മുംബൈ: ബിസിസിഐയുടെ കാരണം കാണിക്കല്‍ നോട്ടീസിന് ഹാർദിക് പാണ്ഡ്യ മറുപടി നല്‍കി. ചാനല്‍ അഭിമുഖത്തിനിടെ നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളില്‍ ആത്മാര്‍ത്ഥമായി ഖേദിക്കുന്നുവെന്നും തെറ്റാണെന്ന് അറിയാതെയാണ് പറഞ്ഞതെന്നും പാണ്ഡ്യ പറയുന്നു.

”പ്രേക്ഷകരുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതും അപമാനിക്കുന്നതുമാണെന്ന് തിരിച്ചറിയാതെയിരുന്നു എന്റെ പ്രസ്താവനകള്‍. അതില്‍ ആത്മാര്‍ഥമായി ഞാന്‍ ഖേദിക്കുന്നു. സമൂഹത്തിലെ ഏതെങ്കിലും ഒരു വിഭാഗത്തെ മോശമായി ചിത്രീകരിക്കാനോ അപമാനിക്കാനോയുള്ള ദുരുദ്ദേശ്യം എനിക്കുണ്ടായിരുന്നില്ല. പരിപാടിയുടെ ഒഴുക്കിന് അനുസരിച്ച് പ്രതികരിക്കുകയായിരുന്നു. എന്റെ പ്രസ്താവന എത്രമാത്രം അപകടകരമാണെന്ന് തിരിച്ചറിഞ്ഞില്ല” പാണ്ഡ്യ വിശദീകരണ കുറിപ്പില്‍ പറയുന്നു. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഇനി താന്‍ ആവര്‍ത്തിക്കില്ലെന്നും പാണ്ഡ്യ ബിസിസിഐയെ അറിയിച്ചിട്ടുണ്ട്.

പ്രശസ്ത സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹര്‍ അവതരിപ്പിക്കുന്ന ‘കോഫി വിത്ത് കരണ്‍’ പരിപാടിയിലായിരുന്നു പാണ്ഡ്യ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയത്. ഇന്ത്യന്‍ ടീമിലെ സഹതാരമായ കെ.എല്‍.രാഹുലും പരിപാടിയില്‍ പാണ്ഡ്യയ്‌ക്കൊപ്പമുണ്ടായിരുന്നു. രണ്ടു പേരുടേയും സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയിലടക്കം വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെയാണ് ബിസിസിഐ നടപടി സ്വീകരിച്ചത്.

വിവാദത്തെ കുറിച്ച് ഇന്ത്യന്‍ ടീം പരിശീലകന്‍ രവി ശാസ്ത്രിയുമായും മുതിര്‍ന്ന താരങ്ങളുമായും പാണ്ഡ്യ സംസാരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓസ്‌ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കായി സിഡ്‌നിയിലാണ് പാണ്ഡ്യ ഇപ്പോഴുള്ളത്. സിഡ്‌നിയിലാണ് പരമ്പരയിലെ ആദ്യ മത്സരം. പരുക്കിന്റെ പിടിയില്‍ നിന്നും തിരികെ വരുന്നതിനിടെയാണ് പാണ്ഡ്യയെ തേടി വിവാദമെത്തുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook