തിരുവനന്തപുരം: കാര്യവട്ടത്ത് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ആ ആവേശപ്പോരാട്ടം കേരളത്തിലെ കളിയാരാധകരുടെ മനസിൽ നിന്ന് മാഞ്ഞുപോയിട്ടില്ല. അവസാന പന്ത് വരെ വാശിയോടെ ഇരുപക്ഷവും കളിച്ച മത്സരം അങ്ങിനെ മായുകയുമില്ല. ആ മത്സരത്തിന്റെ അവസാന ഓവർ എറിയും മുൻപ് മൈതാനത്ത് നടന്ന ചർച്ചയുടെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

ഏഴാം ഓവറിൽ റൺ അധികം വിട്ടുനൽകാതെ ജസ്പ്രീത് ഭുംറ ഇന്ത്യൻ സംഘത്തിന് ആത്മവിശ്വാസം നൽകിയിരുന്നെങ്കിലും മൂന്ന് സിക്സറുകൾ ഗതി മാറ്റാവുന്ന കളിയായിരുന്നു അപ്പോഴും. ആറ് പന്തിൽ കീവീസ് പടയ്ക്ക് ജയിക്കാൻ വേണ്ടിയിരുന്നത് വെറും 19 റൺസ്.

വിരാട് കോഹ്ലി അവസാന ഓവർ എറിയാൻ ചുമതലപ്പെടുത്തിയതാകട്ടെ ഹർദ്ദിക് പാണ്ഡ്യയെയും. പന്ത് കൈയ്യിൽ വാങ്ങുമ്പോൾ താരം ക്യാപ്റ്റന് വാക്ക് നൽകി. വിരാട് കോഹ്ലി തന്നെയാണ് ഇക്കാര്യം ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്.

“അവസാന ഓവറിൽ ഓരോ പന്തും എറിഞ്ഞുകഴിയുമ്പോഴും ഞാൻ പാണ്ഡ്യെയ്ക്ക് സമീപത്തേക്ക് പോയി. മൂന്നാം പന്തും എറിഞ്ഞുകഴിഞ്ഞപ്പോൾ ആത്മവിശ്വാസത്തോടെ അദ്ദേഹം എന്നോട് പറഞ്ഞു, ആശങ്കപ്പെടേണ്ട, ഞാനിത് നേടും”, വിരാട് കോഹ്ലി പറഞ്ഞു.

“ഒരു ക്യാപ്റ്റനെന്ന നിലയിൽ ടീമംഗത്തിൽ ഉറച്ച ആത്മവിശ്വാസത്തോടെ കേൾക്കുന്ന ഇത്തരം വാക്കുകളോട് നമുക്ക് മറിച്ചൊന്നും പറയാൻ കാണില്ല. സ്വന്തം കഴിവിൽ നല്ല ആത്മവിശ്വാസമുള്ള താരമാണ് അദ്ദേഹം. ആ ഓവറിൽ അതദ്ദേഹം തെളിയിച്ചു”, കോഹ്ലി സഹതാരത്തെ പുകഴ്ത്തിക്കൊണ്ട് പറഞ്ഞു.

എട്ടോവർ നീണ്ട മത്സരത്തിൽ 68 റൺസ് വിജയലക്ഷ്യമാണ് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ കീവീസിന് മുന്നിൽ ഉയർത്തിയത്. അവസാന ഓവറിൽ ഒരു സിക്സർ പറത്തിയെങ്കിലും ആവശ്യമായ 19 റൺസ് നേടാൻ കീവീസ് താരങ്ങൾക്ക് സാധിച്ചിരുന്നില്ല. 12 റൺസ് മാത്രമാണ് ഈ ഓവറിൽ പാണ്ഡ്യ വിട്ടുകൊടുത്തത്.

ആശിഷ് നെഹ്റയുടെ വിരമിക്കൽ മത്സരമായിരുന്ന ആദ്യ ട്വന്റി ട്വന്റി മത്സരത്തിൽ ഡൽഹിയിൽ ഇന്ത്യ വിജയിച്ചിരുന്നു. എന്നാൽ കാൻപൂരിൽ നടന്ന രണ്ടാം മത്സരത്തിൽ ന്യൂസിലാൻ്റ് വിജയിച്ചു. മൂന്നാം മത്സരത്തിന് മഴ വലിയ തടസമായെങ്കിലും മികച്ച ഡ്രെയിനേജ് സംവിധാനം ഫലം കണ്ടപ്പോൾ മത്സരം എട്ടോവറിലേക്ക് ചുരുക്കി നടത്താൻ സാധിച്ചു. കീവീസ് നായകൻ കെയ്ൻ വില്യംസണും ഇന്ത്യൻ നാായകൻ വിരാട് കോഹ്ലിയും കാര്യവട്ടത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തെ വാനോളം പുകഴ്ത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ