ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ടെസ്റ്റിൽ ഹാർദിക് പാണ്ഡ്യയും കളിച്ചേക്കും. ഹനുമ വിഹാരിക്ക് പകരക്കാരനായി ആറാമനായാണ് പാണ്ഡ്യ മെൽബണിലെ ടെസ്റ്റിനിറങ്ങുകയെന്നാണ് റിപ്പോർട്ടുകൾ. പാണ്ഡ്യ ഫിറ്റ്നസ് ടെസ്റ്റ് ജയിച്ചിട്ടുണ്ട്. അഡ്‌ലെയ്ഡിലെയും പെർത്തിലെയും ടെസ്റ്റിൽ അവസരം നഷ്ടപ്പെട്ട പാണ്ഡ്യ മൂന്നാം ടെസ്റ്റിന് ടീമുമായി ചേർന്നപ്പോൾ സെൽഫിയെടുത്താണ് സന്തോഷം പങ്കിട്ടത്.

പാണ്ഡ്യയുടെ ഒറ്റ സെൽഫിയിൽ ഇന്ത്യൻ ടീം മുഴുവൻ പതിഞ്ഞു. മെൽബണിലെ ഇന്ത്യൻ സമ്മർ ഫെസ്റ്റിവലിൽ ഇന്ത്യൻ താരങ്ങൾ എത്തിയപ്പോഴാണ് പാണ്ഡ്യ സെൽഫിയെടുത്തത്. ‘ഞാനെടുത്തതിൽ വച്ചേറ്റവും മികച്ച സെൽഫി’ എന്ന ക്യാപ്ഷനോടെയാണ് പാണ്ഡ്യ ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.

ദക്ഷിണാഫ്രിക്കയിലും ഇംഗ്ലണ്ടിലും നടന്ന പരമ്പരകൾക്കുശേഷം ടീമിൽ ഇടം കണ്ടെത്താൻ പാണ്ഡ്യയ്ക്ക് പരുക്കുമൂലം കഴിഞ്ഞിരുന്നില്ല. ഇന്ത്യയിൽ നടന്ന വിൻഡീസിനും ഓസ്ട്രേലിയയ്ക്കും എതിരായ ടി ട്വന്റി മത്സരങ്ങളും പാണ്ഡ്യക്ക് നഷ്ടമായി. കഴിഞ്ഞ സെപ്റ്റംബറിൽ ഏഷ്യ കപ്പിലാണ് പാണ്ഡ്യ അവസാനം കളിച്ചത്. അതിനുശേഷം ടീമിലേക്കുളള മടങ്ങി വരവിന് കാത്തിരിക്കുകയായിരുന്നു പാണ്ഡ്യ.

ഇനി രണ്ട് മത്സരങ്ങൾ കൂടിയാണ് ടെസ്റ്റ് പരമ്പരയിൽ അവശേഷിക്കുന്നത്. ഡിസംബർ 26ന് മെൽബണിലാണ് അടുത്ത ടെസ്റ്റ്. പുതുവർഷത്തിൽ ജനുവരി മൂന്നിനാണ് അവസാന ടെസ്റ്റ് മത്സരം. ഇരു ടീമുകളും ഓരോ ടെസ്റ്റ് മത്സരങ്ങൾ വിജയിച്ചിരുന്നു. ഇതിന് പുറമെ മൂന്ന് മത്സരങ്ങളടങ്ങുന്ന ഏകദിന പരമ്പരയും ഇന്ത്യ ഓസ്ട്രേലിയക്കെതിരെ കളിക്കും. നേരത്തെ നടന്ന ടി20 പരമ്പര സമനിലയിൽ അവസാനിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook