സിഡ്‌നി: മഴ വില്ലനായി എത്തിയ നാലാം ദിനം മൈതാനത്ത് ഹാര്‍ദ്ദിക് പാണ്ഡ്യയുടെ നൃത്തം. ടീമിലില്ലെങ്കിലും പകരക്കാരനായി ഇറങ്ങിയിരുന്നു പാണ്ഡ്യ. മഴ മാറിയതിന് ശേഷമായിരുന്നു പാണ്ഡ്യ ഫീല്‍ഡിങ്ങിനെത്തിയത്.

പിന്നില്‍ നിന്നും ഇന്ത്യന്‍ ആരാധകരായ ഭാരത് ആര്‍മി പാടിയ പാട്ടിനൊത്ത് പാണ്ഡ്യ നൃത്തം ചെയ്യുകയായിരുന്നു. ബൗണ്ടറി ലൈനിന് അരികിലായിരുന്നു പാണ്ഡ്യ ഫീല്‍ഡ് ചെയ്തിരുന്നത്. പാണ്ഡ്യയുടെ നൃത്തം ആരാധകരേയും ആവേശപ്പെടുത്തി. അവര്‍ കൈയ്യടിച്ചും പാട്ടു പാടിയും താരത്തെ പ്രോത്സാഹിപ്പിച്ചു.

ഇന്ത്യയ്ക്കായി പാണ്ഡ്യ അവസാനമായി ടെസ്റ്റ് കളിച്ചത് ഇംഗ്ലണ്ടിനെതിരെ സതാംപ്ടണിലാണ്. പിന്നാലെ ഏഷ്യ കപ്പിനിടെ പരുക്കേറ്റതിനെ തുടര്‍ന്ന് താരം ടീമില്‍ നിന്നും പുറത്താവുകയായിരുന്നു. ഇതോടെ വിന്‍ഡീസ് പരമ്പരയും പിന്നാലെ ഓസീസ് പരമ്പരയും പാണ്ഡ്യയ്ക്ക് നഷ്ടമായി.

ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ അവസാന ടെസ്റ്റ് മത്സരത്തില്‍ കാലാവസ്ഥ കളിക്കുകയാണ്. ഇന്ത്യയുടെ ജയ പ്രതീക്ഷകള്‍ക്കും കാലാവസ്ഥ വെല്ലുവിളിയാകുന്നുണ്ട്. വെളിച്ച കുറവ് മൂലം നാലാം ദിനം കളി നേരത്തെ അവസാനിക്കുമ്പോള്‍ ഓസ്‌ട്രേലിയ വിക്കറ്റ് നഷ്ടപ്പെടാതെ ആറ് റണ്‍സെടുത്തിട്ടുണ്ട്. ഇന്ത്യയെ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനയക്കണമെങ്കില്‍ 316 റണ്‍സ് കൂടി ഓസിസിന് വേണം.

നേരത്തെ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 622 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന ആതിഥേയര്‍ 300 റണ്‍സിന് പുറത്തായിരുന്നു. ഇതേ തുടര്‍ന്ന് ഇന്ത്യ ഓസ്‌ട്രേലിയയെ ഫോളോ ഓണിന് അയച്ചു. നാലാം ദിനം ആറ് വിക്കറ്റ് നഷ്ടത്തില്‍ 236 റണ്‍സ് എന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ഓസ്‌ട്രേലിയക്ക് ഇന്ത്യന്‍ സ്പിന്‍ കരുത്തിന് മുന്നില്‍ പിടിച്ച് നില്‍ക്കാനായില്ല.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ