ഇന്ത്യയുടെ വൻനിര മുഴുവൻ തകർന്നടിയുമ്പോൾ ഹാർദിക് പാണ്ഡ്യ ആത്മവിശ്വാസം കൈവിട്ടില്ല. ഭുവനേശ്വർ കുമാറിനെ കൂട്ടുപിടിച്ച് പാണ്ഡ്യ പോരാടി. ആ പോരാട്ടം ഒടുവിൽ 93 ൽ അവസാനിച്ചു. ഏഴിനു 92 എന്ന നിലയിലായിരുന്ന ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് 209 അവസാനിച്ചത് പാണ്ഡ്യയുടെ കരുത്തിൽ മാത്രമായിരുന്നു. നാണക്കേടിൽനിന്നും ഇന്ത്യയെ ഒന്നാം ഇന്നിങ്സിൽ കൈപിടിച്ചു കയറ്റിയ പാണ്ഡ്യയോട് ടീം ഇന്ത്യ നന്ദി പറയേണ്ടതാണ്.

ദക്ഷിണാഫ്രിക്കൻ മണ്ണിൽ പാണ്ഡ്യ തന്റെ രണ്ടാം ടെസ്റ്റ് സെഞ്ചുറി പൂർത്തിയാക്കേണ്ടതായിരുന്നു. എന്നാൽ കാഗിസോ റബാദ അതിനു പാണ്ഡ്യയെ അനുവദിച്ചില്ല. 93 റൺസുമായി നിന്ന പാണ്ഡ്യയെ ദക്ഷിണാഫ്രിക്കൻ ബോളർ റബാദ പുറത്താക്കി. പാണ്ഡ്യയുടെ വിക്കറ്റ് വീഴ്ത്തിയ റബാദയുടെ നെറ്റിയിൽ ഉമ്മ വച്ചാണ് ഡു പ്ലെസിസ് തന്റെ സന്തോഷം പ്രകടിപ്പിച്ചത്.

ഇന്ത്യയുടെ മുൻനിര ബാറ്റ്സ്മാന്മാരായ മുരളി വിജയ് (1), ശിഖർ ധവാൻ (16), വിരാട് കോഹ്‌ലി (5) എന്നിവർ ആദ്യദിനം തന്നെ ഔട്ടായി. ടീമിന് കരുത്ത് പകരേണ്ടവർ നിരാശ നൽകിയാണ് കളിക്കളം വിട്ടത്. രണ്ടാം ദിനം ചേതേശ്വർ പൂജാരയും രോഹിത് ശർമയും മികച്ച പ്രകടനം നടത്താൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. കാഗിസോ റബാദ അവിടെയും ഇന്ത്യയുടെ വില്ലനായി. രോഹിത് ശർമയെ റബാദ പുറത്താക്കി. പിന്നാലെ ചേതേശ്വർ പൂജാരയുടെ വിക്കറ്റും വീണു.

ഇന്ത്യ 76/5 എന്ന നിലയിൽ നിൽക്കുമ്പോഴാണ് പാണ്ഡ്യ എത്തുന്നത്. പാണ്ഡ്യ എത്തിയതിനുപിന്നാലെ അശ്വിന്റെയും (12) വൃദ്ധിമാൻ സാഹയുടെയും വിക്കറ്റുകൾ തുടരത്തുടരെ വീണു. എങ്കിലും പാണ്ഡ്യ ആത്മവിശ്വാസം കൈവിട്ടില്ല. ഭുവനേശ്വർ കുമാറിനൊപ്പം നിന്ന് ബാറ്റ് വീശി. അപമനഭാരത്തിൽനിന്നും ഇന്ത്യയെ കരകയറ്റാൻ ആവുംവിധം ശ്രമിച്ചു. 46 ബോളിൽനിന്നായി പാണ്ഡ്യ തന്റെ അർധസെഞ്ചുറി തികച്ചു. 93 ൽ എത്തിനിൽക്കേ പാണ്ഡ്യയുടെ വിക്കറ്റ് വീണു. 70-ാം ഓവറിന്റെ ആദ്യബോളിലായിരുന്നു പാണ്ഡ്യയുടെ വിക്കറ്റ് വീണത്. റബാദയുടെ ബോൾ പാണ്ഡ്യയുടെ ബാറ്റിൽ കൊണ്ട് ക്വിന്റൺ ഡി കോക്കിന്റെ കൈകളിൽ എത്തി. ഇതു കണ്ട ഡു പ്ലെസിസിന് സന്തോഷം അടക്കാനായില്ല. റബാദയുട നെറ്റിയിൽ ചുംബനം നൽകിയാണ് ഡു പ്ലെസിസ് സന്തോഷം പ്രകടിപ്പിച്ചത്.

93 ൽ ഇന്നിങ്സ് അവസാനിച്ചെങ്കിലും പാണ്ഡ്യയ്ക്ക് അഭിമാനിക്കാം ഇന്ത്യയെ നാണക്കേടിൽനിന്നും കരകയറ്റിയത്. കളിക്കളത്തിൽനിന്ന് ഡ്രസിങ് റൂമിലേക്ക് മടങ്ങവേ ഗ്യാലറിയിൽനിന്നും നിന്നും മുഴങ്ങിയ കരഘോഷം മാത്രം മതി അതിനു തെളിവായി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ