കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന് സർക്കാരിനെയും നാടിനെയും മുന്നിൽ നിന്ന് സഹായിക്കുകയാണ് കായികലോകവും. നിരവധി കായിക താരങ്ങൾ പ്രത്യേകിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ പ്രധാനമന്ത്രിയുടെ കെയേഴ്സ് ഫണ്ടിലേക്കും മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസ ഫണ്ടിലേക്കും ഇതിനോടകം സംഭാവന ചെയ്തു കഴിഞ്ഞു. ഏറ്റവും ഒടുവിൽ ഇന്ത്യയുടെ ലോകകപ്പ് ഹീറോസ് ഹർഭജനും യുവിയുമാണ് സഹായവുമായി രംഗത്തെത്തിയിരിക്കുന്നത്.

Also Read: ലോകകപ്പ് ഫൈനലിലെ ധോണിയുടെ നിർണായക തീരുമാനത്തിന് പിന്നിൽ സച്ചിൻ; സാക്ഷിയായി സെവാഗും

ഹർഭജൻ സിങ്ങും ഭാര്യയും ബോളിവുഡ് നടിയുമായ ഗീത ബസ്റയും ചേർന്ന് 5000ത്തോളം കുടുംബങ്ങൾക്ക് റേഷൻ വിതരണം ചെയ്യുമെന്ന് അറിയിച്ചു. ജലന്ധറിൽ പ്രയാസമനുഭവിക്കുന്ന കുടുംബങ്ങൾക്കാണ് ഇരുവരും ചേർന്ന് ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുന്നത്. നിലവിൽ മുംബൈയിലുള്ള താരങ്ങൾ നാട്ടിലെ സുഹൃത്തുകൾ വഴിയാണ് ആളുകളിലേക്ക് സഹായമെത്തിക്കുന്നത്.

പാക്കിസ്ഥാൻ താരം ഷാഹിദ് അഫ്രീദിയുടെ പേരിലുള്ള സംഘടനയ്ക്ക് കൊറോണ വൈറസ് വ്യാപനത്തിനെതിരായ പോരാട്ടത്തിന് സാമ്പത്തിക സഹായം നൽകി വിവാദക്കുരുക്കിലായ യുവരാജ് സിങ്ങും പ്രധാനമന്ത്രിയുടെ കെയേഴ്സ് ഫണ്ടിലേക്ക് സംഭാവന നൽകി. അരക്കോടി രൂപയാണ് താരം നൽകിയിരിക്കുന്നത്.

കോവിഡ് പ്രതിരോധ ഫണ്ടുകളിലേക്ക് 80 ലക്ഷം രൂപ സംഭാവന നൽകിയതായി ഇന്ത്യൻ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ രോഹിത് ശർമയും നേരത്തെ അറിയിച്ചിരുന്നു. പ്രധാനമന്ത്രിയുടെയും മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെയും ദുരിതാശ്വാസ നിധികൾ, ഫീഡിങ് ഇന്ത്യ ഫണ്ട്, തെരുവുനായ്ക്കളുടെ ക്ഷേമത്തിനായുള്ള പദ്ധതി എന്നിവയിലേക്കാണ് ഈ തുക സംഭാവന നൽകിയതെന്നും രോഹിത് അറിയിച്ചു.

Also Read: തന്റെ ജീവത പങ്കാളിയാകാനുള്ള രണ്ട് മാനദണ്ഡങ്ങൾ; മനസ് തുറന്ന് സ്മൃതി മന്ദാന

പിഎം കെയേഴ്സ് ഫണ്ടിലേക്കും മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും പണം സംഭാവന ചെയ്യുമെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്‌ലിയും അറിയിച്ചിരുന്നു. കോഹ്‌ലിയും, ഭാര്യ അനുഷ്ക ശർമയും ഒരുമിച്ചാണ് തുക നൽകുക. എത്രയോ മനുഷ്യരുടെ ദുരിതങ്ങൾ കാണുമ്പോൾ ഹൃദയം തകരുകയാണെന്നും തങ്ങളുടെ സഹായം കുറച്ചുപേരുടെയങ്കിലും വേദനമാറ്റാൻ സഹായകമാവട്ടെയെന്നും കോഹ്‌ലി പ്രതികരിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook