മുംബൈ: സംവരണത്തിനും ഭരണഘടനാ ശില്‍പി ബി.ആര്‍.അംബേദ്കറിനെതിരെയുമായ പരാമര്‍ശത്തിന് ഇന്ത്യന്‍ താരം ഹാര്‍ദിക് പാണ്ഡ്യയ്‌ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. രാജസ്ഥാനിലെ ജോദ്പൂരിലെ കോടതിയാണ് താരത്തിനെതിരെ എഫ്‌ഐആര്‍ തയ്യാറാക്കാന്‍ ഉത്തരവിട്ടത്. എന്നാല്‍ പരാതിയില്‍ പറയുന്ന ട്വിറ്റര്‍ അക്കൗണ്ട് ഹാർദിക് പാണ്ഡ്യയുടേതല്ല വ്യാജമാണെന്ന് വ്യക്തമായിരിക്കുകയാണ്.

ജോദ്പൂര്‍ സ്വദേശിയും രാഷ്ട്രീയ ഭീം സേനാ പ്രവര്‍ത്തകനുമായ അഡ്വ. മേഘ്‌വാള്‍ നല്‍കിയ പരാതിയില്‍ പറയുന്ന ട്വിറ്റര്‍ അക്കൗണ്ട് @sirhardik3777 എന്നതാണ്. എന്നാല്‍ ഹാർദികിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് @hardikpandya7 ആണ്. പരാതിയില്‍ പറഞ്ഞിരിക്കുന്ന അക്കൗണ്ടിന്റെ യൂസര്‍നെയിം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇത്തരത്തില്‍ ഒരു അക്കൗണ്ട് നിലവിലുണ്ടോ എന്നത് സ്ഥിരീകരിച്ചിട്ടില്ല.

അംബേദ്കറിനും സംവരണത്തിനുമെതിരായ പരാമര്‍ശം വേദനിപ്പിച്ചുവെന്നാണ് പരാതിയില്‍ മേഘ്‌വാള്‍ പറയുന്നത്. കഴിഞ്ഞ ഡിസംബര്‍ 26നാണ് കേസിന് ആസ്‌പദമായ പരമാര്‍ശം ട്വീറ്റ് ചെയ്തത്.’ ഏത് അംബേദ്കര്‍? മണ്ടന്‍ നിയമങ്ങളുണ്ടാക്കിയ. സംവരണമെന്ന രോഗം രാജ്യത്ത് വ്യാപിപ്പിച്ചയാളോ?’ എന്നായിരുന്നു ട്വീറ്റ്.

രാഷ്ട്രീയ ഭീം സേനയിലെ പ്രവര്‍ത്തകരുടെ വാട്‌സ്‌ആപ്പ് ഗ്രൂപ്പിലാണ് താന്‍ ട്വീറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് കാണുന്നതെന്നും താനടക്കമുള്ള ഭീം സേനാ പ്രവർത്തകരുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണ് ട്വീറ്റെന്നുമാണ് പരാതിക്കാരന്‍ പറയുന്നത്. അക്രമത്തിന് ആഹ്വാനം ചെയ്യുന്നതാണ് ട്വീറ്റെന്നും അദ്ദേഹം പറയുന്നു.

ഇതുമായി ബന്ധപ്പെട്ട് നേരത്തെ ലുനി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും പൊലീസ് കേസെടുക്കാൻ തയ്യാറായില്ലെന്നാണ് മേഘ്‌വാള്‍ പറയുന്നത്. പിന്നാലെ ജോദ്പൂര്‍ പൊലീസ് കമ്മീഷണറേയും ബന്ധപ്പെട്ടെങ്കിലും എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറായില്ല. പിന്നാലെയാണ് ഇദ്ദേഹം കോടതിയെ സമീപിക്കുന്നത്.

അതേസമയം, തന്റേതല്ലാത്ത അക്കൗണ്ടില്‍ നിന്നുമുള്ള ട്വീറ്റില്‍ ഹാർദിക്കിനെതിരെ എങ്ങനെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യുമെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. സംഭവത്തില്‍ താരം ഇതുവരേയും പ്രതികരണം നടത്തിയിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ