സ്വകാര്യ ടെലിവിഷന്‍ ചാനലില്‍ അശ്ലീല പരാമര്‍ശം നടത്തി വിവാദത്തില്‍ പെട്ടതിന് ശേഷം ആദ്യമായി ഹാര്‍ദിക് പാണ്ഡ്യ പൊതുവിടത്ത് പ്രത്യക്ഷപ്പെട്ടു. ശനിയാഴ്ച മുംബൈയിലെ ഛത്രപതി ശിവജി രാജ്യാന്തര വിമാനത്താവളത്തിലാണ് അദ്ദേഹം എത്തിയത്. സഹോദരനും ഇന്ത്യൻ ക്രിക്കറ്റ് ടീം സഹ അംഗവുമായ ക്രുണാലിന്റെ കൂടെയാണ് പാണ്ഡ്യ വിമാനത്താവളത്തിലെത്തിയത്.

ഓസ്‌ട്രേലിയയില്‍ നിന്നും പാണ്ഡ്യയെയും കെ.എല്‍.രാഹുലിനെയും ബിസിസിഐ തിരിച്ചുവിളിച്ചിരുന്നു. നാട്ടിലെത്തിയശേഷം വീട്ടിനുള്ളില്‍നിന്നും മകന്‍ പുറത്തിറങ്ങിയിട്ടില്ലെന്നും മകന്‍ മാനസികമായി തകര്‍ന്ന നിലയിലാണെന്നും പാണ്ഡ്യയുടെ പിതാവ് ഹിമാംശു കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള മത്സരം വീട്ടിലിരുന്നാണ് പാണ്ഡ്യ കണ്ടത്. ആരുടെയും ഫോണ്‍ കോളുകള്‍ എടുക്കുന്നുമില്ല. പൂര്‍ണ വിശ്രമത്തിലാണ് മകനെന്നും ഹിമാംശു വ്യക്തമാക്കി.

ഗുജറാത്തില്‍ ഇത് ആഘോഷ ദിവസങ്ങളാണ്. എന്നാല്‍, പാണ്ഡ്യ പുറത്തിറങ്ങുകയോ ആഘോഷങ്ങളില്‍ പങ്കെടുക്കുകയോ ചെയ്തിട്ടില്ല. പട്ടം പറത്തുന്നതില്‍ വലിയ ഉത്സാഹിയായ മകന്‍ ഇത്തവണ തീര്‍ത്തും നിശബ്ദനാണെന്ന് പിതാവ് പറഞ്ഞു.

‘ടിവി ഷോയിലെ സംഭവത്തില്‍ സസ്‌പെന്‍ഷല്‍ ലഭിച്ചതില്‍ അവന്‍ വലിയ നിരാശയിലാണ്. ഇനി ഒരിക്കലും അത്തരത്തിലൊരു തെറ്റ് ചെയ്യില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ആ വിഷയത്തില്‍ മകനോട് സംസാരിക്കേണ്ടെന്ന് തങ്ങളും തീരുമാനിച്ചു. സഹോദരന്‍ ക്രുണാല്‍ പോലും അതേക്കുറിച്ച് സംസാരിച്ചിട്ടില്ല. ബിസിസിഐയുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ടെലിവിഷന്‍ ചാനലിലെ അശ്ലീല പരാമര്‍ശത്തെ തുടര്‍ന്ന് ഹാര്‍ദിക് പാണ്ഡ്യയെ മുംബൈയിലെ പ്രമുഖ സ്‌പോര്‍ട്‌സ് ക്ലബ്ബായ ഖര്‍ ജിംഖാനയില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്. പ്രമുഖ കായിക താരങ്ങള്‍ക്ക് ബഹുമതിയായി നല്‍കുന്ന അംഗത്വമാണിത്. പാണ്ഡ്യയ്ക്ക് നേരത്തെ മൂന്നുവര്‍ഷത്തേക്ക് അംഗത്വം നല്‍കിയിരുന്നു. അഭിമുഖം വിവാദമായതോടെ മാനേജിങ് കമ്മിറ്റി യോഗം ചേരുകയും പാണ്ഡ്യയെ പുറത്താക്കാനുള്ള തീരുമാനമെടുക്കുകയുമായിരുന്നു.

വിവാദ പരാമര്‍ശത്തില്‍ കെ.എല്‍.രാഹുലും പാണ്ഡ്യയും ബിസിസിഐയോട് ക്ഷമാപണം നടത്തിയിട്ടുണ്ട്. ഇരുവര്‍ക്കും നല്‍കിയ കാരണം കാണിക്കല്‍ മറുപടിയിലാണ് നിരുപാധികം മാപ്പു പറഞ്ഞത്. ഓസ്‌ട്രേലിയയില്‍ ഏകദിന പരമ്പരയ്ക്ക് ഒരുങ്ങുന്നതിനിടെ ഇരുവരോടും നാട്ടിലേക്ക് മടങ്ങാന്‍ ബിസിസിഐ നിര്‍ദ്ദേശിച്ചിരുന്നു. കരണ്‍ ജോഹറിന്റെ ‘കോഫി വിത്ത് കരണ്‍’ എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് പാണ്ഡ്യയും രാഹുലും മോശം പരാമര്‍ശങ്ങള്‍ നടത്തിയത്.

നൈറ്റ് പാര്‍ട്ടികളിലെ സ്ത്രീകളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതിനെക്കുറിച്ചും അത് മാതാപിതാക്കളോട് പറഞ്ഞതിനെക്കുറിച്ചുമെല്ലാം പാണ്ഡ്യ പരിപാടിയില്‍ കരണ്‍ ജോഹറിന്റെ ചോദ്യത്തിന് മറുപടിയായി വെളിപ്പെടുത്തിയിരുന്നു. നിന്റെ ആള് കൊള്ളാമോ ആരാണത് എന്നാണ് വീട്ടുകാര്‍ തന്നോട് ചോദിച്ചതെന്നും താരം പറഞ്ഞു. സ്ത്രീകളെ പാണ്ഡ്യ മോശമായി ചിത്രീകരിക്കുകയും ചെയ്തു.

നൈറ്റ് പാര്‍ട്ടികളില്‍ ഒരേ സ്ത്രീയെ രണ്ടുപേര്‍ ഇഷ്ടപ്പെട്ടാല്‍ എങ്ങിനെയെന്ന ചോദ്യത്തിന് പാണ്ഡ്യക്കൊപ്പം കെ.എല്‍.രാഹുലും പ്രതികരിച്ചു. സോഷ്യല്‍ മീഡിയയിലും മറ്റും ഇതിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നതോടെയാണ് താരം ഖേദപ്രകടനം നടത്തിയത്. ഇരുവര്‍ക്കുമെതിരെ അച്ചടക്ക നടപടി ആവശ്യമാണെന്ന് ബിസിസിഐയില്‍ ആവശ്യം ഉയര്‍ന്നു. ഇതേതുടര്‍ന്നാണ് ഇപ്പോഴത്തെ സസ്‌പെന്‍ഷന്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook