അവസാന ഓവറിലെ അവസാന രണ്ട് പന്തില്‍ ജയിക്കാന്‍ വേണ്ടത് നാല് റണ്‍സ്. യാതൊരു ആശങ്കയുമില്ലാതെ ഒരു സ്‌റ്റെപ്പ് മുന്നോട്ട് കയറിയ ഹര്‍മന്‍ പന്ത് ബൗണ്ടറി ലൈനിന് മുകളിലൂടെ പറത്തി വിട്ടു. കെഎസ്എല്ലിലെ തന്റെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ ഹര്‍മന്‍പ്രീത് നയം വ്യക്തമാക്കിയിരിക്കുകയാണ്. 21 പന്തില്‍ നിന്നും 34 റണ്‍സുമായി ലാങ്കഷിയര്‍ തണ്ടറിനെ വിജയത്തിലേക്ക് നയിച്ച് ഇന്ത്യന്‍ ട്വന്റി-20 നായിക തന്റെ വരവറിയിച്ചിരിക്കുകയാണ്.

അവസാന ഓവറില്‍ തണ്ടേഴ്‌സിന് ജയിക്കാന്‍ വേണ്ടിയിരുന്നത് 11 റണ്‍സായിരുന്നു. വിജയ സാധ്യത സര്‍റെയ്ക്ക് തന്നെയായിരുന്നു. രണ്ടാം പന്തില്‍ എല്ലി ത്രെല്‍ക്കെല്‍ഡ് റണ്ണൗട്ട് ആയതോടെ തണ്ടേഴ്‌സ് സമ്മര്‍ദ്ധത്തിലായി. എന്നാല്‍ മറുവശത്ത് നിന്നിരുന്ന ഹര്‍മനെ ഇതൊന്നും ഏശിയത് പോലുമില്ല. തൊട്ടടുത്ത പന്തില്‍ ഒരു ഡബിളും പിന്നാലൊരു ബൗണ്ടറിയുമായി ഹര്‍മന്‍ തണ്ടേഴ്‌സിന് വിജയത്തോടടുപ്പിച്ചു. ഒടുവില്‍ സിക്‌സ് അടിച്ച് സ്‌റ്റൈലായി തന്നെ ഫിനിഷും ചെയ്തു.

അഞ്ച് വിക്കറ്റിനായിരുന്നു തണ്ടേഴ്‌സിന്റെ വിജയം. 87 റണ്‍സുമായി നിക്കോള്‍ ബോള്‍ട്ടണ്‍ ടോപ്‌ സ്‌കോററായെങ്കിലും വിജയശില്‍പ്പി ഹര്‍മന്‍ തന്നെയായിരുന്നു. കരാര്‍ ഒപ്പിടുന്നതുമായി ബന്ധപ്പെട്ടുള്ള സാങ്കേതിക കാരണങ്ങള്‍ മൂലം വൈകിയ അരങ്ങേറ്റം ഹര്‍മന്‍ എന്തായാലും ക്ലാസാക്കി മാറ്റിയിരിക്കുകയാണ്. സൂപ്പര്‍ സ്റ്റാര്‍ പറയും പോലെ, ലേറ്റാ വന്താലും ലേറ്റസ്റ്റാ താന്‍ വരുവേന്‍.

നേരത്തെ കെഎസ്എല്ലില്‍ കളിക്കുന്ന മറ്റൊരു ഇന്ത്യന്‍ താരമായ സ്മൃതി മന്ദാനയും തരംഗം സൃഷ്ടിച്ചിരുന്നു. ആദ്യ മത്സരത്തില്‍ തന്നെ തിളങ്ങിയ മന്ദാന കഴിഞ്ഞ മത്സരത്തിലും തിളങ്ങിയിരുന്നു. മൂന്ന് മത്സരങ്ങളിലും മന്ദാന മികച്ച സ്‌കോറുകള്‍ കണ്ടെത്തിയിരുന്നു. ഹര്‍മനും കൂടിയെത്തിയതോടെ കെഎസ്എല്ലില്‍ ഇന്ത്യന്‍ കരുത്ത് കൂടുതല്‍ തെളിഞ്ഞു വരികയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook