ന്യൂഡൽഹി: ഹർദ്ദിക് പാണ്ഡ്യയുടെ കളിയെ വിമർശിച്ച്, ഇന്ത്യക്ക് ആദ്യമായി ക്രിക്കറ്റ് ലോകകപ്പ് നേടി തന്ന മുൻ നായകൻ കപിൽദേവ് രംഗത്ത്. ബാറ്റിംഗിലും പേസ് ബോളിംഗിലും തിളങ്ങിയ ഹർദ്ദിക് പാണ്ഡ്യയെ കപിൽ ദേവിനോട് ഉപമിച്ച് റിപ്പോർട്ടുകൾ വന്നിരുന്നു.

“ഓൾ റൗണ്ടർ എന്ന നിലയിൽ പാണ്ഡ്യയുടെ ആദ്യത്തെ ശേഷി ബാറ്റിങും. ബോളിങും രണ്ടാമത്തേതുമാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ പാണ്ഡ്യ ബാറ്റിംഗിൽ മികവു കാട്ടേണ്ടതുണ്ട്. ഇങ്ങിനെ കളിച്ചാൽ പോര,” കപിൽദേവ് പറഞ്ഞു.

“തനിക്ക് കഴിവുണ്ടെന്ന് അദ്ദേഹം കാണിച്ചുതന്നിട്ടുണ്ട്. മറ്റാരോടെങ്കിലും താരതമ്യം ചെയ്യുന്നത് അദ്ദേഹത്തിന് മേൽ അധിക സമ്മർദ്ദം അടിച്ചേൽപ്പിക്കും. അത് പാടില്ല. അദ്ദേഹം മൈതാനത്ത് നന്നായി കളിക്കുന്നത് കാണാനാണ് ഞാൻ ആഗ്രഹിക്കുന്നത്,” കപിൽദേവ് പറഞ്ഞു.

പാണ്ഡ്യ ബാറ്റിങ് ഓൾറൗണ്ടറാണെന്നാണ് കപിൽദേവിന്റെ നിരീക്ഷണം. “ടീം അദ്ദേഹത്തിൽ നിന്ന് കൂടുതൽ പ്രതീക്ഷിക്കുന്നുണ്ട്. അദ്ദേഹത്തിന് അതിന് സമയം നൽകണമെന്നാണ് എന്റെ അഭിപ്രായം,” ഇന്ത്യയ്ക്ക് ആദ്യമായി ലോകകപ്പ് നേടിത്തന്ന ക്യാപ്റ്റൻ പറഞ്ഞു.

അടുത്ത ലോകകപ്പിലും ധോണി കളിക്കണമെന്ന് കപിൽദേവ് പറഞ്ഞു. കോഹ്ലിയുടെ ആക്രമണ ശൈലിയും ധോണിയുടെ ശാന്തസ്വഭാവവും ടീമിന് ഒരേപോലെ ഗുണം ചെയ്യും. ദക്ഷിണാഫ്രിക്കയിൽ മുൻപൊരിക്കലും സാധിക്കാത്ത പ്രകടനമാണ് ഇത്തവണത്തെ പരമ്പരയിൽ ഇന്ത്യ കാഴ്ചവച്ചതെന്ന് അദ്ദേഹം പറഞ്ഞു.

ജഡേജയ്ക്കും അശ്വിനും പകരം യുസ്‌വേന്ദ്ര ചാഹലും കുൽദീപ് യാദവും ദക്ഷിണാഫ്രിക്കയിൽ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഇന്ത്യൻ ക്രിക്കറ്റിന്റെ ശേഷിയെ ഇത് വെളിപ്പെടുത്തുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സച്ചിനും രാഹുലും ലക്ഷ്‌മണും ഗാംഗുലിയും സെവാഗും വിരമിച്ചിട്ടും ഇന്ത്യൻ ക്രിക്കറ്റിന്റെ കരുത്ത് ചോർന്നിട്ടില്ലെന്നത് ഏറെ അഭിമാനമുളവാക്കുന്നതാണെന്നും കപിൽ വ്യക്തമാക്കി.

ക്യാപ്റ്റനെന്ന നിലയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന വിരാട് കോഹ്ലി ഇംഗ്ലണ്ടിലും ഓസ്ട്രേലിയയിലും ഇന്ത്യക്ക് മികച്ച നേട്ടങ്ങൾ നേടിത്തരുമെന്നാണ് പ്രതീക്ഷയെന്നും മുൻനായകൻ കൂട്ടിച്ചേർത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ