ടിവി ഷോയിലെ സ്ത്രീ വിരുദ്ധ പരാമർശത്തിൽ ഹാർദിക് പാണ്ഡ്യയ്ക്കും കെ.എൽ.രാഹുലിനും 20 ലക്ഷം വീതം പിഴ വിധിച്ചു. ഓംബുഡ്സ്മാൻ ഡി.കെ.ജെയിൻ ആണ് പിഴ വിധിച്ചത്. 1 ലക്ഷം രൂപ വീതം കൊല്ലപ്പെട്ട 10 ജവാന്മാരുടെ കുടുംബത്തിനും ബാക്കി 10 ലക്ഷം ബ്ലൈൻഡ് ക്രിക്കറ്റ് അസോസിയേഷന് നൽകണമെന്നും ഓംബുഡ്സ്മാൻ നിർദേശിച്ചു. ഓർഡർ ലഭിച്ച് നാലാഴ്ചയ്ക്കകം പിഴ അടയ്ക്കണമെന്നാണ് താരങ്ങൾക്ക് നൽകിയിരിക്കുന്ന നിർദേശം.

ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ കരൺ ജോഹർ അവതാരകനായ ചാറ്റ് ഷോ കോഫി വിത്ത് കരണിലായിരുന്നു ഹാര്‍ദിക്കും രാഹുലും വിവാദമായ പ്രസ്താവനകള്‍ നടത്തിയത്. പ്രത്യേകിച്ചും പാണ്ഡ്യയുടെ പ്രതികരണമാണ് ആരാധകര്‍ക്കിടയില്‍ പ്രതിഷേധമുണ്ടാക്കിയത്. തനിക്ക് അനേകം സ്ത്രീകളുമായി ബന്ധമുണ്ടെന്നും മറ്റുമുള്ള പാണ്ഡ്യയുടെ പ്രസ്താവനകളും സ്ത്രീകളോടുള്ള സമീപനവുമാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.

Read: സ്ത്രീവിരുദ്ധ പരാമര്‍ശം: പ്രതിഷേധം കനത്തപ്പോള്‍ പരിപാടിയുടെ ‘സ്വഭാവ’ത്തെ പഴിചാരി പാണ്ഡ്യയുടെ മാപ്പ്

പ്രതിഷേധം കനത്തതോടെ പാണ്ഡ്യ മാപ്പ് ചോദിച്ച് രംഗത്തെത്തി. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു പാണ്ഡ്യയുടെ മാപ്പ് പറച്ചില്‍. തന്റെ വാക്കുകള്‍ ആരെയെങ്കിലും ഏതെങ്കിലും തരത്തില്‍ വേദനിപ്പിച്ചെങ്കില്‍ മാപ്പ് ചോദിക്കുന്നു. പരിപാടിയുടെ സ്വഭാവത്തിന് അനുസരിച്ചായിരുന്നു താന്‍ പെരുമാറിയത്. ആരുടേയും വികാരത്തേയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നുമായിരുന്നു പാണ്ഡ്യയുടെ വിശദീകരണം.

പാണ്ഡ്യ മാപ്പു പറഞ്ഞെങ്കിലും സംഭവത്തിൽ ബിസിസിഐ ഇരുവരോടും വിശദീകരണം ചോദിച്ചു. ബിസിസിഐയുടെ കാരണം കാണിക്കല്‍ നോട്ടീസിന് ഹാർദിക് പാണ്ഡ്യ നമറുപടി നൽകിയെങ്കിലും ഇത് അംഗീകരിക്കാതെ രാഹുലിനും പാണ്ഡ്യയ്ക്കും രണ്ടു മത്സരങ്ങളിൽ ബിസിസിഐ വിലക്കേർപ്പെടുത്തിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook