ഫീൽഡിങ്ങിൽ ഹാർദിക് പാണ്ഡ്യ സൂപ്പറാണ്. പാണ്ഡ്യയുടെ കൈയ്യിൽ ബോൾ കിട്ടിയാൽ ഉറപ്പായും സ്റ്റംപ് തെറിച്ചിരിക്കും. ഇന്നലെ നടന്ന ഇന്ത്യ- ന്യൂസിലൻഡ് മൂന്നാം ടി ട്വന്റി മൽസരത്തിലും പാണ്ഡ്യയും ധോണിയും ഒത്തുചേർന്നപ്പോൾ വീണത് കിവീസിന്റെ നിർണായക വിക്കറ്റ്. കളിയുടെ ഗതിതന്നെ മാറ്റിമറിച്ച റൺഔട്ടായി അത് മാറി.

മഴ മൂലം 8 ഓവറായി ചുരുക്കിയ കളിയുടെ ആറാമത്തെ ഓവറിലായിരുന്നു ടോം ബ്രൂസിന്റെ വിക്കറ്റ് വീണത്. ജസ്പ്രീത് ബുംറ എറിഞ്ഞ ബോൾ ആദ്യം ധോണിയുടെ കൈകളിലേക്കാണ് എത്തിയത്. ധോണി അത് ബുംറയ്ക്ക് കൈമാറിയെങ്കിലും ഫലം ഉണ്ടായില്ല. ബോൾ സ്റ്റംപിൽ തട്ടാതെ അകലേക്ക് പോയി. ഇതുകണ്ട കീവിസ് താരങ്ങളായ ബ്രൂസും മിച്ചൽ സാറ്റ്നറും മറ്റൊരു റൺസിനു വേണ്ടി ഓടി. അപ്പോഴേക്കും പാണ്ഡ്യയുടെ കൈകളിൽ ബോൾ എത്തിയിരുന്നു. ഒരു നിമിഷം പോലും പാഴാക്കാതെ പാണ്ഡ്യ ബോൾ ധോണിക്ക് എറിഞ്ഞു കൊടുത്തു. മിന്നൽ വേഗത്തിൽ ധോണിയുടെ കൈകൾ പ്രവർത്തിക്കുകയും ബ്രൂസ് ഔട്ടാവുകയും ചെയ്തു.

ഇതുകണ്ട ഇന്ത്യൻ ആരാധകർ ഒന്നടങ്കം എഴുന്നേറ്റ് ആർത്തുവിളിച്ചു. ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും പാണ്ഡ്യയെയും ധോണിയെയും അഭിനന്ദിച്ചു. ട്വന്റി ട്വന്റി പരമ്പരയിലെ മൂന്നാം മൽസരത്തിൽ ആറു റൺസിനായിരുന്നു ഇന്ത്യൻ ജയം. ഇതോടെ പരമ്പരയും ഇന്ത്യ സ്വന്തമാക്കി.

എട്ടോവര്‍ ആക്കി ചുരുക്കിയ മത്സരത്തില്‍ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 67 റണ്‍സെടുത്തു. ആറ് റണ്‍സോടെ ശിഖര്‍ ധവാനും 8 റണ്‍സോടെ രോഹിത് ശര്‍മ്മയും ആദ്യമേ പുറത്തായി. പിന്നാലെ വന്ന നായകന്‍ വിരാട് കോഹ്‌ലി 13 റണ്‍സെടുത്ത് കുടാരം കേറി. ആറ് പന്തില്‍ ആറ് റണ്‍സെടുത്ത ശ്രേയസ് അയ്യറും ആറാം ഓവറില്‍ ഉയര്‍ത്തിയടിച്ച് മടങ്ങി. 17 റണ്‍സെടുത്ത മനീഷ് പാണ്ഡേ അവസാന ഓവറില്‍ പുറത്തായി. ഹര്‍ദ്ദിക് പാണ്ഡ്യ 14 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

തുടക്കത്തിലേ വമ്പന്‍ അടിക്ക് ശ്രമം നടത്തിയ കിവീസിന് ഒരു റണ്‍സ് മാത്രം എടുത്ത മാര്‍ട്ടിന്‍ ഗുപ്തിലിനെ ആദ്യം നഷ്ടമായി. പിന്നാലെ 7 റണ്‍സെടുത്ത കോളിന്‍ മണ്‍റോയും കൂടാരം കേറി. എട്ട് റണ്‍സെടുത്ത് നിന്ന കെയിന്‍ വില്ല്യംസണിനെ മികച്ചൊരു ത്രോയിലൂടെ ഹര്‍ദ്ദിക് പാണ്ഡ്യ പറഞ്ഞയച്ചു. 11 റണ്‍സെടുത്ത ഫിലിപ്സ് പിന്നാലെ മടങ്ങി. ഹെന്‍‍റി നിക്കോള്‍സ് രണ്ട് റണ്‍സ് മാത്രം എടുത്താണ് പുറത്തായത്. ഓവര്‍ ത്രോയില്‍ റണ്‍സെടുക്കാനുളള ശ്രമത്തിനിടെ നാല് റണ്‍സെടുത്ത ബ്രൂസ് റണ്‍ ഔട്ട് ആവുകയായിരുന്നു. ഒടുവിൽ ഇന്ത്യ ഉയര്‍ത്തിയ 68 റണ്‍സിന്റെ ലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റ് ചെയ്ത കിവീസ് 6 റണ്‍സ് അകലെ വീണു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ