വനിത ടി20 ലോകകപ്പിൽ നിന്ന് പുറത്തായതിന് പിന്നാലെ ഇന്ത്യൻ ടീമിനെതിരെ വിമർശനങ്ങൾ ശക്തമാകുന്നു. നിർണ്ണായകമായ സെമിഫൈനൽ മത്സരത്തിൽ അന്താരാഷ്ട്ര ക്രിക്കറ്റിലെ തന്നെ റൺവേട്ടക്കാരിയായ മിതാലി രാജിനെ ഒഴിവാക്കി ഇന്ത്യ കളിക്കാനിറങ്ങിയതാണ് ഇപ്പോൾ വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും തുടക്കം കുറിച്ചിരിക്കുന്നത്.
മിതാലി രാജിന്റെ മാനേജർ അനീഷ ഗുപ്തയാണ് ഇപ്പോൾ ഇന്ത്യൻ നായിക ഹർമ്മൻപ്രീതിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. പക്വതയില്ലാത്ത ഹര്‍മന്‍പ്രീത് ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനാവാന്‍ യോഗ്യയല്ലെന്നാണ് അനീഷ പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു അനീഷയുടെ പ്രതികരണം. എന്നാല്‍ ഈ പരാമര്‍ശം അനീഷ നീക്കം ചെയ്തിട്ടുണ്ട്.
“ബസിസിഐയെ സംബന്ധിച്ചടുത്തോളം അവർ കായിക ഇനത്തെക്കാൾ ഉപരി രാഷ്ട്രിയത്തിലാണ് വിശ്വസിക്കുന്നത്. ടൂർണമെന്റിലെ മിതാലിയുടെ പ്രകടനം കാണതെയുള്ള ഈ തീരുമാനം അതാണ് തെളിയിക്കുന്നത്. കാര്യങ്ങൾ വളച്ചൊടിക്കുന്ന, നുണ പറയുന്ന, പക്വത ഇല്ലാത്ത, ഇന്ത്യൻ നായികയാകാൻ പോലും യോഗ്യത ഇല്ലാത്തെയാളാണ് ഹർമ്മൻപ്രീത്,” അനീഷ ട്വിറ്ററിൽ കുറിച്ചതായി ഇഎസ്പിൻ ക്രിക്ക്ഇൻഫോ റിപ്പോർട്ട് ചെയ്യുന്നു.
സെമിയിൽ പരാജയപ്പെടുകയും ചെയ്തതോടെ വലിയ വിമർശനമാണ് മിതാലിയെ ഒഴിവാക്കിയതിൽ ഇന്ത്യൻ ടീം കേൾക്കുന്നത്. എന്നാൽ ഇന്ത്യൻ ടീമിൽ ഇത്തരം നീക്കങ്ങൾ പതിവാണെന്നാണ് ഇന്ത്യൻ ടി20 നായിക ഹർമ്മൻപ്രീത് കൗറിന്റെ പക്ഷം. മത്സരശേഷമാണ് മിതാലിയെ ടീമിൽ ഉൾപ്പെടുത്താത്തതിൽ വിശദീകരണവുമായി ഇന്ത്യൻ നായിക രംഗത്തെത്തിയത്.
” ഞങ്ങളുടെ തീരുമാനമെല്ലാം ടീമിന് വേണ്ടിയാണ്. ചിലപ്പോൾ അത് നല്ലതുമാകാം, ചിലപ്പോൾ തിരിച്ചും. അതിൽ കുറ്റബോധമില്ല. ടൂർണമെന്റിലെ പ്രകടനത്തിൽ ഞാൻ സന്തുഷ്ടയാണ്. ഒരു യുവനിരയായത് കൊണ്ട് തന്നെ ഒരുപാട് കാര്യങ്ങൾ പഠിക്കാനായി,” ഹർമ്മൻപ്രീത് പറഞ്ഞു.
ഇന്ത്യയുടെ വിജയങ്ങളിലെല്ലാം നിർണ്ണായകമായത് മിതാലി രാജിന്റെ പ്രകടനമായിരുന്നു. രണ്ട് അർദ്ധ സെഞ്ചുറികളാണ് ടൂർണമെന്റിൽ മിതാലി സ്വന്തമാക്കിയത്. പാക്കിസ്ഥാനെതിരെയും അയർലണ്ടിനെതിരെയും ഇന്ത്യ അനായാസം വിജയിച്ചത് മിതാലിയുടെ ബാറ്റിലൂടെയായിരുന്നു.