തുടരെത്തുടരെയുളള മൂന്ന് ഏകദിന മൽസരങ്ങള്‍ക്ക് ശേഷമാണ് നാലാം ഏകദിനത്തില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയോട് അടിയറവ് പറഞ്ഞത്. മഴ പെയ്യാനിരുന്ന വാണ്ടറേര്‍സ് സ്റ്റേഡിയത്തില്‍ ഡെക്ക്വര്‍ത്ത് ലൂയീസ് നിയമപ്രതാരമാണ് ആതിഥേയര്‍ വിജയിച്ചത്. എന്നാല്‍ തോല്‍വി മറന്ന് അഞ്ചാം ഏകദിനത്തിന് ടീം ഇന്ത്യ കച്ച കെട്ടിക്കഴിഞ്ഞു.

പോര്‍ട്ട് ഓഫ് എലിസബത്തിലാണ് അഞ്ചാം ഏകദിനം നടക്കുന്നത്. ഗംഭീരമായ സ്വീകരണമാണ് സ്റ്റേഡിയത്തിലേക്ക് ഇന്ത്യന്‍ ടീമിന് ലഭിച്ചത്. പരമ്പരാഗതമായ രീതിയില്‍ കൊട്ടുവാദ്യങ്ങളോടെയാണ് ഇന്ത്യന്‍ ടീമിന് സ്വീകരണം ഒരുക്കിയത്. താരങ്ങള്‍ ഏറെ ആസ്വദിച്ചാണ് ഇതിനെ വരവേറ്റത്. വിരാട് കോഹ്‌ലിയും ടീമും അകത്തേക്ക് പോയപ്പോള്‍ യുസ്‌വേന്ദ്ര ചാഹല്‍ ഇതിന്റെ വീഡിയോ പകര്‍ത്തുകയായിരുന്നു. നൃത്തം ചെയ്താണ് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യ സ്റ്റേഡിയത്തിലേക്ക് പോയത്.

ഇന്ത്യ കാലെടുത്ത് വച്ചപ്പോഴൊക്കെ നിരാശ മാത്രം നല്‍കിയ സ്റ്റേഡിയമാണ് പോര്‍ട്ട് ഓഫ് എലിസബത്ത്. കളിച്ച നാല് അന്താരാഷ്ട്ര മൽസരങ്ങളും ഇന്ത്യക്ക് നഷ്ടമായ വേദിയാണ് ഇത്. എന്നാല്‍ മൂന്ന് കളികളില്‍ ജയിച്ച് ലീഡ് തുടരുന്ന ഇന്ത്യയ്ക്ക് ഇവിടെ ജയിക്കാനായാല്‍ ചരിത്രം തിരുത്തിക്കൊണ്ട് പരമ്പര സ്വന്തമാക്കാനാകും.

കൂടാതെ ഐസിസി റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് തന്നെ തുടരാനും പരമ്പര ഏറെ സഹായിക്കും. ദര്‍ബനിലും സെഞ്ചൂറിയനിലും കേപ്ടൗണിലുമാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. എന്നാല്‍ വാണ്ടറേര്‍സില്‍ ഇന്ത്യ വീണുപോവുകയായിരുന്നു. രോഹിത് ശര്‍മ്മയുടെ ദയനീയ പ്രകടനത്തിന് ശേഷം വിരാട് കോഹ്‌ലിയും ശിഖര്‍ ധവാനുമാണ് ഇന്ത്യയ്ക്ക് കരുത്തായത്. ഇരുവരുടേയും കൂട്ടുകെട്ട് ഇന്ത്യയ്ക്ക് പൊരുതാവുന്ന സ്കോറാണ് സമ്മാനിച്ചത്.

ഇടിമിന്നലും വെളിച്ചക്കുറവും കാരണം മൽസരം തടസ്സപ്പെട്ട് വീണ്ടും പുനരാരംഭിച്ചപ്പോള്‍ ഇന്ത്യ തകര്‍ച്ചയോടെയാണ് തുടങ്ങിയത്. എന്നാല്‍ മഹേന്ദ്ര സിങ് ധോണിയുടെ 42 റണ്‍സ് (43) പ്രകടനമാണ് ഇന്ത്യയ്ക്ക് 289 റണ്‍സ് നേടിക്കൊടുത്തത്. വാണ്ടറേര്‍സ് മൈതാനത്ത് മഴയ്ക്ക് ശേഷമുളള കളി ബുദ്ധിമുട്ട് ഏറിയത് ആയിരിക്കുമെന്ന് വിരാട് കോഹ്‌ലി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ മറുപടിക്ക് ഇറങ്ങിയ ദക്ഷിണാഫ്രിക്ക തകര്‍ത്തടിച്ചപ്പോള്‍ ഡെക്ക്വര്‍ത്ത് ലൂയീസ് നിയമം അനുഗ്രഹമായി മാറുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook