ഹാർദിക്കിന്റെയും രാഹുലിന്റെയും സ്ത്രീവിരുദ്ധ പരാമർശം, പിന്തുണയ്ക്കാതെ വിരാട് കോഹ്‌ലി

ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ കരൺ ജോഹർ അവതാരകനായ ‘കോഫി വിത്ത് കരൺ’ ഷോയിലായിരുന്നു ഹാര്‍ദിക്കും രാഹുലും വിവാദമായ പ്രസ്താവനകള്‍ നടത്തിയത്

ടിവി ഷോയിലെ സ്ത്രീ വിരുദ്ധ പരാമർശത്തിന്റെ പേരിൽ വിവാദത്തിൽ അകപ്പെട്ടിരിക്കുകയാണ് ഇന്ത്യൻ താരങ്ങളായ ഹാർദിക് പാണ്ഡ്യയും കെ.എൽ.രാഹുലും. ഇരുവർക്കെതിരെയും ഇതിന്റെ പേരിൽ നടപടി ഉണ്ടായേക്കും. ഇരുവരെയും രണ്ടു മൽസരങ്ങളിൽനിന്നും വിലക്കണമെന്ന് ഇടക്കാല ഭരണസമിതി ചെയർമാൻ വിനോദ് റായ് നിർദ്ദേശിച്ചിട്ടുണ്ട്.

വിവാദ പ്രസ്താവന നടത്തിയ പാണ്ഡ്യയെയും രാഹുലിനെയും വിരാട് കോഹ്‌ലി തള്ളി. പാണ്ഡ്യയും രാഹുലും പറഞ്ഞതിനോട് യോജിക്കുന്നില്ലെന്നാണ് കോഹ്‌ലി പറഞ്ഞത്. ”കളിക്കാരുടെ ഭാഗത്തുനിന്നുമുള്ള ഇത്തരം അനാവശ്യ പരാമർശങ്ങളെ ഇന്ത്യൻ ടീം ഒരിക്കലും പിന്തുണയ്ക്കില്ല. ഇന്ത്യൻ ക്രിക്കറ്റ് ടീമും ഉത്തരവാദിത്തമുള്ള കളിക്കാരും അതിനോട് ഉറപ്പായും യോജിക്കില്ല. അത് തികച്ചും വ്യക്തിപരമായ അഭിപ്രായമാണ്,” ഏകദിന മത്സരങ്ങൾക്ക് മുന്നോടിയായി നടന്ന വാർത്താസമ്മേളനത്തിൽ കോഹ്‌ലി പറഞ്ഞു.

”കളിക്കാരുടെ ഭാഗത്തുനിന്നുമുണ്ടാകുന്ന ഇത്തരം പരാമർശങ്ങൾ ഒരിക്കലും പിന്തുണയ്ക്കില്ലെന്ന നിലപാടാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിനുള്ളത്. തെറ്റു പറ്റിയെന്ന് രണ്ടു പേർക്കും ഇപ്പോൾ മനസ്സിലായിട്ടുണ്ടാവും. ബിസിസിഐയുടെ തീരുമാനത്തിനായാണ് ഞങ്ങൾ കാത്തിരിക്കുന്നത്. അതിനുശേഷം ടീമിൽ മാറ്റങ്ങൾ വരുത്തും. കളിക്കാരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്ന ഇത്തരം പരാമർശങ്ങൾ തികച്ചും വ്യക്തിപരമാണ്. അതൊരിക്കലും ടീമിനെ ബാധിക്കില്ല. താരങ്ങൾ ഇത്തരം പരാമർശങ്ങളിൽനിന്നും വിട്ടുനിൽക്കണം,” കോഹ്‌ലി പറഞ്ഞു.

ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ കരൺ ജോഹർ അവതാരകനായ ‘കോഫി വിത്ത് കരൺ’ ഷോയിലായിരുന്നു ഹാര്‍ദിക്കും രാഹുലും വിവാദമായ പ്രസ്താവനകള്‍ നടത്തിയത്. പ്രത്യേകിച്ചും പാണ്ഡ്യയുടെ പ്രതികരണമാണ് ആരാധകര്‍ക്കിടയില്‍ പ്രതിഷേധമുണ്ടാക്കിയത്. തനിക്ക് അനേകം സ്ത്രീകളുമായി ബന്ധമുണ്ടെന്നും മറ്റുമുള്ള പാണ്ഡ്യയുടെ പ്രസ്താവനകളും സ്ത്രീകളോടുള്ള സമീപനവുമാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.

പ്രതിഷേധം കനത്തതോടെ പാണ്ഡ്യ മാപ്പ് ചോദിച്ച് രംഗത്തെത്തി. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു പാണ്ഡ്യയുടെ മാപ്പ് പറച്ചില്‍. തന്റെ വാക്കുകള്‍ ആരെയെങ്കിലും ഏതെങ്കിലും തരത്തില്‍ വേദനിപ്പിച്ചെങ്കില്‍ മാപ്പ് ചോദിക്കുന്നു. പരിപാടിയുടെ സ്വഭാവത്തിന് അനുസരിച്ചായിരുന്നു താന്‍ പെരുമാറിയത്. ആരുടേയും വികാരത്തേയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നുമായിരുന്നു പാണ്ഡ്യയുടെ വിശദീകരണം.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Hardik pandya kl rahul virat kohli

Next Story
‘നിങ്ങള്‍ എന്നെ വിവാഹം കഴിക്കുമോ?’; അവതാരകയുടെ കെണിയില്‍ പെടാതെ രക്ഷപ്പെട്ട ദ്രാവിഡിന്റെ പ്രതികരണം വൈറല്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com