മുംബൈ: ഇന്ത്യയുടെ ടെസ്റ്റ് ടീം ഉപനായകന്‍ അജിങ്ക്യ രഹാനെയുടെ ഫോമാണ് നിലവില്‍ ക്രിക്കറ്റ് ലോകത്ത് സജീവമായിരിക്കുന്ന ആശങ്ക. വിദേശ പിച്ചുകളില്‍ പോലും മികവുകാണിച്ചിരുന്ന താരം ഏറെ നാളായി ഫോമിലല്ല. 2014 ന് ശേഷം രഹാനെയുടെ ബാറ്റിങ് ശരാശരി 40 ന് താഴെയത്തുകയും ചെയ്തു.
രഹാനെയെ ടെസ്റ്റ് ടീമില്‍ നിന്ന് ഒഴിവാക്കണമെന്നുള്ള ആവശ്യം പല പ്രമുഖ താരങ്ങളും ഉന്നയിച്ചു കഴിഞ്ഞു. രഹാനെ മാറിയാല്‍ പകരം ആ സ്ഥാനത്തേക്ക് ആരെത്തുമെന്നതും മറ്റൊരു ചോദ്യമാണ്. എന്നാല്‍ അതിന് കൃത്യമായൊരു ഉത്തരം നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ താരം ഹര്ഭജന് സിങ്.
ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച യുവതാരം ശ്രേയസ് അയ്യരാണ് ഹര്ഭജന് നിര്‍ദേശിച്ചിരിക്കുന്ന താരം. ആദ്യ ഇന്നിങ്സില്‍ സെഞ്ചുറിയും രണ്ടാം ഇന്നിങ്സില്‍ അര്‍ദ്ധ ശതകവും കുറിച്ച് ഇന്ത്യയുടെ രക്ഷകനായത് ശ്രേയസ് അയ്യരായിരുന്നു.
“കഴിഞ്ഞ കളിയില്‍ ശ്രേയസ് അയ്യര്‍ മനോഹരമായി ബാറ്റ് ചെയ്തു. അയാളുടെ കഴിവ് തെളിയിക്കുകയും ചെയ്തു. മധ്യനിരയില്‍ ലഭിച്ച അവസരം നന്നായി വിനിയോഗിക്കാന്‍ താരത്തിന് കഴിഞ്ഞതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്,” ഹര്ഭജന് തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
“രഹാനെ നിലവില്‍ റണ്‍സ് കണ്ടെത്തുന്നില്ല. ശ്രേയസ് അയ്യര്‍ അതിന് പരിഹാരം കണ്ടേക്കും. രഹാനെ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരമ്പരയുടെ ഭാഗമാകുമൊ എന്നതില്‍ ഉറപ്പില്ല. തീര്‍ച്ചയായും അയ്യരുണ്ടാകും,” ഹര്ഭജന് വ്യക്തമാക്കി.