ഫീൽഡിങ്ങിലും ബാറ്റിങ്ങിലും ക്രിക്കറ്റ് ലോകത്തെ പലതവണ അദ്ഭുതപ്പെടുത്തിയിട്ടുളള കളിക്കാരനാണ് ഹാർദിക് പാണ്ഡ്യ. എന്നാൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ പാണ്ഡ്യ കാട്ടിയ മണ്ടത്തരം ഇന്ത്യയ്ക്ക് നഷ്ടപ്പെടുത്തിയത് ഒരു വിക്കറ്റാണ്. വിരാട് കോഹ്‌ലിക്കൊപ്പം മികച്ചൊരു കൂട്ടുകെട്ട് പ്രതീക്ഷിച്ച ഇന്ത്യൻ ആരാധകരുടെ പ്രതീക്ഷകളാണ് പാണ്ഡ്യയുടെ വിക്കറ്റ് വീണതോടെ അവസാനിച്ചത്.

പാണ്ഡ്യയെ കൂട്ടുപിടിച്ച് ഇന്ത്യയെ മുന്നോട്ടു നയിക്കുകയായിരുന്നു കോഹ്‌ലി. ഇതിനിടയിൽ കോഹ്‌ലി സെഞ്ചുറി നേടുകയും ചെയ്തു. എന്നാൽ തൊട്ടടുത്ത ഓവറിൽ ഹാർദിക് പാണ്ഡ്യ റൺഔട്ടായി. 67-ാം ഓവറിൽ റബാദയുടെ ആദ്യ ബോൾ നേരിട്ടത് പാണ്ഡ്യയായിരുന്നു. പാണ്ഡ്യ റണ്ണിനായി ഓടിയെങ്കിലും കോഹ്‌ലി ക്രീസിലേക്ക് മടങ്ങിപ്പോകാൻ നിർദേശം നൽകി. പാണ്ഡ്യ ഓടി ക്രീസിലെത്തിലെത്തിയെങ്കിലും വെർണോൺ ഫിലാൻഡറിന്റെ കൈകളിലെത്തിയ ബോൾ സ്റ്റംപിനുനേർക്ക് എത്തുകയും കുറ്റി തെറിക്കുകയും ചെയ്തു. അപ്പോഴാണ് മറ്റൊരു കാര്യം ശ്രദ്ധിച്ചത്. പാണ്ഡ്യയുടെ കാലോ ബാറ്റോ ക്രീസിൽ തൊട്ടില്ലായിരുന്നു.

ഇതു മനസ്സിലാക്കാതെ സ്റ്റംപിൽ തട്ടിയ ബോൾ ദൂരേക്ക് പോയപ്പോൾ പാണ്ഡ്യ അടുത്ത റൺസിനായി ഓടുകയും ചെയ്തു. അപ്പോഴേക്കും ദക്ഷിണാഫ്രിക്കൻ താരങ്ങൾ അപ്പീൽ നൽകി. റീപ്ലേകളിൽ പാണ്ഡ്യയുടേത് വിക്കറ്റാണെന്ന് തെളിഞ്ഞു. പാണ്ഡ്യ ക്രീസിൽ ബാറ്റ് കൊണ്ട് ഒന്നു തൊട്ടിരുന്നുവെങ്കിൽ ഇന്ത്യയ്ക്ക് വിലപ്പെട്ട ഒരു വിക്കറ്റ് നഷ്ടമാകില്ലായിരുന്നു.

പാണ്ഡ്യയുടേത് മാപ്പർഹിക്കാത്ത തെറ്റാണെന്നായിരുന്നു കമന്ററി ബോക്സിലിരുന്ന സുനിൽ ഗവാസ്കർ പറഞ്ഞത്. ഇംഗ്ലണ്ടിന്റെ ഓൾ റൗണ്ടർ ബെൻ സ്റ്റോക്ക്സിനും ഇതേ മണ്ടത്തരം കാട്ടിയിട്ടുണ്ട്. സ്റ്റോക്സ് കാട്ടിയ മണ്ടത്തരമാണ് പാണ്ഡ്യയും കാട്ടിയതെന്നാണ് ആരാധകർ പറയുന്നത്.

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ പാണ്ഡ്യയാണ് ഇന്ത്യയെ നാണക്കേടിൽനിന്നും കരകയറ്റിയത്. പാണ്ഡ്യ നേടിയ 93 റൺസിന് ഇന്ത്യയ്ക്ക് വലിയ മുതൽക്കൂട്ടായിരുന്നു. രണ്ടാം ടെസ്റ്റിൽ പാണ്ഡ്യ കാട്ടിയത് മണ്ടത്തരമാണെന്നും അംഗീകരിക്കാനാവാത്തതും ആണെന്നാണ് ആരാധകരുടെ അഭിപ്രായം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ