ജോധ്‌പൂർ: ടിവി ഷോയിലെ സ്ത്രീവിരുദ്ധ പരാമർശത്തിൽ ക്രിക്കറ്റ് താരങ്ങളായ ഹാർദിക് പാണ്ഡ്യ, കെ.എൽ.രാഹുൽ, ബോളിവുഡ് സംവിധായകൻ കരൺ ജോഹർ എന്നിവർക്കെതിരെ കേസെടുത്തു. ജോധ്പൂർ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പരാമർശത്തിന്റെ പേരിൽ ഹാർദിക്കിനെയും രാഹുലിനെയും ബിസിസിഐ സസ്പെൻഡ് ചെയ്തിരുന്നു. ജനുവരി 24 ന് വിലക്ക് നീങ്ങിയശേഷം പാണ്ഡ്യ ന്യൂസിലൻഡ് പര്യടനത്തിൽ ഇന്ത്യൻ ടീമിനൊപ്പം ചേരുകയും രാഹുൽ ഇംഗ്ലണ്ട് ലയൺസിനെതിരായ ഇന്ത്യ എ ടീമിൽ ഉൾപ്പെടുകയും ചെയ്തിരുന്നു.

ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ കരൺ ജോഹർ അവതാരകനായ ചാറ്റ് ഷോ കോഫി വിത്ത് കരണിലായിരുന്നു ഹാര്‍ദിക്കും രാഹുലും വിവാദമായ പ്രസ്താവനകള്‍ നടത്തിയത്. പ്രത്യേകിച്ചും പാണ്ഡ്യയുടെ പ്രതികരണമാണ് ആരാധകര്‍ക്കിടയില്‍ പ്രതിഷേധമുണ്ടാക്കിയത്. തനിക്ക് അനേകം സ്ത്രീകളുമായി ബന്ധമുണ്ടെന്നും മറ്റുമുള്ള പാണ്ഡ്യയുടെ പ്രസ്താവനകളും സ്ത്രീകളോടുള്ള സമീപനവുമാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.

പ്രതിഷേധം കനത്തതോടെ പാണ്ഡ്യ മാപ്പ് ചോദിച്ച് രംഗത്തെത്തി. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു പാണ്ഡ്യയുടെ മാപ്പ് പറച്ചില്‍. തന്റെ വാക്കുകള്‍ ആരെയെങ്കിലും ഏതെങ്കിലും തരത്തില്‍ വേദനിപ്പിച്ചെങ്കില്‍ മാപ്പ് ചോദിക്കുന്നു. പരിപാടിയുടെ സ്വഭാവത്തിന് അനുസരിച്ചായിരുന്നു താന്‍ പെരുമാറിയത്. ആരുടേയും വികാരത്തേയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നുമായിരുന്നു പാണ്ഡ്യയുടെ വിശദീകരണം.

പാണ്ഡ്യ മാപ്പു പറഞ്ഞെങ്കിലും സംഭവത്തിൽ ബിസിസിഐ ഇരുവരോടും വിശദീകരണം ചോദിച്ചു. സിഒഎ കമ്മിറ്റിയാണ് രണ്ട് താരങ്ങള്‍ക്കും നോട്ടീസ് നല്‍കിയത്. ചാനല്‍ അഭിമുഖത്തിനിടെ നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളില്‍ ആത്മാര്‍ത്ഥമായി ഖേദിക്കുന്നുവെന്നും തെറ്റാണെന്ന് അറിയാതെയാണ് പറഞ്ഞതെന്നുമായിരുന്നു ബിസിസിഐയുടെ കാരണം കാണിക്കല്‍ നോട്ടീസിന് ഹാർദിക് പാണ്ഡ്യ നൽകിയ മറുപടി. ഹാർദിക് പാണ്ഡ്യ മറുപടി നൽകിയെങ്കിലും ഇത് അംഗീകരിക്കാതെയാണ് രാഹുലിനും പാണ്ഡ്യയ്ക്കും രണ്ടു മത്സരങ്ങളിൽ ബിസിസിഐ വിലക്കേർപ്പെടുത്തിയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ