്ചിന്റെ ചോദ്യത്തിന് ബാറ്റിലൂടെ മറുപടി പറഞ്ഞ് ഹർമൻപ്രീത് കൗർ

മികച്ച സെഞ്ച്വറി ഇന്നിങ്സോടെ ഇന്ത്യയെ ഫൈനലിലേക്ക് നയിച്ച ഹർമൻപ്രീത് കൗറിന്റെ ദിനമാണ് വരാൻ പോകുന്നതെന്ന് സച്ചിൻ പോസ്റ്റിൽ പറഞ്ഞിരുന്നു

Harmanpret

ലണ്ടൻ: ‘ക്രിക്കറ്റിന്റെ ദൈവം ആശിർവദിച്ചു, ഹർമൻപ്രീത് പൊരുതി നേടി’. വനിതാ ലോകകപ്പ് ക്രിക്കറ്റ് സെമി ഫൈനലിൽ ഓസ്ട്രേലിയക്കെതിരെ ഇറങ്ങുന്നതിന് തൊട്ട് മുൻപ് ഇതിഹാസ താരം സച്ചിൻ ടെൻഡുൽക്കർ ഫെയ്സ്ബുക്കിൽ പങ്കുവെച്ച പോസ്റ്റ് കണ്ട ആരും ചിന്തിക്കും സച്ചിൻ ഇത് മുൻകൂട്ടി കണ്ടിരുന്നു എന്ന്. മികച്ച സെഞ്ച്വറി ഇന്നിങ്സോടെ ഇന്ത്യയെ ഫൈനലിലേക്ക് നയിച്ച ഹർമൻപ്രീത് കൗറിന്റെ ദിനമാണ് വരാൻ പോകുന്നതെന്ന് സച്ചിൻ പോസ്റ്റിൽ പറഞ്ഞിരുന്നു.

‘ഹർമൻപ്രീത് കൗറിനെ പരിച്ചയപ്പെടാം: ഹാരിയെന്നാണ് സഹതാരങ്ങൾ അവളെ വിളിക്കുന്നത്. ഒരിക്കൽ ഇന്ത്യയെ പ്രതിനിധീകരിച്ച് കളിക്കാനിറങ്ങുമെന്ന് അവൾക്ക് ഒരിക്കലും സംശയിമില്ലായിരുന്നു. കളിയോടുള്ള അർപ്പണ മനോഭാവവത്തിനും കഠിനാധ്വാനത്തിനുമൊപ്പം വീട്ടുകാരുടെ പിന്തുണയും പ്രോത്സാഹനവും കൂടി ആയതോടെ അവൾ അവളുടെ ലക്ഷ്യത്തിനടുത്തെത്തിയിരിക്കുകയാണ്. സ്വപ്നം യാഥാർഥ്യം ആകും, ഇല്ലേ ഹർമൻപ്രീത്?’ ഇതായിരുന്നു സച്ചിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.

സച്ചിന്റെ ചോദ്യത്തിന് അക്ഷരാർത്ഥത്തിൽ മറുപടി പറയുകയായിരുന്നു ഓസീസിനെതിരെ ഹർമൻപ്രീത്. നിർണ്ണായക മത്സരത്തിൽ പേരുകേട്ട ഓസീസ് ബോളർമാരെ അടിച്ചു പരത്തിയ ഹർമ്മൻപ്രീതിന്റെ ഇന്നിങ്ങ്സ് ഇന്ത്യക്ക് മികച്ച സ്കോർ സമ്മാനിച്ചത്. 115 പന്തുകളിൽ നിന്ന് 171 റൺസാണ് ഹർമ്മൻപ്രീത് നേടിയത്. 20 ഫോറുകളും 7 കൂറ്റൻ സിക്സും അടങ്ങുന്നതായിരുന്നു ഹർമ്മൻപ്രീതിന്റെ തകർപ്പൻ ഇന്നിങ്ങ്സ്

സെമി പോരാട്ടത്തിൽ 35 റൺസിന് 2 വിക്കറ്റ് നഷ്ടമായ സാഹചര്യത്തിലാണ് ഹർമ്മൻപ്രീത് കൗർ ക്രീസിലെത്തിയത്. മിഥാലി രാജിനെ കൂട്ടുപിടിച്ച് ഹർമ്മൻപ്രീത് ഇന്ത്യയെ കരകയറ്റി. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 96 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. മിഥാലി പുറത്തായതിന് ശേഷം ക്രിസിലെത്തിയ ദീപ്തി ശർമ്മ മികച്ച പിന്തുണ നൽകിയതോടെ സ്കോർ കുത്തനെ ഉയർന്നു. 90 പന്തുകളിൽ നിന്നാണ് ഹർമ്മൻപ്രീത് സെഞ്ചുറി നേടിയത്.

സെഞ്ചുറി പിന്നിട്ടതിന് ശേഷം എല്ലാ പന്തിലും ബൗണ്ടറി നേടാനായിരുന്നു ഹർമ്മൻപ്രീതിന്റെ ലക്ഷ്യം. പേരുകേട്ട ഓസീസ് ബോളിങ്ങ് നിരയെ തലങ്ങും വിലങ്ങും പറത്തി ഹർമ്മൻപ്രീത് 150 റൺസും നേടി. ആഷ്‌ലി ഗാഡ്നറെയും , എലിസ പെറിയെയും ഒരു കരുണയുമില്ലാതെ നേരിട്ട ഹർമ്മൻപ്രീത് ഓസീസ് ബോളർമാരെ നാണം കെടുത്തി. വലങ്കയ്യൻ സ്പിന്നർ ജെസ് ജോൺസന്റെ ഓവറിൽ 23 റൺസാണ് ഹർമ്മൻപ്രീത് അടിച്ചു കൂട്ടിയത്.

അവാസന പത്ത് ഓവറുകളിൽ 134 റൺസാണ് ഇന്ത്യൻ ടീം അടിച്ചുകൂട്ടിയത്.ഹർമ്മൻപ്രീതും, ദീപ്തി ശർമ്മയുമാണ് ഇന്ത്യക്ക് തകർപ്പൻ സ്കോർ സമ്മാനിച്ചത്.

ഹർമ്മൻപ്രീതിന്റെ ബാറ്റിങ്ങ് കഴിഞ്ഞ ഉടനെ അഭിനന്ദനവുമായെത്താൻ സച്ചിൻ മറന്നില്ല. ‘അത്ഭുതകരം’ എന്നാണ് സച്ചിൻ ഹർമ്മൻപ്രീതിന്റെ ബാറ്റിങ്ങിനെ വിശേഷിപ്പിച്ചത്.

ഇംഗ്ലണ്ടിനേയാണ് ഫൈനലിൽ ഇന്ത്യ നേരിടുക. വനിതാ ലോകകപ്പ് ആദ്യമായി ഇന്ത്യയിലെത്തിക്കാൻ പെൺപുലികൾക്കാകുമെന്നു തന്നെയാണ് ആരാധകരുടെ പ്രതീക്ഷ.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Harmanpreet kaur powers india to womens cricket world cup final sachin tendulkar elated