സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളെ തുടര്‍ന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ഹര്‍ദിക് പാണ്ഡ്യയും കെ.എല്‍ രാഹുലും നിരുപാധികം മാപ്പ് പറഞ്ഞു. താരങ്ങള്‍ക്ക് തിരുത്താനുളള അവസരം നല്‍കണമെന്നും ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിക്കുന്ന നടപടികള്‍ എടുക്കരുതെന്നും ബിസിസിഐയോട് ഭരണസമിതി ചെയര്‍മാന്‍ വിനോദ് റായ് ആവശ്യപ്പെട്ടു. താരങ്ങള്‍ ക്ഷമാപണം നടത്തിയെങ്കിലും പ്രത്യേക യോഗം വിളിക്കണമെന്നും ഓംബുഡ്സ്മാനെ നിയമിച്ച് അന്വേഷണം നടത്തണമെന്നാണും ബിസിസിഐ അംഗങ്ങള്‍ ആവശ്യപ്പെട്ടു. വിനോദ്​ റായ്​യുടെ നേതൃത്വത്തിൽ അന്വേഷണം വേണമെന്നാണ് ഭൂരിപക്ഷം പേരുടെയും​ ആവശ്യം.

ഇരുവരുടേയും പരാമർശങ്ങൾ വിവാദമായതോടെ വിശദീകരണം ആവശ്യപ്പെട്ട് ബി സി സി ഐ ഇരുവർക്കും കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു. ഇതേതുടർന്ന് പരസ്യമായി പാണ്ഡ്യ മാപ്പ് പറയുകയും ചെയ്തിരുന്നു. എന്നാൽ മാപ്പ് കൊണ്ട് അവസാനിക്കുന്നതല്ല വിഷയമെന്നാണ് ബിസിസിഐയുടെ നിലപാട്.

ഇരുവര്‍ക്കുമെതിരെ അന്വേഷണം പ്രഖ്യാപിച്ച ബിസിസിഐ അന്വേഷണം പൂര്‍ത്തിയാവുന്നതുവരെ സസ്പെന്‍ഡ് ചെയ്യാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. ബിസിസിഐയുടെതന്നെ സമിതിയോ ഓംബുഡ്സ്മാനോ ആയിരിക്കും ഇരുവര്‍ക്കുമെതിരെ അന്വേഷണം നടത്തുക. ഇരുവരേയും വിമര്‍ശിച്ച് ക്യാപ്റ്റൻ കോഹ്‍ലിയും രംഗത്ത് വന്നിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഭാഗത്ത് നിന്ന് നോക്കുകയാണെങ്കില്‍ പിന്തുണക്കാന്‍ പറ്റാത്ത അഭിപ്രായ പ്രകടനമാണ് അവരുടെ ഭാഗത്ത് നിന്നുണ്ടായതെന്നും കോഹ്‍ലി വിമർശിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook