മുംബൈ: ഇന്ത്യന്‍ താരങ്ങളായ ഹാർദിക് പാണ്ഡ്യയുടേയും കെ.എല്‍.രാഹുലിന്റേയും സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ ആരാധകരുടെ പ്രതിഷേധം ശക്തമാവുകയാണ്. ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹർ അവതരിപ്പിക്കുന്ന കോഫി വിത്ത് കരണിലായിരുന്നു ഹാർദിക്കും രാഹുലും വിവാദമായ പ്രസ്താവനകള്‍ നടത്തിയത്. പ്രത്യേകിച്ചും പാണ്ഡ്യയുടെ പ്രതികരണമാണ് ആരാധകര്‍ക്കിടയില്‍ പ്രതിഷേധമുണ്ടാക്കിയത്.

തനിക്ക് അനേകം സ്ത്രീകളുമായി ബന്ധമുണ്ടെന്നും മറ്റുമുള്ള പാണ്ഡ്യയുടെ പ്രസ്താവനകളും സ്ത്രീകളോടുള്ള സമീപനവുമാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. ഇന്ത്യയെ പ്രതിനിധീകരിക്കുന്ന താരത്തില്‍ നിന്നും ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നു പാണ്ഡ്യയുടെ വാക്കുകളെന്നാണ് ആരാധകര്‍ പറയുന്നത്. സോഷ്യല്‍ മീഡിയയിലും താരത്തിനെതിരെ നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

പ്രതിഷേധം കനത്തതോടെ പാണ്ഡ്യ മാപ്പ് ചോദിച്ച് രംഗത്തെത്തുകയായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു പാണ്ഡ്യയുടെ മാപ്പ് പറച്ചില്‍. തന്റെ വാക്കുകള്‍ ആരെയെങ്കിലും ഏതെങ്കിലും തരത്തില്‍ വേദനിപ്പിച്ചെങ്കില്‍ മാപ്പ് ചോദിക്കുന്നു. പരിപാടിയുടെ സ്വഭാവത്തിന് അനുസരിച്ചായിരുന്നു താന്‍ പെരുമാറിയത്. ആരുടേയും വികാരത്തേയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നുമായിരുന്നു പാണ്ഡ്യയുടെ വിശദീകരണം.

എന്നാല്‍ മാപ്പു കൊണ്ട് മതിയാകില്ലെന്നാണ് ബിസിസിഐ വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം. സ്ത്രീകളെ ബഹുമാനിക്കുന്നത് പോലുള്ള ഗൗരവമുള്ള വിഷയത്തില്‍ മാപ്പ് മതിയാകില്ലെന്നും രാജ്യത്തെ പ്രതിനിധീകരിക്കുന്ന താരം തന്റെ ഉത്തരവാദിത്വം മനസിലാക്കണമെന്നുമാണ് ബിസിസിഐയുടെ നിലപാടെന്നാണ് റിപ്പോര്‍ട്ട്.

”മാപ്പ് പറഞ്ഞതു കൊണ്ട് പ്രശ്‌നം അവസാനിക്കുന്നില്ല. സ്ത്രീകളെ ബഹുമാനിക്കുന്നത് പോലുള്ള ഗൗരവമുള്ള വിഷയത്തെ അദ്ദേഹം എങ്ങനെയാണ് കാണുന്നത് എന്നാണ് ഇത് വ്യക്തമാക്കുന്നത്. പാണ്ഡ്യയുടെ പെരുമാറ്റം അംഗീകരിക്കാന്‍ കഴിയുന്നതല്ല. ക്രിക്കറ്റ് താരത്തിന് ഈ രാജ്യത്തിലുള്ള സ്വാധീനം അദ്ദേഹം മനസിലാക്കണം. ഈ ക്ഷമാപണം പ്രതിഷേധത്തോടുള്ള പ്രതികരണം മാത്രമാണ്. അല്ലാതെ താന്‍ പറഞ്ഞതിലെ തെറ്റ് തിരിച്ചറിഞ്ഞതു കൊണ്ടല്ല” ബിസിസിഐയിലെ ഒരു മുതിര്‍ന്ന അംഗം പറയുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ