മുംബൈ: വേണ്ടി വന്നാല്‍ ഒരോവറില്‍ ആറ് സിക്‌സ് അടിക്കാനും മടിക്കില്ലെന്ന് ഹാര്‍ദ്ദിക്ക് പാണ്ഡ്യ കഴിഞ്ഞ ദിവസം അവകാശപ്പെട്ടപ്പോൾ വലിയൊരു വിഭഗത്തിന്റെ നെറ്റി ചുളിഞ്ഞു. താരത്തിന് അഹങ്കാരമാണെന്നാണ് വലിയൊരു വിഭാഗം ആളുകൾ പരിഹസിച്ചത്. എന്നാല്‍ അഭ്യന്തര ക്രിക്കറ്റില്‍ ഇതിന് മുമ്പേ തന്നെ ഹാര്‍ദ്ദിക്ക് തന്റെ ബാറ്റിംഗ് കരുത്ത് തെളിയിച്ചിട്ടുണ്ട്. മുഷ്താഖ് അലി ട്വന്റി-20 ടൂര്‍ണ്ണമെന്റിലാണ് ഇര്‍ഫാന്‍ നയിക്കുന്ന ബറോഡ ടീമിനായി വെടിക്കെട്ട് പ്രകടനം കാഴ്ച്ചവെച്ചത്.

ഒരോവറില്‍ അഞ്ച് സിക്‌സും ഒരു ബൗണ്ടറിയും അടക്കം 34 റണ്‍സ് ഹാര്‍ദ്ദിക്ക് അടിച്ചെടുത്തപ്പോള്‍ ബൗളര്‍ എറിഞ്ഞ നോബോളിലൂടെ അഞ്ച് റണ്‍സ് കൂടി ടീമിന്റെ സ്‌കോര്‍ ബോര്‍ഡിലെത്തി. ഡല്‍ഹി പേസ് ബൗളര്‍ ആകാശ് സുധനെയാണ് അന്ന് ഹാര്‍ദ്ദിക്ക് ശിക്ഷിച്ചത്. ആ വീഡിയോ കാണാം:

ഒരു ഓവറിലെ ആറ് പന്തുകളും ബൗണ്ടറിക്ക് പുറത്തേക്ക് അടിച്ചകറ്റേണ്ട ആവശ്യം ഇതുവരെ കരിയറില്‍ ഉണ്ടായിട്ടില്ലെന്നും അത്തരമൊരു സന്ദർഭം വന്നാല്‍ യുവരാജിനെ പോലെ ആറ് പന്തുകളിലും സിക്സറടിക്കാന്‍ മടിക്കില്ലെന്നും ആണ് ഹാര്‍ദിക് പാണ്ഡ്യ പറഞ്ഞത്. ബിസിസിഐ ടിവിക്കായി സഹതാരം ചേതേശ്വര്‍ പൂജാര നടത്തിയ അഭിമുഖത്തിലാണ് പാണ്ഡ്യയുടെ വെളിപ്പെടുത്തല്‍. ഇതുവരെ മൂന്ന് പന്തുകളില്‍ മാത്രമാണ് തുടര്‍ച്ചയായി സിക്സറുകള്‍ അടിച്ചിട്ടുള്ളത്. നാലാമത്തെ പന്ത് സിക്സറടിക്കേണ്ട ആവശ്യം വന്നിട്ടില്ല. അത്തരമൊരു സന്ദര്‍ഭം വന്നാല്‍ അതിന് മടിക്കില്ല – പാണ്ഡ്യ നയം വ്യക്തമാക്കി.

ഇന്ത്യയുടെ ബെന്‍ സ്റ്റോക്സ് എന്നാണ് നായകന്‍ കൊഹ്‍ലി വിശേഷിപ്പിച്ചതെങ്കിലും ദക്ഷിണാഫ്രിക്കയുടെ ഓള്‍ റൗണ്ടര്‍ കാലിസാണ് തന്‍റെ മാതൃകാപുരുഷനെന്ന് പാണ്ഡ്യ പറഞ്ഞു. മൂന്നാം നമ്പറില്‍ ഇറങ്ങി കാലിസ് അടിച്ചു കൂട്ടിയ റണ്‍സും ക്രിക്കറ്റിന്‍റെ വിവിധ രൂപങ്ങളില്‍ സ്വന്തമാക്കിയ വിക്കറ്റുകളും ഏതൊരു ക്രിക്കറ്ററെയും അതിശയിപ്പിക്കുന്നതാണെന്ന് യുവതാരം ചൂണ്ടിക്കാട്ടി.

അരങ്ങേറ്റ ടെസ്റ്റില്‍ 49 പന്തുകളില്‍ നിന്ന് 50 റണ്‍സുമായി ഇന്ത്യന്‍ സ്കോറിന് കരുത്തായി മാറിയത് സംബന്ധിച്ച ചോദ്യത്തിന് ബാറ്റിങിന് ഇറങ്ങിയ സന്ദര്‍ഭം തന്‍റെ ശൈലിക്ക് തികച്ചും ഇണങ്ങുന്നതായിരുന്നുവെന്നും ഏകദിനത്തില്‍ കളിക്കുന്നത് പോലെയാണ് തോന്നിയതെന്നുമായിരുന്നു താരത്തിന്‍റെ മറുപടി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ