ക്രീസില്‍ നേരിടാന്‍ ഏറ്റവും ബുദ്ധിമുട്ടിയത് ഒരു ഇന്ത്യന്‍ സ്‌പിന്നറെ: ആദം ഗില്‍ക്രിസ്റ്റ്

ഇന്ത്യയില്‍ ജയിക്കാന്‍ ഇത്ര എളുപ്പമായിട്ടും കഴിഞ്ഞ 30 വര്‍ഷമായി ഇന്ത്യയില്‍ പരമ്പര നേടാനാവാതിരുന്നത് എന്തുകൊണ്ടാണെന്നായിരുന്നു ഞങ്ങള്‍ ചിന്തിച്ചത്

മെല്‍ബണ്‍: ഇന്ത്യയില്‍ ഏറെ ആരാധകരുള്ള ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരമാണ് ആദം ഗില്‍ക്രിസ്റ്റ്. ക്രിക്കറ്റ് കരിയറില്‍ നേരിട്ടിട്ടുള്ള ബോളര്‍മാരില്‍ തന്നെ ഏറ്റവും ബുദ്ധിമുട്ടിച്ചത് ഒരു ഇന്ത്യന്‍ സ്‌പിന്നറാണെന്നാണ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്‌മാനായ ഗില്‍ക്രിസ്റ്റ് പറയുന്നത്. ഇന്ത്യയുടെ ഹര്‍ഭജന്‍ സിങ്ങായിരുന്നു ക്രിക്കറ്റില്‍ തന്റെ ‘മുഖ്യ എതിരാളി’യെന്ന് ഗില്‍ക്രിസ്റ്റ് പറഞ്ഞു.

2001 ലെ ഇന്ത്യ-ഓസീസ് ടെസ്റ്റ് പരമ്പര സൂചിപ്പിച്ചാണ് ഗില്‍ക്രിസ്റ്റ് ഇക്കാര്യം വെളിപ്പെടുത്തിയത്. 2001 ലെ ഇന്ത്യന്‍ പര്യടനത്തിന് എത്തുമ്പോള്‍ സ്റ്റീവ് വോയ്ക്ക് കീഴില്‍ തുടര്‍ച്ചയായി 15 ടെസ്റ്റ് മത്സരങ്ങള്‍ ജയിച്ചതിന്റെ ആത്മവിശ്വാസത്തിലായിരുന്നു ഞങ്ങള്‍. 2001 ല്‍ മൂന്ന് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയാണ് ഇന്ത്യയില്‍ നടന്നത്. പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരത്തില്‍ അനായാസം ജയിക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. ഇന്ത്യയില്‍ ജയിക്കാന്‍ ഇത്ര എളുപ്പമായിട്ടും കഴിഞ്ഞ 30 വര്‍ഷമായി ഇന്ത്യയില്‍ പരമ്പര നേടാനാവാതിരുന്നത് എന്തുകൊണ്ടാണെന്നായിരുന്നു ഞങ്ങള്‍ ചിന്തിച്ചത്. ഞങ്ങൾക്ക് വലിയ ആത്മവിശ്വാസമായി. എന്നാല്‍, അടുത്ത രണ്ട് മത്സരങ്ങളിലും ഇന്ത്യ ഞങ്ങളെ പരാജയപ്പെടുത്തി. രണ്ടിലും ഹര്‍ഭജന്‍ സിങ്ങാണ് തന്നെ പവലിയനിലേക്ക് മടക്കിയതെന്നും ഗില്‍ക്രിസ്റ്റ് ഓര്‍ക്കുന്നു.

Read Also: ഷെയ്ൻ വോണിന്റെ ലോകകപ്പിനുളള സ്വപ്ന ടീമിൽ ഇടം നേടിയത് ഒരേയൊരു ഇന്ത്യൻ താരം

“ആദ്യ ടെസ്റ്റ് ഞങ്ങള്‍ മൂന്നു ദിവസം കൊണ്ട് ജയിച്ചു. ഇന്ത്യയെ തോല്‍പ്പിക്കുക ഇത്ര എളുപ്പമായിരുന്നോ എന്ന് ചിന്തിച്ചു. വലിയ ആത്മവിശ്വാസത്തില്‍ രണ്ടാം ടെസ്റ്റ് കളിക്കാന്‍ ഗ്രൗണ്ടിലിറങ്ങി. അതോടെ കാര്യങ്ങള്‍ വ്യക്തമായി. അപ്പോഴാണ് യാഥാര്‍ഥ്യം തിരിച്ചറിഞ്ഞത്. ആ പരമ്പരയിലെ തോല്‍വിയോടെ ഞങ്ങള്‍ ഒരു കാര്യം തിരിച്ചറിഞ്ഞു. ആക്രമിച്ചു കളിച്ചതുകൊണ്ട് മാത്രം കാര്യമില്ല. ആക്രമിക്കുക, ആക്രമിക്കുക, ആക്രമിക്കുക…എന്നത് മാത്രമായിരുന്നു അന്നത്തെ ഞങ്ങളുടെ രീതി. എന്നാല്‍, ഇന്ത്യയോടേറ്റ തോല്‍വി അതിനു മാറ്റം കൊണ്ടുവന്നു. എപ്പോഴും ആക്രമിച്ചു കളിക്കുന്നത് ഉചിതമല്ലെന്ന് വ്യക്തമായി. പ്രത്യേകിച്ച് ഹര്‍ഭജനെ പോലൊരു ബോളര്‍ക്കു മുന്നില്‍. ആ പരമ്പരയില്‍ ഹര്‍ഭജന്‍ ഞങ്ങളെ വിറപ്പിച്ചു. ക്രിക്കറ്റ് കരിയറില്‍ ഏറെ വെല്ലുവിളി ഉയര്‍ത്തിയ ബോളറാണ് ഹര്‍ഭജന്‍.” ശ്രീലങ്കന്‍ ഇതിഹാസം മുത്തയ മുരളീധരനും തനിക്ക് ഏറെ വെല്ലുവിളി ഉയര്‍ത്തിയ ബോളറാണെന്നും ഗില്‍ക്രിസ്റ്റ് പറഞ്ഞു.

2001ല്‍ ഓസ്ട്രേലിയക്കെതിരായ മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ ഹാട്രിക്ക് ഉള്‍പ്പെടെ 32 വിക്കറ്റുകളാണ് ഹര്‍ഭജന്‍ വീഴ്ത്തിയത്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Harbhajan singh is very toughest bowler for me says adam gilchrist

The moderation of comments is automated and not cleared manually by malayalam.indianexpress.com