വെല്ലിങ്ടണ്‍: ന്യൂസിലാന്റിനെതിരായ അഞ്ചാം ഏകദിനത്തില്‍ ഇന്ത്യയുടെ മുന്‍നിര നേരത്തെ തന്നെ കൂടാരം കയറിയപ്പോള്‍ കളിയില്‍ പിടിച്ചു നിന്നതും കത്തിക്കയറിയതും മധ്യനിരയായിരുന്നു. ലോകകപ്പ് അടുത്ത് നില്‍ക്കെ ഇന്ത്യന്‍ മധ്യനിര പ്രതീക്ഷക്ക് ഒത്ത് ഉയരുന്നില്ല എന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് മധ്യനിര ഇന്ന് ഉണര്‍ന്നു കളിച്ചത്.

അമ്പാട്ടി റായിഡുവിന്റെ ചെറുത്തു നില്‍പ്പും അവസാന ഓവറുകളില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ വെടിക്കെട്ട് ബാറ്റിങുമാണ് ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. 22 പന്തുകളില്‍ നിന്നും 45 റണ്‍സുമായി വെടിക്കെട്ട് ബാറ്റിങാണ് പാണ്ഡ്യ പുറത്തെടുത്തത്. 252 റണ്‍സുമായാണ് ഇന്ത്യ കളി അവസാനിപ്പിച്ചത്. രണ്ട് ഫോറും അഞ്ച് സിക്‌സും പാണ്ഡ്യ അടിച്ചെടുത്തിരുന്നു. ഇതിലൊരു ഹാട്രിക്കും ഉള്‍പ്പെടും.

ടോഡ് അസില്‍ എറിഞ്ഞ 47ാം ഓവറിലായിരുന്നു പാണ്ഡ്യയുടെ ഹാട്രിക്ക് സിക്‌സുകള്‍ പിറന്നത്. കഴിഞ്ഞ നാല് ഓവറുകളില്‍ വെറും 17 റണ്‍സ് മാത്രമേ ടോഡ് വിട്ടു കൊടുത്തിരുന്നുള്ളൂ. എന്നാല്‍ പാണ്ഡ്യയുടെ മുന്നിലെത്തിയപ്പോള്‍ ആ കണക്കു കൂട്ടലുകളെല്ലാം പിഴച്ചു. 47ാം ഓവറിലെ രണ്ട്, മൂന്ന്, നാല് പന്തുകളാണ് പാണ്ഡ്യ അതിര്‍ത്തി കടത്തി വിട്ടത്. ഹാട്രിക്ക് സിക്‌സുകള്‍ നേടുന്നതില്‍ നേരത്തേയും കഴിഞ്ഞ് തെളിയിച്ചിട്ടുള്ള താരമാണ് പാണ്ഡ്യ.

അതേസമയം, ഇന്ത്യക്കെതിരെ മറുപടി ബാറ്റിങിന് ഇറങ്ങിയ ന്യൂസിലാന്റ് പതറുകയാണ്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ന്യൂസിലാന്റ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സെടുത്തിട്ടുണ്ട്. ജയിക്കാന്‍ 253 റണ്‍സ് വേണം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ