ദുബായ്: ഏഷ്യാ കപ്പില്‍ പാക്കിസ്ഥാനെതിരായ മത്സരത്തിനിടെ പരുക്കേറ്റ ഓള്‍റൗണ്ടര്‍ ഹാർദ്ദിക് പാണ്ഡ്യയ്ക്ക് ഇനിയുള്ള മത്സരങ്ങള്‍ നഷ്ടമാകും. പകരം ദീപക് ചഹാറിനെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. മത്സരത്തിനിടെ പരുക്കേറ്റ പാണ്ഡ്യ സ്ട്രെച്ചറിലായിരുന്നു മൈതാനം വിട്ടത്.

പരുക്ക് ഗുരുതരമല്ലെന്ന് മാനേജ്മെന്റ് അറിയിച്ചിരുന്നെങ്കിലും താരത്തിന് വിശ്രമം വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്. പരുക്ക് പൂര്‍ണ്ണമായി ഭേദമായില്ലെങ്കില്‍ ചഹാറിന് അവസരം നല്‍കാനാണ് സാധ്യത. അങ്ങനെയാണെങ്കില്‍ യുവതാരത്തിന്റെ ആദ്യ രാജ്യാന്തര ഏകദിനമായിരിക്കും ബംഗ്ലാദേശിനെതിരായ മത്സരം. നേരത്തെ ഇംഗ്ലണ്ടിനെതിരായ അവസാന ടി-20 യില്‍ ചഹാര്‍ കളിച്ചിരുന്നു.

അതേസമയം ഏഷ്യാകപ്പ് ലക്ഷ്യമിട്ട് ഇറങ്ങുന്ന ഇന്ത്യയ്ക്ക് പാണ്ഡ്യയുടെ അഭാവം സാരമായി ബാധിക്കും. വെള്ളിയാഴ്ചയാണ് ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ മത്സരം. 3 മത്സരങ്ങളാണ് സൂപ്പര്‍ 4 സ്റ്റേജില്‍ ഇന്ത്യ കളിക്കുന്നത്. ഇന്നലെ നടന്ന മത്സരത്തില്‍ 8 വിക്കറ്റിനായിരുന്നു ഇന്ത്യ പാക്കിസ്ഥാനെ തകര്‍ത്തത്.

പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 163 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ വെറും രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ അര്‍ദ്ധ സെഞ്ചുറിയാണ് ഇന്ത്യന്‍ ഇന്നിങ്‌സിന് കരുത്തായത്. ഇന്ത്യയ്ക്ക് വേണ്ടി ഭുവനേശ്വര്‍ കുമാര്‍, കേദാര്‍ ജാദവ് എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി.

രോഹിത് ശര്‍മ്മ 39 പന്തില്‍ 51 റണ്‍സെടുത്തു. 56 പന്ത് നേരിട്ട ശിഖര്‍ ധവാന്‍ 46 റണ്‍സുമായി മടങ്ങി. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാനെ തുടക്കത്തില്‍ തന്നെ ഭുവനേശ്വര്‍ കുമാര്‍ ഞെട്ടിച്ചു. നേരിട്ട ഏഴാം പന്തില്‍ രണ്ട് റണ്‍സുമായി ഇമാം ഉള്‍ ഹഖാണ് ആദ്യം ഭുവിക്ക് മുന്നില്‍ വീണത്. പിന്നാലെ 9 പന്ത് നേരിട്ട ഫഖര്‍ സമാന്‍ റണ്ണൊന്നുമെടുക്കാതെ ഭുവിക്ക് വിക്കറ്റ് നല്‍കി മടങ്ങി.

എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഷൊയ്ബ് മാലിക്കും ബാബര്‍ അസമും ചേര്‍ന്നുളള കൂട്ടുകെട്ട് പാക്കിസ്ഥാന്റെ രക്ഷാപ്രവര്‍ത്തനം ഏറ്റെടുത്തു. 62 പന്തില്‍ 47 റണ്‍സെടുത്ത ബാബര്‍ അസമിന്റെ വിക്കറ്റ് വീഴ്ത്തി കേദാര്‍ ജാദവാണ് ഇന്ത്യയെ വീണ്ടും മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook