scorecardresearch
Latest News

‘മിതാലിയെ ഒഴിവാക്കിയത് ഒരുമിച്ചെടുത്ത തീരുമാനം, പവാറിനെ നിലനിര്‍ത്തണം’; പിന്തുണയുമായി ഹര്‍മനും മന്ദാനയും

”ഞങ്ങളുടെ ഇമേജിനേയും ക്രിക്കറ്റിനേയും തന്നെ ചോദ്യത്തിലാക്കുന്നതാണ് വിവാദം”

‘മിതാലിയെ ഒഴിവാക്കിയത് ഒരുമിച്ചെടുത്ത തീരുമാനം, പവാറിനെ നിലനിര്‍ത്തണം’; പിന്തുണയുമായി ഹര്‍മനും മന്ദാനയും

മുംബൈ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ലോകകപ്പിലെ വിവാദങ്ങള്‍ക്ക് പുതിയ വഴിത്തിരിവ്. പരിശീലകന്‍ രമേശ് പവാറിന് പിന്തുണയുമായി ട്വന്റി-20 നായിക ഹര്‍മന്‍പ്രീത് കൗറും വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാനയും ബിസിസിഐയ്ക്ക് കത്ത് എഴുതി. പവാറിനെ പുറത്താക്കരുതെന്നും പരിശീലകസ്ഥാനത്ത് നിലനിര്‍ത്തണമെന്നും ഇരുവരും കത്തില്‍ ആവശ്യപ്പെടുന്നു.

മിതാലി രാജിനെ ട്വന്റി-20 ലോകകപ്പിന്റെ സെമിഫൈനലിനുള്ള ടീമില്‍ നിന്നും ഒഴിവാക്കിയത് പവാറിന്റെ ഏകപക്ഷീയമായ തീരുമാനമല്ലെന്നും എല്ലാവരും ചേര്‍ന്നെടുത്ത തീരുമാനമാണെന്നും കത്തില്‍ പറയുന്നു. പവാറിന്റെ കാലാവധി തീര്‍ന്നതോടെ ബിസിസിഐ പുതിയ പരിശീലകനായി അപേക്ഷ ക്ഷണിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇരുവരും ബിസിസിഐയ്ക്ക് കത്തെഴുതിയത്.

”കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ തന്നെ ടീമില്‍ വന്ന പോസിറ്റീവ് മാറ്റം ശ്രദ്ധയില്‍ പെടുത്താനും ലോകകപ്പില്‍ ഒരു ബെഞ്ച് മാര്‍ക്ക് സെറ്റ് ചെയ്‌തെന്നും ബോധ്യപ്പെടുത്താനുമാണ് ഈ കത്ത്. സെമി ഫൈനലിലെ പരാജയം എല്ലാവര്‍ക്കും അതിയായ ദുഖമുണ്ടാക്കിയതാണ്. പക്ഷെ അതിലും വേദനിപ്പിക്കുന്നതാണ് പിന്നീടുണ്ടായ വിവാദം. ഞങ്ങളുടെ ഇമേജിനേയും ക്രിക്കറ്റിനേയും തന്നെ ചോദ്യത്തിലാക്കുന്നതാണ് വിവാദം.” ഹര്‍മന്‍പ്രീത് കത്തില്‍ പറയുന്നു.

”കളിക്കാരെന്ന നിലയില്‍ മെച്ചപ്പെടുത്തുക മാത്രമല്ല, ലക്ഷ്യം തീരുമാനിക്കാനും സ്വന്തം പരിമിധികളെ വെല്ലുവിളിക്കാനും രമേശ് സാര്‍ ഞങ്ങളെ സഹായിച്ചിട്ടുണ്ട്. ഇന്ത്യന്‍ വനിതാ ക്രിക്കറ്റിന്റെ മുഖം തന്നെ അദ്ദേഹം മാറ്റി. ജയിക്കാനാവുമെന്നൊരു ബോധം അദ്ദേഹം ഞങ്ങളിലുണ്ടാക്കി”. ഹര്‍മന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം മിതാലിയെ ടീമില്‍ നിന്നും ഒഴിവാക്കാനുള്ള തീരുമാനം എല്ലാവരും ചേര്‍ന്നെടുത്തതാണെന്നും ഹര്‍മന്‍ പറയുന്നു.

”തീരുമാനം പൂര്‍ണമായും ക്രിക്കറ്റ് ലോജിക്ക് അനുസരിച്ചായിരുന്നു. ആ സമയത്തിന്റെ ആവശ്യം പരിഗണിച്ച് ഞാനും സ്മൃതിയും സെലക്ടര്‍ സുധാ ഷായും കോച്ചും ചേര്‍ന്നാണ് തീരുമാനമെടുത്തത്. വിന്നിങ് കോമ്പിനേഷനുമായി ഇറങ്ങുകയായിരുന്നു ലക്ഷ്യം” എന്നാണ് ഹര്‍മന്‍ പറയുന്നത്.

ന്യൂസിലാന്റിനെതിരായ പരമ്പരകളും 15 മാസത്തിനുള്ളില്‍ നടക്കുന്ന ട്വന്റി-20 ലോകകപ്പും കണക്കിലെടുത്ത് പവാറിനെ ടീമിന്റെ പരിശീലകനായ നിലനിര്‍ത്തണമെന്നും അദ്ദേഹം ടീമില്‍ കൊണ്ടു വന്ന മാറ്റം പരിഗണിക്കുമ്പോള്‍ മാറ്റേണ്ട സാഹചര്യമില്ലെന്നും ഇന്ത്യന്‍ നായിക പറയുന്നു.

മിതാലിയെ ഒഴിവാക്കാനുള്ള തീരുമാനം എല്ലാവരും ചേര്‍ന്നെടുത്തതാണെന്നും പവാര്‍ ടീമിന് പോസിറ്റീവ് ആറ്റിറ്റിയൂഡ് കൊണ്ടു വന്നെന്നും മന്ദാന പറയുന്നു. ടീമിന്റെ മുന്നേറ്റത്തിന് എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്നും ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാനാകുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും മന്ദാനയും പറഞ്ഞു.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Harmanpreet and smriti supports ramesh powar in letter to bcci