മൊഹാലി: ഇന്ത്യന്‍ വനിതാ ട്വന്റി-20 നായിക ഹര്‍മന്‍പ്രീത് ഇനി പഞ്ചാബ് പൊലീസിലെ ഡിഎസ്‌പി. ഇന്നാണ് ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് ആയി ഹര്‍മന്‍ ജോയിന്‍ ചെയ്തത്. പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗും ഡിജിപി സുരേഷ് അറോറയുമാണ് ഹര്‍മന്റെ യൂണിഫോമില്‍ ഔദ്യോഗിക നക്ഷ്ത്രങ്ങള്‍ ചാര്‍ത്തിയത്.
ഹര്‍മനെ ഡിഎസ്‌പിയായി നിയമിക്കുന്നതില്‍ സന്തോഷമുണ്ടെന്നും എന്നും എല്ലാവരുടേയും അഭിമാനമാണ് അവരെന്നും അമരീന്ദര്‍ പറഞ്ഞു. ഭാവിയിലും ഇതുപോലെ ഹര്‍മന്‍പ്രീത് സംസ്ഥാനത്തേയും ജനങ്ങളേയും അഭിമാനം കൊള്ളിക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
നേരത്തെ ഇന്ത്യന്‍ റെയില്‍വേയിലായിരുന്നു ഹര്‍മന്‍ ജോലി ചെയ്തത്. പിന്നീട് സ്വന്തം നാടായ പഞ്ചാബില്‍ ജോലി ചെയ്യാന്‍ ഹര്‍മന്‍ ആഗ്രഹം പ്രകടപ്പിക്കുകയായിരുന്നു. ഇതിന് പിന്നാലെ താരവുമായുള്ള കരാര്‍ സംബന്ധിച്ച നടപടികള്‍ വേഗത്തിലാക്കാന്‍ റെയില്‍വേയോട് മുഖ്യമന്ത്രി അമരീന്ദര്‍ ആവശ്യപ്പെടുകയായിരുന്നു.
കരാര്‍ വിഷയത്തില്‍ ഇടപെട്ട മുഖ്യമന്ത്രിയ്ക്ക് ഹര്‍മന്‍ ട്വിറ്ററിലൂടെ നന്ദി അറിയിച്ചിട്ടുണ്ട്. പഞ്ചാബ് പൊലീസില്‍ ജോയിന്‍ ചെയ്യാന്‍ സാധിച്ചതില്‍ താരം സന്തോഷം അറിയിക്കുകയും ചെയ്തു.
കഴിഞ്ഞ വര്‍ഷം റെയില്‍വേയില്‍ മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് ഹര്‍മന്‍ രാജിവെക്കുന്നത്. റെയില്‍വേയില്‍ ഓഫീസ് സൂപ്രണ്ടായിരുന്നു ഹര്‍മന്‍. പോയവര്‍ഷം ലോകകപ്പില്‍ നടത്തിയ മിന്നും പ്രകടനത്തിന് പിന്നാലെയാണ് താരത്തിന് പഞ്ചാബ് പൊലീസില്‍ ജോലി വാഗ്ദാനം ചെയ്ത് മുഖ്യമന്ത്രി രംഗത്തെത്തിയത്.