മുംബൈ: ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ നിന്നും അമ്പട്ടി റായിഡുവിനെ ഒഴിവാക്കി പകരം വിജയ് ശങ്കറെ ഉള്‍പ്പെടുത്തിയത് ക്രിക്കറ്റ് ലോകത്ത് വന്‍ ചര്‍ച്ചയായിരുന്നു. റായിഡുവിനെ ടീമിലെടുക്കാത്തതിനെതിരെ പ്രമുഖരടക്കം രംഗത്തെത്തുകയും ചെയ്തിരുന്നു. തീരുമാനത്തിനെതിരെ റായിഡുവും പരസ്യമായി രംഗത്തെത്തുകയുണ്ടായി.
വിജയ് ശങ്കര്‍ ത്രീ ഡൈമെന്‍ഷനല്‍ പ്ലെയര്‍ ആണെന്ന മുഖ്യ സെലക്ടര്‍ എംഎസ്‌കെ പ്രസാദിന്റെ പ്രസ്താവനയെ പരിഹസിച്ചാണ് റായിഡു രംഗത്തെത്തിയത്. ലോകകപ്പ് കാണാനായി താനൊരു ത്രിഡി കണ്ണടയ്ക്ക് ഓര്‍ഡര്‍ കൊടുത്തിട്ടുണ്ടെന്നായിരുന്നു റായിഡുവിന്റെ പരിഹാസം.
റായിഡുവിന്റെ പുറത്താകലും പ്രതികരണവുമെല്ലാം വിവാദമായി മാറിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ടീമിനുള്ളിലും അഭിപ്രായ ഭിന്നത നിലനില്‍ക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്നതാണ് പുതിയ സംഭവ വികാസങ്ങള്‍. ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യ റായിഡുവിന്റെ ട്വീറ്റ് ലൈക്ക് ചെയ്ത സംഭവമാണ് ഇതിലേക്കുള്ള ചൂണ്ട് പലകയാവുന്നത്.
അതേസമയം, വിജയ് ശങ്കറിനെയാണോ അതോ കെഎല്‍ രാഹുലിനെയാണോ ഇന്ത്യ നാലാമനായി ഇറക്കുക എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. നിലവിലെ സാഹചര്യവും വിജയ് ശങ്കറിന്റെ പരിചയക്കുറവും കണക്കിലെടുക്കുമ്പോള്‍ നാലാമനായി ഇറക്കാന്‍ സാധ്യത കുറവാണെന്നാണ് വിലയിരുത്തപ്പെടുന്നത്.