ബംഗളൂരു: ഇന്ത്യൻ ഓൾ റൗണ്ടർ ഹർദിക് പാണ്ഡ്യയുടെ കൂറ്റനടി യുവാവിന്‍റെ മുഖം തകർത്തു. ഓസ്ട്രേലിയയ്ക്കെതിരായ നാലാം ഏകദിന മത്സരത്തിനിടെയാണ് സംഭവം. ഹർദിക് പാണ്ഡ്യയുടെ കൂറ്റൻ സിക്സർ യുവാവിന്‍റെ മുഖത്ത് പതിക്കുകയായിരുന്നു. ചിന്നസ്വാമി സ്റ്റേഡിയത്തിന്‍റെ ഒന്നാം പവലിയനിൽ ഇരുന്ന് മത്സരം കാണുകയായിരുന്ന ടോസിറ്റ് അഗർവാൾ (24) എന്ന യുവാവിന്‍റെ മുഖമാണ് തകർന്നത്. പന്ത് മുഖത്തു കൊണ്ട് യുവാവിന്‍റെ ചുണ്ടും പല്ലുകളും തകർന്നു.

സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയിലെ ജീവനക്കാരനായിരുന്ന ടോസിറ്റ് കോംപ്ലിമെന്‍ററി പാസ് നേടിയാണ് മത്സരം കാണാൻ എത്തിയത്. കീഴ്ചുണ്ടിന്‍റെ താഴെയായി മൂന്ന് സെന്‍റിമീറ്റർ ആഴത്തിൽ മുറിവേറ്റ യുവാവ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

പാണ്ഡ്യയുടെ സിക്സറിന്‍റെ ദിശ യുവാവ് മനസിലാക്കിയെങ്കിലും പന്ത് വന്നപ്പോൾ ഒഴിഞ്ഞ് മാറാൻ സാധിച്ചില്ല. ഇതോടെ നേരെ മുഖത്ത് പന്ത് പതിക്കുകയായിരുന്നു. യുവാവിന്‍റെ പരിക്ക് സാരമുള്ളതാണെങ്കിലും ആശങ്കപ്പെടാൻ ഒന്നുമില്ലെന്ന് ഡോക്ടർമാർ അറിയിച്ചു.

കഴിഞ്ഞ ഫെബ്രുവരിയിൽ സുരേഷ് റെയ്നയുടെ സിക്സർ ദേഹത്ത് പതിച്ച് സതീഷ് എന്ന ആറ് വയസുകാരനായ കുട്ടിക്ക് പരിക്കേറ്റിരുന്നു. ഇംഗ്ലണ്ടിനെതിരായ ട്വന്‍റി-20 മത്സരത്തിനിടെയാണ് ഈ സംഭവമുണ്ടായത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ