ബറോഡ: ഇന്ത്യന്‍ ടീമിലെ ഏറ്റവും എന്റര്‍ടെയ്‌നിങ് ആയ താരമാരെന്ന് ചോദിച്ചാല്‍ ടീമംഗങ്ങളെല്ലാം ഒരേ ശബ്ദത്തില്‍ പറയുന്ന പേരാണ് ഹാർദിക് പാണ്ഡ്യ. കളിക്കളത്തിന് അകത്തും പുറത്തുമെല്ലാം ആക്ടീവായ കിടിലന്‍ ചെങ്ങായി എന്നാണ് പാണ്ഡ്യയെ കുറിച്ച് എല്ലാവരും പറയുന്നത്.

ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ കാര്യമായതൊന്നും ചെയ്യാനായില്ലെങ്കിലും ഓര്‍ത്തു വയ്ക്കാനുള്ള ചിലത് പാണ്ഡ്യയ്ക്കുണ്ട്. എന്തായാലും പരാജയത്തിന്റെ ഭാരമൊക്കെ ഇറക്കി വച്ച് ഏഷ്യാ കപ്പിന് തയ്യാറെടുക്കുകയാണ് പാണ്ഡ്യ. ഇതിന് മുന്നോടിയായി തന്റെ അച്ഛന് ഒരു മുട്ടന്‍ സര്‍പ്രൈസ് കൊടുത്തു പാണ്ഡ്യ.

കിടപ്പുമുറിയില്‍ ഉറങ്ങുകയായിരുന്ന അച്ഛന്‍ ഹിമാന്‍ഷു പാണ്ഡ്യയെ വിളിച്ചുണര്‍ത്തിയ ഹാർദിക് പിതാവിന്റെ കവിളത്ത് സ്‌നേഹചുംബനം നല്‍കി. അപ്രതീക്ഷിതമായി മകനെ കണ്ടപ്പോഴുള്ള സന്തോഷം അച്ഛന്‍ പാണ്ഡ്യയുടെ മുഖത്തും പ്രകടമായിരുന്നു. കിടന്നുകൊണ്ടു തന്നെ മകനെ ആശ്ലേഷിച്ച ഹിമാന്‍ഷു പാണ്ഡ്യയ്ക്കാകട്ടെ മകനെ കണ്ടതിലുള്ള സന്തോഷം അടക്കാനായില്ല.

ഇതിന്റെ വീഡിയോ പാണ്ഡ്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. മൂന്ന് മാസത്തെ ഇടവേളക്ക് ശേഷമാണ് ഹാർദിക് വീട്ടിലേക്ക് തിരിച്ചെത്തിയത്. അച്ഛനെ അദ്ഭുതപ്പെടുത്തുമ്പോള്‍ എന്ന കുറിപ്പോടെയാണ് പാണ്ഡ്യ വീഡിയോ ആരാധകരുമായി പങ്കുവച്ചത്.

ഏഷ്യാ കപ്പില്‍ ചൊവ്വാഴ്ച ഹോങ്കോങ്ങിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. വിരാട് കോഹ്‌ലിയുടെ അഭാവത്തില്‍ രോഹിത് ശര്‍മ്മയാണ് ഇന്ത്യയെ നയിക്കുന്നത്.

View this post on Instagram

When you surprise daddy #seeinghimafter3months

A post shared by Hardik Pandya (@hardikpandya93) on

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook