കരണ്‍ ജോഹര്‍ അവതാരകനായ ‘കോഫി വിത്ത് കരണ്‍’ എന്ന ടോക് ഷോയില്‍ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയതിന്റെ പേരില്‍ മറ്റൊരു ഇന്ത്യന്‍ ക്രിക്കറ്റ് താരവും ഇന്നേവരെ നേരിട്ടിട്ടില്ലാത്ത വിമര്‍ശനങ്ങളിലൂടെ കടന്നു പോകുകയാണ് ഹാര്‍ദിക് പാണ്ഡ്യയും കെ.എല്‍.രാഹുലും. സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വലിയ വിമര്‍ശനങ്ങളാണ് ഇരുവര്‍ക്കുമെതിരെ ഉയരുന്നത്. വിവാദത്തിനു പുറകെ ഇരുവരേയും ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ നിന്നും ഒഴിവാക്കി നാട്ടിലേക്ക് അയച്ചിരുന്നു.

ഇപ്പോഴിതാ സ്വീഡിഷ് നടിയും മോഡലും ഹാര്‍ദിക്കിന്റെ മുന്‍ കാമുകിയുമായ എല്ലി അവ്രാമും ഹാര്‍ദിക്കിനെതിരെ രംഗത്തെത്തിയിരിക്കുന്നു. ‘ഞാന്‍ ഇന്ത്യയില്‍ തിരിച്ചെത്തിയതേ ഉള്ളൂ. ഈ വിഷയത്തെ കുറിച്ച് ചോദിച്ചുകൊണ്ട് നിരവധി മാധ്യമ പ്രവര്‍ത്തകരുടെ സന്ദേശങ്ങള്‍ എനിക്ക് ലഭിക്കുകയുണ്ടായി. അവരെന്താണ് ചോദിക്കുന്നത് എന്നെനിക്ക് ആദ്യം മനസ്സിലായില്ല. പിന്നീട് ചില വീഡിയോസ് ഒക്കെ ഞാന്‍ കണ്ടു. വളരെ വിഷമം തോന്നി.

‘ആദ്യം എനിക്ക് അത്ഭുതമാണ് തോന്നിയത്. കാരണം എനിക്ക് ഒരിക്കല്‍ അറിയാമായിരുന്ന ഹാര്‍ദിക് അതായിരുന്നില്ല. എന്നാലും ജനങ്ങള്‍ ഇത്തരം പെരുമാറ്റങ്ങളോട് പ്രതികരിച്ചു തുടങ്ങിയതില്‍ എനിക്ക് സന്തോഷമുണ്ട്. ഇത്തരം മനോഭാവങ്ങള്‍ ശരിയല്ലെന്ന് നമ്മള്‍ തിരിച്ചറിയേണ്ട സമയമായി,’ എല്ലി ഒരു അവാര്‍ഡ്ദാന ചടങ്ങില്‍ സംസാരിക്കവെ പറഞ്ഞു.

ഹാര്‍ദിക് പാണ്ഡ്യയ്ക്ക് ലഭിച്ച സസ്‌പെന്‍ഷനെ കുറിച്ച് എല്ലിയുടെ വാക്കുകള്‍ ‘കണ്ടും കേട്ടും വായിച്ചുമുള്ള അറിവില്‍ നിന്നും ഇരുവര്‍ക്കും സസ്‌പെന്‍ഷന്‍ ലഭിച്ചു എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. നിങ്ങളുടെ രാജ്യത്തെ പ്രതിനിധീകരിക്കാന്‍ ഒരു അവസരം ലഭിച്ചാല്‍, അതൊരു വലിയ ബഹുമതിയാണ്. അതിനെ അത്ര ചെറുതായി കാണരുത്. വരും തലമുറ അവര്‍ മാതൃകകളായി കരുതുന്നവരില്‍ നിന്നും പലതും പഠിച്ചെടുക്കും… അത്രയേ എനിക്കിതേക്കുറിച്ച് പറയാനുള്ളൂ.’ എല്ലി വ്യക്തമാക്കി.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ്, ഹാര്‍ദിക്കിന്റെ മറ്റൊരു മുന്‍കാമുകി എന്ന് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ ഇഷ ഗുപ്തയും താരത്തിനെതിരെ പ്രതികരിച്ചിരുന്നു.

Read More: അയാള്‍ എന്റെ സുഹൃത്തുമല്ല, കാമുകനുമല്ല: പാണ്ഡ്യയെ തളളിപ്പറഞ്ഞ് ഇഷ ഗുപ്ത

ഒരു പൊതുപരിപാടിയില്‍ വച്ച് മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനായിരുന്നു ഇഷയുടെ മറുപടി. ‘അയാള്‍ എന്റെ സുഹൃത്താണെന്ന് നിങ്ങളോട് ആരാണ് പറഞ്ഞത്. സുഹൃത്തുമല്ല, കാമുകനുമല്ല. സ്ത്രീകളെ പുരുഷന്മാരുമായി താരതമ്യം ചെയ്യരുത്. എല്ലാ അര്‍ത്ഥത്തിലും ഞങ്ങളാണ് മികച്ചവര്‍. ആരെയും വേദനിപ്പിക്കാനല്ലെങ്കിലും പറയാം, നിങ്ങളെന്താണ് ഒരു കുഞ്ഞിന് ജന്മം നല്‍കാത്തത്? എല്ലാ മാസവും അഞ്ച് ദിവസം ഞങ്ങള്‍ ആര്‍ത്തവം കൊണ്ട് ബുദ്ധിമുട്ടുന്നു. അപ്പോഴും ഞങ്ങള്‍ നൃത്തം ചെയ്യുന്നു, ജോലിക്ക് പോകുന്നു, കുട്ടികളെ നോക്കുന്നു. ഇതൊക്കെ എപ്പോഴാണ് നിങ്ങള്‍ക്ക് ചെയ്യാനാവുക. ഒരാളും ഒരു സ്ത്രീയെ കുറിച്ചും മോശമായി സംസാരിക്കരുത്. നിങ്ങളുടെ കുടുംബം ഇത്തരം കാര്യങ്ങളില്‍ ആശങ്കപ്പെടുന്നില്ല എങ്കില്‍ അങ്ങനെ ചെയ്‌തോളൂ. പക്ഷെ മാനുഷികമായി അത് വളരെ തെറ്റാണ്,’ ഇഷ പറഞ്ഞു.

പാണ്ഡ്യയുടെ പ്രണയങ്ങളും പ്രണയത്തകര്‍ച്ചകളും എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്ന ഒന്നായിരുന്നു. വിദേശ നടിയായ എല്ലി അവ്രവുമായി അടുപ്പത്തിലായിരുന്നു ഹാര്‍ദിക്. പ്രണയത്തില്‍ വിശ്വാസ്യത വേണമെന്ന് എല്ലി ആവശ്യപ്പെട്ടതോടെ ആ ബന്ധത്തില്‍ നിന്നും ഹാര്‍ദിക് പിന്മാറി. കെട്ടുപാടുകള്‍ ഇല്ലാത്ത ബന്ധം മതിയെന്നു പറഞ്ഞുകൊണ്ടായിരുന്നു പിന്മാറ്റം

പിന്നീടാണ് ബോളിവുഡ് നടി ഇഷ ഗുപ്തയുമായി ഹാര്‍ദിക് പ്രണയത്തിലാണെന്ന് വാര്‍ത്തകള്‍ പ്രചരിച്ചത്. ഇരുവരും ഒരു പാര്‍ട്ടിയില്‍ വച്ചാണ് കണ്ടുമുട്ടിയതെന്നും പരസ്പരം നമ്പറുകള്‍ കൈമാറി ഡേറ്റിങ്ങിലാണെന്നുമാണ് അന്ന് റിപ്പോര്‍ട്ട് വന്നത്. ഇതിന് ആക്കം കൂട്ടി ഇരുവരും രാത്രി ഭക്ഷണത്തിനായി ചില ഹോട്ടലുകളില്‍ എത്തിയതും ശ്രദ്ധേയമായി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ