ന്യൂഡൽഹി: രാജ്യത്തെ ക്രിക്കറ്റ് മേൽനോട്ട സമിതിയായ ബിസിസിഐക്കെതിരെ രൂക്ഷ വിമർശനവുമായി സ്‌പിന്നർ ഹർഭജൻ സിങ്. ഓസീസിനെതിരെ ഡേ നൈറ്റ് ക്രിക്കറ്റ് ടെസ്റ്റ് കളിക്കാനാവില്ലെന്ന ബിസിസിഐ നിലപാടിനെ വിമർശിച്ചാണ് ഹർഭജൻ സിങ് രംഗത്ത് വന്നത്.

ന്യൂഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഭാജി. “എന്തുകൊണ്ടാണ് ബിസിസിഐ ഇങ്ങിനെയൊരു തീരുമാനം എടുക്കുന്നതെന്ന് എനിക്കറിയില്ല. ഇതൊരു നല്ല ഫോർമാറ്റാണ്. നമ്മളും ആ ഫോർമാറ്റിൽ കളിക്കണം. ഞാനതിനോട് പൂർണമായും യോജിക്കുന്നു. പിങ്ക് ബോളിൽ കളിക്കുന്നത് കൊണ്ട് എന്താണ് പ്രശ്നമെന്ന് ആദ്യം പറയണം. കളിച്ചാൽ മാത്രമേ അതിനോട് ഒത്തുപോകാനാവൂ. കരുതും പോലെ അത്ര പ്രയാസകരമൊന്നും ആവില്ല ഡേ നൈറ്റ് മൽസരം.” ഭാജി പറഞ്ഞു.

വിനോദ് റായിയുടെ, ക്രിക്കറ്റ് ഓസ്ട്രേലിയക്കെതിരായ വിമർശനത്തിന് പിന്നാലെയാണ് ഹർഭജന്റെ പ്രസ്താവന. “എല്ലാ മൽസരവും ജയിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നതിൽ എന്താണ് തെറ്റ്? മൈതാനത്ത് എല്ലാ ടീമും കളിക്കാനിറങ്ങുന്നത് ജയിക്കാൻ വേണ്ടി തന്നെയാണ്. 30 വർഷം മുൻപ് അവർ പറഞ്ഞത് ഇന്ത്യ ടെസ്റ്റ് കളിക്കുന്നത് സമനിലയ്ക്ക് വേണ്ടി മാത്രമാണെന്നാണ്. എന്നാൽ ഇപ്പോൾ അവർ അത് പറയില്ല,” വിനോദ് റായി പറഞ്ഞു.

എന്നാൽ ഓസീസിന് തുല്യമായ സാധ്യതയാണ് ഡേ നൈറ്റ് മൽസരത്തിൽ ഇന്ത്യക്കും ഉളളതെന്ന് ഹർഭജൻ പറഞ്ഞു. “നമുക്ക് അവരെ കുഴപ്പത്തിലാക്കാൻ സാധിക്കുന്ന പേസ് ബോളർമാരുണ്ട്. ഓസീസ് പേസർമാരെ നേരിടാൻ സാധിക്കാത്തവരാണ് നമ്മുടെ ബാറ്റ്സ്‌മാന്മാർ എന്ന് കരുതുന്നതിൽ എന്തർത്ഥമാണ് ഉളളത്? ഇതൊരു ചലഞ്ചാണ്. അത് നേരിടാതിരിക്കുന്നതിൽ എന്താണ് കാര്യമുളളത്?” ഹർഭജൻ സിങ് ചോദിച്ചു.

“ഇംഗ്ലണ്ടിനെതിരെ വിദേശ കാലാവസ്ഥയിൽ കളിക്കുന്നത് ചലഞ്ചല്ലേ? ആ ചലഞ്ച് നേരിടാമെങ്കിൽ ഇതെന്തുകൊണ്ട് ആയിക്കൂട?” ഭാജിയുടെ ചോദ്യം ബിസിസിഐയുടെ നേർക്കായിരുന്നു.

ഈ വർഷം നവംബർ 21 നാണ് ഇന്ത്യൻ സംഘം ഓസീസിലേക്ക് പോവുന്നത്. രണ്ട് മാസം നീണ്ടുനിൽക്കുന്ന പരമ്പരയിൽ മൂന്ന് ടി20യും നാല് ടെസ്റ്റ് മൽസരങ്ങളും മൂന്ന് ഏകദിനങ്ങളും ആണ് ഉളളത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ