ഇന്ത്യൻ ക്രിക്കറ്റിലെ സഹോദര സാന്നിധ്യമാണ് ഹാർദിക് പാണ്ഡ്യയും ക്രുണാൽ പാണ്ഡ്യയും. മൈതാനത്തിന് അകത്തും പുറത്തും ഒരുപോലെ വാർത്തകളിൽ നിറയാറുള്ള ഇരുവരും ഇപ്പോൾ വാർത്തകളിൽ ഇടം പിടിക്കുന്നത് അവരുടെ പുതിയ വാഹനത്തിന്റെ പേരിലാണ്. ലോകകപ്പിന് ശേഷം ഇന്ത്യൻ ടീമിൽ നിന്ന് വിട്ടു നിൽക്കുന്ന ഹാർദിക്കും സഹോദരൻ ക്രുണാലും ലംബോർഗിനിയിൽ കറങ്ങി നടക്കുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

ഈ വർഷം ഫെബ്രുവരിയിൽ ഇന്ത്യയിൽ അവതരിപ്പിച്ച ലംബോർഗിനിയുടെ ഹുരകോൺ ഇവോയിലാണ് ഹാർദിക്കും ക്രുണാലും കറക്കം. ആഡംബര കാറുകളിൽ ഫെരാരി 488 ജിടിബി, പോഷെ 911 മുതലായ കാറുകളുടെയൊപ്പം മത്സരിക്കുന്ന കാറാണ് ലംബോർഗിനിയുടെ ഹുരകോൺ ഇവോ. ഹാർദിക് പാണ്ഡ്യയുടെ ആഡംബര പ്രിയം നേരത്തെയും ചർച്ചയായിട്ടുണ്ട്. നിരവധി പ്ലാറ്റിനം ആഭരണങ്ങൾ ഉപയോഗിക്കുന്ന വ്യക്തിയാണ് ഹാർദിക്. 3.73 കോടി രൂപ എക്‌സ്‌ഷോറൂം വിലയുള്ള വാഹനമാണ് ഹാർദിക് പാണ്ഡ്യ സ്വന്തമാക്കിയിരിക്കുന്നത്.

കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് പാണ്ഡ്യ മെഴ്‌സിഡസ് ബെന്‍സ് എഎംജി ജി63 എസ്‌യുവി സ്വന്തമാക്കിയത്. ഇന്ത്യയിലെ തന്നെ ആദ്യത്തെ ജി-വാഗണ്‍ എസ്‌യുവിയാണിതെന്നായിരുന്നു സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നത്. 2.19 കോടി രൂപയാണ് എഎംജി ജി63-യുടെ എക്‌സ്‌ഷോറൂം വില. ഔഡിയുടെ തന്നെ ടോപ്പ് സെല്ലിങ് സെഡാന്‍ മോഡലായ എ6 35 ടിഡിഐ കഴിഞ്ഞ വര്‍ഷമാണ് ഹര്‍ദിക് പാണ്ഡ്യ സ്വന്തമാക്കിയത്. 65 ലക്ഷം രൂപയാണ് ഈ വാഹനത്തിന്റെ ഡല്‍ഹിയിലെ എക്‌സ്‌ഷോറൂം വില.

ലോകകപ്പിന് ശേഷം വിശ്രമത്തിലാണ് ഹാർദിക് പാണ്ഡ്യ. ഇന്ത്യയുടെ വിൻഡീസ് പര്യടനത്തിൽ താരത്തിന് വിശ്രമം അനുവദിച്ചിരുന്നു. അതേസമയം ക്രുണാൽ പാണ്ഡ്യ വിൻഡീസിനെതിരായ ടി20 പരമ്പരയിൽ കളിച്ചിരുന്നു. ഇന്ത്യൻ ടീമിന് വേണ്ടി മിന്നും പ്രകടനവും താരം പുറത്തെടുത്തു.

ദക്ഷിണാഫ്രിക്കയുടെ ഇന്ത്യൻ പര്യടനത്തിൽ ഹാർദിക് ടീമിനൊപ്പം ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതേ പരമ്പരയിൽ ടി20 സ്ക്വാഡിൽ ക്രുണാലും ഇടംപിടിച്ചേക്കാം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook