മുംബൈ: പരുക്കിനും ശസ്ത്രക്രിയക്കും ശേഷം ക്രിക്കറ്റ് മൈതാനത്തേക്ക് മടങ്ങിയെത്തിയ താൻ മിന്നും ഫോമിലെന്ന് വീണ്ടും തെളിയിച്ച് ഹാർദിക് പാണ്ഡ്യ. ഡിവൈ പാട്ടീൽ ടി20 കപ്പിൽ ബിപിസിഎല്ലിനെതിരെ 55 പന്തിൽ 158 റൺസാണ് ഹാർദിക് പാണ്ഡ്യ ഒറ്റയ്ക്ക് അടിച്ചെടുത്തത്. ടി20 ഫോർമാറ്റിൽ താരം നേടുന്ന തുടർച്ചയായ രണ്ടാം സെഞ്ചുറിയാണിത്.

കഴിഞ്ഞ ദിവസം ആർസിപിക്കെതിരെയും താരം സെഞ്ചുറി നേടിയിരുന്നു. സെമിയിലും മിന്നും പ്രകടനം ആവർത്തിച്ച ഹാർദിക് പാണ്ഡ്യയുടെ മികവിൽ റിലയൺസ് വൺ ടൂർണമെന്റിന്റെ ഫൈനലിലേക്കും യോഗ്യത നേടി.

Also Read: കൊറോണ വൈറസ്: ഐപിഎല്‍ 2020 എത്രമാത്രം സുരക്ഷിതമാണ്?

ഹാർദിക് പാണ്ഡ്യയുടെ വെടിക്കെട്ട് ബാറ്റിങ്ങിന്റെ മികവിൽ നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടപ്പെടുത്തി 238 റൺസാണ് റിലയൺസ് വൺ ബിപിസിഎല്ലിനെതിരെ നേടിയത്. ബിപിസിഎൽ ബോളർമാരെല്ലാം പാണ്ഡ്യയുടെ ബാറ്റിന്റെ ചൂട് നന്നായി അറിഞ്ഞു.

നാല് ഓവറെറിഞ്ഞ സിൽവസ്റ്റർ ഡിസൂസ 56 റൺസ് വഴങ്ങിയപ്പോൾ ഇന്ത്യൻ താരങ്ങളായ ശിവം ദുബെ 40 റൺസും സന്ദീപ് ശർമ 37 റൺസും വഴങ്ങി. മറുപടി ബാറ്റിങ്ങിൽ ബിപിസിൽ ഇന്നിങ്സ് 134 റൺസിൽ അവസാനിച്ചതോടെ റിലയൻസ് വൺ 104 റൺസിന്റെ തകർപ്പൻ ജയവും സ്വന്തമാക്കി.

ശസ്ത്രക്രിയക്ക് ശേഷം ഡിവൈ പട്ടീൽ ടി20 കപ്പിലൂടെ മത്സരങ്ങളിലേക്ക് മടങ്ങിയെത്തിയ താരം ഇതുവരെ പായിച്ചത് ആറ് ഫോറും 20 സിക്സുമാണ്. ആർസിപിക്കെതിരെ 39 പന്തിൽ 105 റൺസായിരുന്നു താരം സ്വന്തമാക്കിയത്. പ്രകടനത്തോടെ ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിൽ താരം മടങ്ങിയെത്താനുള്ള സാധ്യതകളും സജീവമാക്കി.

അതേസമയം പരുക്കിൽനിന്ന് മുക്തനായി മടങ്ങിയെത്താൻ ശ്രമിക്കുന്ന ഓപ്പണർ ശിഖർ ധവാന് മത്സരത്തിൽ മൂന്ന് റൺസ് നേടാനേ സാധിച്ചുള്ളൂ. റിലയൻസ് വണ്ണിന്റെ തന്നെ താരമാണ് ധവാനും. ടീമിലെ മറ്റൊരു താരവും ഇന്ത്യൻ പേസറുമായ ഭുവനേശ്വർ കുമാർ ഒരു വിക്കറ്റ് സ്വന്തമാക്കി. ബോളിങ്ങിലും പാണ്ഡ്യ മികവ് പുലർത്തി. ഒരു ഓവറിൽ ആറു റൺസ് വഴങ്ങി പാണ്ഡ്യ ഒരു വിക്കറ്റ് വീഴ്ത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook