എതിരാളികളുടെ ഉറക്കം നഷ്ടപ്പെടുത്തിയിരുന്നു ഒരുകാലത്ത് ഹര്‍ഭജന്‍-അനില്‍ കുംബ്ല ജോഡി. കാലം ഒരുപാട് മുന്നോട്ട് പോന്നപ്പോള്‍ കുംബ്ലെ ഇന്ത്യന്‍ പരിശീലകനായത് ചരിത്രം. ഹര്‍ഭജന്‍ ഇന്ന് തന്റെ പ്രതാപ കാലത്തിന്റെ നിഴല്‍ മാത്രമാണ്.

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ താരമായ ഹര്‍ഭജനെ കാത്തിരിക്കുന്നത് അപൂര്‍വ്വമായൊരു റെക്കോര്‍ഡാണ്. ചെന്നൈ കപ്പുയര്‍ത്തുകയാണെങ്കില്‍ നാല് വട്ടം ഐപിഎല്‍ കിരീടം നേടുന്ന രണ്ടാമത്തെ താരമാകും ഹര്‍ഭജന്‍. അമ്പാട്ടി റായിഡുവും ഈ നേട്ടത്തിന് അരികിലാണ്. മറിച്ച് ഹൈദരാബാദ് കപ്പുയര്‍ത്തിയാല്‍ ഈ നേട്ടം യൂസഫ് പഠാന്റേതുമാകും.

എന്തൊക്കെയായാലും തന്റെ കളിയില്‍ പഴയ പോലെ താളം കണ്ടെത്താന്‍ ഹര്‍ഭജന് ആകുന്നില്ലെന്നത് വാസ്തവമാണ്. താരത്തിന്റെ വിരമിക്കലിനായി പല കോണില്‍ നിന്നും മുറവിളി ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. പക്ഷെ താന്‍ വിരമിക്കുന്നതിനെ കുറിച്ച് തീരുമാനിച്ചിട്ടില്ലെന്നാണ് ഹര്‍ഭജന്‍ പറയുന്നത്.

”ഞാന്‍ വിരമിക്കുന്നതിനെ കുറിച്ച് തീരുമാനിച്ചിട്ടില്ല. എനിക്ക് ഇപ്പോള്‍ വിരമിക്കേണ്ട. ആരാധകര്‍ക്ക് വേണ്ടി കളിച്ചു കൊണ്ടേയിരിക്കണം. ഇതുതന്നെയാണ് യുവരാജും ഗംഭീറും ചെയ്യുന്നതും,” ഹര്‍ഭജന്‍ പറയുന്നു. മറ്റൊരു ഉദാഹരണമായി ധോണിയുടെ പ്രകടനത്തേയും ഹര്‍ഭജന്‍ ചൂണ്ടിക്കാണിക്കുന്നു.

”തന്റെ വിമര്‍ശകര്‍ക്ക് ഐപിഎല്ലിലൂടെ ധോണി മറുപടി നല്‍കിയിരിക്കുകയാണ്. ലോകകപ്പ് ടീമിലേക്കുള്ള യോഗ്യതയും അയാള്‍ ഒരു കണക്കിന് തെളിയിച്ചിട്ടുണ്ട്. ചെന്നൈ വയസന്മാരുടെ ടീമാണെന്ന് പറഞ്ഞവര്‍ക്ക് മറുപടി കിട്ടിയിട്ടുണ്ട്.”ഹര്‍ഭജന്‍ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ