ന്യൂഡല്‍ഹി: ഇന്ത്യന്‍ ഓള് റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ വിജയ് ഹസാരെ ട്രോഫി കളിക്കില്ല. ബോളിങ് ഫിറ്റ്നസ് വീണ്ടെടുക്കുന്നതിനായി പ്രത്യേക പരിശീലനത്തിലാണ് താരം. അതിനാലാണ് വിജയ് ഹസാരെ ട്രോഫിയില്‍ നിന്ന് ഒഴിവാകാനുള്ള താരത്തിന്റെ തീരുമാനം.
“വിജയ് ഹസാരെ ട്രോഫിക്ക് ഹാർദിക്കിന്റെ ലഭ്യതയെക്കുറിച്ച് അന്വേഷിച്ച് ബറോഡ ക്രിക്കറ്റ് അസോസിയേഷൻ (ബിസിഎ) താരത്തിന് ഒരു ഇ-മെയിൽ അയച്ചിരുന്നു. കഴിഞ്ഞ മൂന്ന് വർഷമായി ബറോഡയ്ക്ക് വേണ്ടി ഹാര്‍ദിക് കളിച്ചത് വളരെ അപൂർവമായിട്ടാണ്. എന്നിരുന്നാലും താന്‍ മുംബൈയില്‍ പ്രത്യേക പരിശീലനത്തിലാണെന്നാണ് താരം മറുപടി നല്‍കിയിട്ടുള്ളത്,” ബിസിഎയിലെ അധികൃതര്‍ പിടിഐയോട് പറഞ്ഞു.
ഹാര്‍ദിക്കിന്റെ പരിക്ക് എന്താണെന്ന് വ്യക്തമല്ല എന്നാണ് അധികൃതര്‍ അറിയിക്കുന്നത്. 2019 ലെ ശസ്ത്രക്രിയക്ക് ശേഷം താരത്തിന് ശാരീരിക ക്ഷമത പൂര്‍ണമായും വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ലാത്തതിനാല്‍ അതിനുള്ള പ്രത്യേക പരിശീലനത്തിലാണെന്നാണ് വിവരമെന്നും അധികൃതര്‍ അറിയിച്ചു.
“വിജയ് ഹസാരയ്ക്ക് മുന്‍പുള്ള പരിശീലന ക്യാംപില്‍ പങ്കെടുക്കണമെന്ന് ഹാര്‍ദിക്കിന്റെ സഹോദരന് ക്രുണാല്‍ പാണ്ഡ്യക്കും ബിസിഎ നിര്‍ദേശം നല്‍കിയിരുന്നു. ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കാനായി മാത്രം എത്താന്‍ സാധിക്കില്ലെന്നും പരിശീലന ക്യാംപില്‍ പങ്കെടുത്താലെ ടീമില്‍ ഇടം നേടാന്‍ സാധിക്കുകയുള്ളു എന്നും ബിസിഎ ക്രുണാലിനെ അറിയിച്ചു,” ബിസിഎ വൃത്തങ്ങള്‍ പറഞ്ഞു.
ആഭ്യന്തര ക്രിക്കറ്റിന്റെ ഭാഗമായില്ലെങ്കില്‍ ടീമിലേക്കുള്ള തിരിച്ചു വരവ് ഹാര്‍ദിക്കിന് ബുദ്ധിമുട്ടാകും. നിലവില്‍ ഇന്ത്യന്‍ ടീമിലില്ലാത്ത എല്ലാ താരങ്ങളോടും ആഭ്യന്തര ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കണമെന്ന് ദേശിയ സെലക്ഷന് കമ്മിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്. നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലായിരിക്കും ഹാര്‍ദിക്ക് തന്റെ ശാരീരിക ക്ഷമത തെളിയിക്കേണ്ടത്.
താരങ്ങള്‍ അക്കാദമിയില്‍ നേരിട്ടെത്തി ശാരീരിക ക്ഷമത തെളിയിക്കണമെന്ന നിയമം രാഹുല്‍ ദ്രാവിഡാണ് കൊണ്ടു വന്നത്. ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി ചുമതല ഏല്ക്കുന്നതിന് മുന്‍പ് ദ്രാവിഡായിരുന്നു അക്കാദമിയുടെ ഡയറക്ടര്‍. നേരത്തെ പരിക്കേറ്റ ശ്രേയസ് അയ്യര്‍ക്ക് ഒരാഴ്ച നീണ്ട പ്രക്രിയക്ക് ശേഷമാണ് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്.
Also Read: എന്റെ രണ്ടാം ഇന്നിങ്സിന് സമയമായി; സര്‍പ്രൈസ് പൊട്ടിക്കാതെ യുവി