ബോളിങ്ങിൽ മാത്രമല്ല ബാറ്റിങ്ങിലും തിളങ്ങിയ താരമാണ് ഹർഭജൻ സിങ്. ഇപ്പോൾ ഇന്ത്യൻ ടീമിന്റെ ഭാഗമല്ലാത്ത ഹർഭജൻ ആഭ്യന്തര മത്സരങ്ങളിലാണ് ശ്രദ്ധ വച്ചിരിക്കുന്നത്. 2015 ഒക്ടോബറിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന മത്സരത്തിലാണ് ഹർഭജൻ അവസാനമായി കളിച്ചത്. മോശം ഫോമും ഫിറ്റ്നസും മൂലം ഏറെ കാലമായി ഹർഭജൻ ഇന്ത്യൻ ടീമിൽനിന്നും ഒതുക്കപ്പെട്ടിരിക്കുകയാണ്.

ഏതു കൊമ്പൻ ബാറ്റ്സ്മാനെതിരെയും യാതൊരു ഭയവും ഇല്ലാതെ ഹർഭജൻ ബോളിങ് ചെയ്യാറുണ്ട്. എന്നാൽ ഹർഭജൻ ജീവിതത്തിൽ ഭയപ്പെടുന്ന ഒന്നുണ്ട്. ഒരു ടെലിവിഷൻ ഷോയിലാണ് താൻ ജീവിതത്തിൽ ഭയപ്പെടുന്ന ആ കാര്യത്തെക്കുറിച്ച് ഹർഭജൻ പറഞ്ഞത്.

”വിമാനത്തിൽ യാത്ര ചെയ്യാൻ എനിക്ക് പേടിയാണ്. ഇപ്പോൾ അത് കുറച്ച് കുറഞ്ഞിട്ടുണ്ട്. പക്ഷേ ജീവിതത്തിൽ ഞാൻ ഏറ്റവും കൂടുതൽ പേടിക്കുന്നത് വിമാനത്തിൽ കയറാനാണ്. അതുപോലെ തന്നെ ലിഫ്റ്റിൽ കയറാനും എനിക്ക് പേടിയാണ്. ഇടയ്ക്ക് എങ്ങാനും അത് നിന്നുപോയാൽ ഞാൻ ഒറ്റയ്ക്ക് കുടുങ്ങുമല്ലോ എന്നാണെന്റെ പേടി”, ഹർഭജൻ പറഞ്ഞു.

ഗീത ബസ്റയുമായുളള തന്റെ വിവാഹത്തെക്കുറിച്ചും ഹർഭജൻ ഷോയിൽ പറഞ്ഞു. 2011 ലോകകപ്പിനുശേഷമാണ് ഗീതയെ കണ്ടുമുട്ടിയതെന്നും പിന്നീട് ഇരുവരും പ്രണയത്തിലായെന്നും ഹർഭജൻ പറഞ്ഞു.

ഐപിഎല്ലിൽ ഹർഭജൻ സിങ് ഇപ്പോഴും കളിക്കുന്നുണ്ട്. വരുന്ന ഐപിഎൽ സീസണിൽ ചെന്നെ സൂപ്പർ കിങ്സിന്റെ താരമാണ് ഹർഭജൻ. ഇന്ത്യയ്ക്കായി 103 ടെസ്റ്റ് മത്സരങ്ങളും 236 ഏകദിനങ്ങളും കളിച്ചിട്ടുളള ഹർഭജൻ ടെസ്റ്റിൽ 417 ഉം ഏകദിനത്തിൽ 269 വിക്കറ്റുകളും നേടിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook