കോവിഡിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ നടത്തിപ്പ് തന്നെ അനിശ്ചിതത്വത്തിലാണ്. മാർച്ച് 29ന് ആരംഭിച്ച് മേയ് 24ന് അവസാനിക്കേണ്ടിയിരുന്ന ടൂർണമെന്റ് നിലവിൽ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ബിസിസിഐ റദ്ദാക്കിയിരിക്കുകയാണ്. ലോക്ക്ഡൗൺ ഇളവുകൾ നിലവിൽ വന്ന് തുടങ്ങിയതോടെ വൈകാതെ തന്നെ ടൂർണമെന്റ് സംഘടിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് ആരാധകരും സംഘാടകരും.

അതേസമയം, ലോക്ക്ഡൗണിനിടയിലും താരങ്ങളും ക്ലബ്ബുകളും സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു. പലരും വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ അവരുടെ പ്രിയപ്പെട്ടതും മികച്ചതുമായ ടീമുകളെയും തിരഞ്ഞെടുത്തു. ലോക്ക്ഡൗണിന്റെ അവസാന ഘട്ടത്തിൽ അത്തരമൊരു തിരഞ്ഞെടുപ്പ് നടത്തിയിരിക്കുകയാണ് ഇന്ത്യൻ താരം ഹാർദിക് പാണ്ഡ്യ. താനുൾപ്പെടുന്ന എക്കാലത്തെയും മികച്ച ഐപിഎൽ ടീമിനെ തിരഞ്ഞെടുത്ത താരം എന്നാൽ നായകസ്ഥാനത്തേക്ക് മുംബൈ നായകൻ കൂടിയായ രോഹിത്തിന് പകരം എം.എസ്.ധോണിയെയാണ് തിരഞ്ഞെടുത്തത്.

Also Read: ശ്രീശാന്ത് തിരിച്ചുവരണം, ടീമിലേക്കു പരിഗണിക്കും: ടിനു യോഹന്നാന്‍

രണ്ട് വെടിക്കെട്ട് താരങ്ങളാണ് പാണ്ഡ്യയുടെ ടീമിലെ ഓപ്പണർമാർ, വിൻഡീസ് താരം ക്രിസ് ഗെയ്‌ലും ഇന്ത്യൻ ഓപ്പണർ രോഹിത് ശർമയും. മൂന്നാം നമ്പരിൽ യാതൊരു സംശയവുമില്ലാതെ പാണ്ഡ്യ കോഹ്‌ലിയെ തിരഞ്ഞെടുത്തപ്പോൾ മധ്യനിരയുടെ ചുമതല ഫീൽഡിങ്ങിലും മിന്നും പ്രകടനം പുറത്തെടുക്കുന്ന ദക്ഷിണാഫ്രിക്കൻ താരം എബി ഡിവില്ലിയേഴ്സിനും ഇന്ത്യൻ താരം സുരേഷ് റെയ്നയ്ക്കുമാണ്.

Also Read: കറുത്തവനായതിനാൽ ഞാനും തഴയപ്പെട്ടു; ക്രിക്കറ്റിലും വംശീയതയുണ്ടെന്ന വെളിപ്പെടുത്തലുമായി ക്രിസ് ഗെയ്ൽ

എം.എസ്.ധോണിയാണ് ടീമിലെ വിക്കറ്റ് കീപ്പറും നായകനും. ടീമിലെ ഏക ഓൾറൗണ്ടർ പാണ്ഡ്യ തന്നെ. രണ്ട് വീതം സ്‌പിന്നർമാരെയും പേസർമാരെയും ഉൾപ്പെടുത്തിയാണ് പാണ്ഡ്യ ടീമിനെ തിരഞ്ഞെടുത്തിരിക്കുന്നത്. സുനിൽ നരെയ്നും റാഷിദ് ഖാനുമാണ് സ്പിന്നർമാർ. പേസർമാരാകട്ടെ മുംബൈ താരങ്ങളായ ജസ്പ്രീത് ബുംറയും ലസിത് മലിംഗയും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook