മുംബൈ: ബിആര്‍ അംബേദ്കറിനെതിരായ ട്വീറ്റിന്റെ പേരില്‍ തനിക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ട സംഭവത്തില്‍ പ്രതികരണവുമായി ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യ. തന്റെ പേരിലുള്ള വ്യാജ അക്കൗണ്ടില്‍ നിന്നുമുള്ള ട്വീറ്റിനെ തുടര്‍ന്നാണ് ഹാര്‍ദ്ദിക് പാണ്ഡ്യയ്‌ക്കെതിരെ കേസെടുക്കാന്‍ രാജസ്ഥാന്‍ കോടതി ഉത്തരവിട്ടത്. വിവാദമായ ട്വീറ്റ് തന്റെ അക്കൗണ്ടില്‍ നിന്നുമല്ലെന്ന് താരം പ്രസ്താവനയിലൂടെ വ്യക്തമാക്കുകയായിരുന്നു.

”ഡോ.ബിആര്‍ അംബേദ്കറെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവന ഞാന്‍ ട്വീറ്റ് ചെയ്‌തെന്ന തരത്തില്‍ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഞാന്‍ അത്തരത്തിലൊരു ട്വീറ്റോ പ്രസ്താവനയോ നടത്തിയിട്ടില്ലെന്ന് വ്യക്തമാക്കുന്നു. ഇതില്‍ പറയുന്ന ട്വീറ്റ് എന്റെ പേരും ചിത്രവും ഉപയോഗിച്ചിട്ടുള്ള വ്യാജ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നുമുള്ളതാണ്. ആളുകളുമായി സംവദിക്കാന്‍ ഞാന്‍ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് മാത്രമേ ഉപയോഗിക്കാറുള്ളൂ.” താരം വ്യക്തമാക്കുന്നു.

”ബിആര്‍ അംബേദ്കറെയും ഇന്ത്യന്‍ ഭരണഘടനയേയും ആദരിക്കുന്നയാളാണ് ഞാന്‍. പല സമുദായത്തില്‍ പെട്ടവരുടേയും വീടാണ് ഇന്ത്യ. ആരുടേയും വികാരത്തെ വ്രണപ്പെടുത്തുന്ന തരത്തിലുള്ള പ്രസ്താവന ഞാന്‍ നടത്തില്ല. സോഷ്യല്‍ മീഡിയയുടെ ഈ കാലത്ത് തെറ്റായ വാര്‍ത്തകളെ തിരിച്ചറിയാന്‍ സാധിക്കണം.” പാണ്ഡ്യ കൂട്ടിച്ചേര്‍ക്കുന്നു.

കേസുമായി ബന്ധപ്പെട്ട് കോടതിയെ കണ്ട് യഥാര്‍ത്ഥ വിവരം ധരിപ്പിക്കുമെന്നും തന്നെ കരിവാരി തേക്കാനുള്ള ശ്രമമാണ് വിവാദ ട്വീറ്റെന്ന് അറിയിക്കുമെന്നും താരം പ്രസ്താവനയില്‍ പറയുന്നു. കഴിഞ്ഞ ദിവസമായിരുന്നു വിവാദ ട്വീറ്റില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയ്‌ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടത്.

ഇന്ത്യയില്‍ സംവരണമെന്ന രോഗം വ്യാപിപ്പിച്ചയാളാണ് അംബേദ്കര്‍ എന്നായിരുന്നു ട്വീറ്റില്‍ പറഞ്ഞിരുന്നത്. എന്നാല്‍ പരാതിയില്‍ പറയുന്നത് ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ഔദ്യോഗിക ട്വീറ്റല്ലെന്നും വ്യാജ അക്കൗണ്ടില്‍ നിന്നുമുള്ളതാണെന്നും വ്യക്തമായിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ