ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ഹാർദിക് പാണ്ഡ്യയുടെ റൺഔട്ട് തന്നെ അതിശയപ്പെടുത്തിയെന്ന് മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ ഇയാൻ ചാപ്പൽ. കളിയിലെ ബാലപാഠം പോലും മനസ്സിലാക്കാതെയാണ് പാണ്ഡ്യ റൺഔട്ട് ആയത്. റണ്ണിനായി ഓടുമ്പോൾ ബാറ്റ് എപ്പോഴും തറയിൽ തൊടണമെന്നത് ഒരു ബാറ്റ്സ്മാൻ മനസ്സിലാക്കേണ്ട ബാലപാഠമാണ്. പാണ്ഡ്യയോട് കോച്ച് ആദ്യം പറഞ്ഞു കൊടുത്ത ഒരു കാര്യവും ഇതായിരിക്കുമെന്ന് ഇയാൻ ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു.

ഇന്ന് നിരവധി കോച്ചുകൾ ഉണ്ട്. അവരൊന്നും ബാറ്റ്സ്മാന്മാർക്ക് മൽസരത്തിലെ ബാല പാഠങ്ങൾ പോലും പറഞ്ഞു കൊടുക്കുന്നില്ലേ? ഞാനൊക്കെ കളിക്കുന്ന സമയത്ത് ഒരുപാട് കോച്ചുകളൊന്നും ഉണ്ടായിട്ടില്ല. പക്ഷേ എനിക്കൊരു നല്ല കോച്ചിനെയാണ് കിട്ടിയത്. അദ്ദേഹം ഒരു മൽസരത്തിൽ അറിഞ്ഞിരിക്കേണ്ട ചില അടിസ്ഥാന കാര്യങ്ങൾ പറഞ്ഞുതരാൻ ഒരിക്കലും മറന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പാണ്ഡ്യ കാട്ടിയത് അലസതയോ അല്ലെങ്കിൽ അഹങ്കാരമോ, എന്തുവേണമെങ്കിലും നിങ്ങൾക്ക് വിളിക്കാം, ഒരിക്കലും അത് ക്ഷമിക്കാനാവില്ല. കോച്ച് പറഞ്ഞുകൊടുത്ത ബാലപാഠം മറന്നതുകൊണ്ടാണ് പാണ്ഡ്യയ്ക്ക് പവലിയനിലേക്ക് മടങ്ങേണ്ടി വന്നതെന്നും ഇയാൻ പറഞ്ഞു.

Read More: ഹാർദിക് പാണ്ഡ്യയുടേത് മാപ്പർഹിക്കാത്ത തെറ്റെന്ന് ഗവാസ്കർ; കാട്ടിയത് ബെൻ സ്റ്റോക്സിന്റെ മണ്ടത്തരമെന്ന് ആരാധകർ

സെഞ്ചൂറിയൻ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ 67-ാം ഓവറിൽ റബാദയുടെ ബോളിലായിരുന്നു പാണ്ഡ്യ റൺഔട്ട് ആയത്. റബാദയുടെ ബോൾ നേരിട്ട പാണ്ഡ്യ റണ്ണിനായി ഓടിയെങ്കിലും കോഹ്‌ലി ക്രീസിലേക്ക് മടങ്ങിപ്പോകാൻ നിർദേശം നൽകി. പാണ്ഡ്യ ഓടി ക്രീസിലെത്തിലെത്തിയെങ്കിലും വെർണോൺ ഫിലാൻഡറിന്റെ കൈകളിലെത്തിയ ബോൾ സ്റ്റംപിനുനേർക്ക് എത്തുകയും കുറ്റി തെറിക്കുകയും ചെയ്തു. അപ്പോഴാണ് മറ്റൊരു കാര്യം ശ്രദ്ധിച്ചത്. പാണ്ഡ്യയുടെ കാലോ ബാറ്റോ ക്രീസിൽ തൊട്ടില്ലായിരുന്നു.

ഇതു മനസ്സിലാക്കാതെ സ്റ്റംപിൽ തട്ടിയ ബോൾ ദൂരേക്ക് പോയപ്പോൾ പാണ്ഡ്യ അടുത്ത റൺസിനായി ഓടുകയും ചെയ്തു. അപ്പോഴേക്കും ദക്ഷിണാഫ്രിക്കൻ താരങ്ങൾ അപ്പീൽ നൽകി. റീപ്ലേകളിൽ പാണ്ഡ്യയുടേത് വിക്കറ്റാണെന്ന് തെളിയുകയും ചെയ്തു. പാണ്ഡ്യയുടെ റൺഔട്ടിനെ വിമർശിച്ച് സുനിൽ ഗവാസ്കർ അടക്കം രംഗത്ത് വന്നിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook