പത്ത് വർഷങ്ങൾക്കു മുൻപ് മലയാളി താരം എസ്.ശ്രീശാന്തിനോട് ചെയ്തൊരു തെറ്റിന് മാപ്പു ചോദിക്കുകയാണ് ഹർഭജൻ സിങ്. ഐപിഎൽ മത്സരത്തിനിടെ ശ്രീശാന്തിന്റെ മുഖത്തടിച്ചതിനാണ് ഹർഭജൻ ഇപ്പോൾ ക്ഷമ ചോദിച്ചത്. 2008 ൽ മുംബൈ ഇന്ത്യൻസും കിങ് ഇലവൻ പഞ്ചാബും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു സംഭവം.

മൈതാനത്ത് വച്ച് മുംബൈ ഇന്ത്യൻസ് താരമായ ഹർഭജൻ കിങ്സ് ഇലവൻ പഞ്ചാബ് താരമായ ശ്രീശാന്തിന്റെ മുഖത്തടിക്കുകയായിരുന്നു. അന്ന് കരഞ്ഞുകൊണ്ട് മൈതാനം വിട്ട ശ്രീശാന്തിനെ ആരും മറക്കാനിടയില്ല. സംഭവം നടന്ന് 11 വർഷങ്ങൾ പിന്നിടുമ്പോൾ താൻ അന്നു ചെയ്തതിൽ കുറ്റബോധമുണ്ടെന്നും ചെയ്യാൻ പാടില്ലാത്തതാണ് ചെയ്തതെന്നും പറയുകയാണ് ഹർഭജൻ.

”കളിക്കളത്തിൽ വച്ച് ശ്രീശാന്തുമായി അന്നുണ്ടായ സംഭവത്തെക്കുറിച്ച് ഇപ്പോഴും നിരവധി പേർ സംസാരിക്കുന്നുണ്ട്. ജീവിതത്തിൽ പുറകോട്ടു പോയി ചെയ്ത തെറ്റ് തിരുത്താൻ അവസരം ലഭിച്ചാൽ അതായിരിക്കും ആദ്യം തിരുത്തുക. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതായിരുന്നു അന്ന് സംഭവിച്ചത്,” ഹർഭജൻ ബിഹൈൻഡ്‌വുഡ്സ് എയറിനോട് പറഞ്ഞു.

”അതൊരു തെറ്റായിരുന്നു, അതിൽ ഞാൻ ക്ഷമ ചോദിക്കുന്നു. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതായിരുന്നു അത്. ശ്രീശാന്ത് കഴിവുള്ള കളിക്കാരനാണ്. ശ്രീശാന്തിന്റെ കുടുംബത്തിന് എല്ലാവിധ ആശംസകളും നേരുന്നു. ജനങ്ങൾ എന്തു പറയുമെന്നതിനെക്കുറിച്ച് ഞാൻ ചിന്തിക്കുന്നില്ല, ഞാൻ ഇപ്പോഴും നിന്റെ സഹോദരനാണ്,” ഹർഭജൻ പറഞ്ഞു.

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ താരമാണ് ഹർഭജൻ സിങ്. ഐപിഎൽ വാതുവയ്പ് വിവാദത്തിന്റെ പേരിൽ ബിസിസിഐ വിലക്ക് നേരിടുകയാണ് ശ്രീശാന്ത്.

ഐപിഎല്ലിലെ സംഭവത്തിനുശേഷം 2007 ലെ ടിട്വന്റി ലോകകപ്പിൽ ഇന്ത്യൻ ടീമിൽ ശ്രീശാന്തും ഹർഭജനും ഒരുമിച്ച് കളിച്ചിരുന്നു. 2011 ൽ ഇരുവരും ഉൾപ്പെട്ട ടീമാണ് ലോകകപ്പ് നേടിയത്. ശ്രീശാന്ത് ടെസ്റ്റിൽ 87 ഉം ഏകദിനത്തിൽ 75 ഉം ടിട്വന്റിയിൽ ഏഴും വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook