ന്യൂഡല്‍ഹി: സ്ത്രീ വിരുദ്ധ പരാമർശത്തെ തുടർന്ന് സസ്പെൻഷനിലായ കെ.എല്‍ രാഹുലിനും ഹര്‍ദിക് പാണ്ഡ്യയ്ക്കും ആശ്വാസം. ഇരുവരുടേയും വിലക്ക് ബി.സി.സി.ഐയുടെ ഭരണസമിതി പിൻവലിച്ചു.

ഇരുവർക്കും അന്വേഷണ വിധേയമായി നൽകിയ ഇടക്കാല സസ്പെന്‍ഷന്‍ ഉത്തരവ് സമിതി പിന്‍വലിച്ചു. അമിക്കസ്ക്യൂരി പി.എസ് നരസിംഹയുമായി കൂടിക്കാഴ്ച്ച നടത്തിയതിന് ശേഷമാണ് ഭരണസമിതി തീരുമാനം കൈക്കൊണ്ടത്.

ഇത് സംബന്ധിച്ച് ബിസിസിഐ പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്. ബിസിസിഐ ഓംബുഡ്സ്മാന്‍ അന്തിമ തീര്‍പ്പ് ഉണ്ടാക്കുന്നത് വരെ താരങ്ങളുടെ സസ്പെന്‍ഷന്‍ നിലനില്‍ക്കില്ലെന്ന് ഭരണസമിതി വ്യക്തമാക്കി. അത്കൊണ്ട് തന്നെ ജനുവരി 11 ന് പുറത്തിറക്കിയ സസ്പെന്‍ഷന്‍ ഉത്തരവ് പിന്‍വലിക്കുകയായിരുന്നു.

ഭരണ സമിതി അംഗം ഡയാന എഡുൽജി സസ്പെൻഷൻ അംഗീകരിച്ചതോടെയാണ് ബി.സി.സി.ഐ അച്ചടക്ക നടപടി ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നത്. ഇരുവരോടും ബി.സി.സി.ഐ ഇടക്കാല ഭരണസമിതി വിശദീകരണം ചോദിച്ചിരുന്നു. വിശദീകരണത്തിൽ ഇടക്കാല ഭരണസമിതി തൃപ്തരായിരുന്നില്ല. തുടർന്ന് ഇരുവരേയും രണ്ട് ഏകദിനങ്ങളിൽ നിന്ന് സസ്‌പെൻഡ് ചെയ്യണമെന്ന് സമിതി ശുപാർശ ചെയ്തിരുന്നു. ബി.സി.സി.ഐയുമായി കരാറുള്ള താരങ്ങൾ ടി.വി ഷോയിൽ പങ്കെടുക്കുന്നതിന് മുൻകൂർ അനുമതി വാങ്ങണമെന്ന് നിബന്ധനയുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook