ജെറ്റ് എയർവേയ്‌സിലെ പൈലറ്റ് മോശമായി പെരുമാറിയെന്ന ആരോപണങ്ങളുമായി ഹർഭജൻ സിംങ്ങ്.ജെറ്റ് എയർവേയ്‌സിലെ ഒരു പൈലറ്റ് യാത്രക്കാരനെ വംശീയമായി അധിഷേപിച്ചെന്നാണ് ഹർഭജൻ ട്വിറ്ററിലൂടെ ആരോപിക്കുന്നത്. വിമാനത്തിൽ നിന്ന് പുറത്ത് പോവണമെന്ന തരത്തിൽ മോശമായി പൈലറ്റ് സംസാരിച്ചെന്നാണ് ഹർഭജന്റെ ആരോപണം. ബേൺഡ് ഹോസ്‌ലിൻ എന്ന പൈലറ്റാണ് മോശമായി പെരുമാറിയതെന്ന് ഹർഭജൻ ട്വിറ്ററിൽ പറയുന്നു.

തുടർച്ചയായി മൂന്ന് ട്വീറ്റുകളാണ് ഹർഭജൻ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. വംശീയമായി അധിഷേപിച്ചതിന് പുറമെ ഒരു വനിതാ യാത്രക്കാരിയോട് മോശമായി പെരുമാറിയെന്നും ശാരീരിക വെല്ലുവിളി നേരിടുന്ന ഒരാളോട് മോശം വാക്കുകൾ പറഞ്ഞുവെന്നും തന്റെ ട്വിറ്ററിലൂടെ ഹർഭജൻ സിംങ്ങ് പറയുന്നു. എന്നാൽ പൈലറ്റ് ഇത്തരത്തിൽ മോശമായി പെരുമാറുന്നതിന് ഹർഭജൻ ദൃക്‌സാക്ഷിയായിരുന്നുവോയെന്ന കാര്യം അദ്ദേഹം ട്വിറ്ററിൽ പറയുന്നില്ല.

ഇതിനെതിരെ ശക്തമായ നടപടിയെടുക്കണമെന്നും ഇത്തരം സംഭവങ്ങൾ രാജ്യത്ത് അനുവദിക്കാനാവില്ലെന്നും ഹർഭജൻ തന്റെ ട്വിറ്ററിൽ കുറിക്കുന്നു.

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെ താരമാണ് ഹർഭജൻ.നേരത്തെ ട്വിന്റി ട്വിന്റിയിൽ ഹർഭജൻ സിംങ്ങ് 200 വിക്കറ്റ് നേട്ടം തികച്ചിരുന്നു.റൈസിങ് പുണെ സൂപ്പർ ജയന്റ് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിനെ പുറത്താക്കിയാണ് ഹർഭജൻ ഈ നേട്ടം നേടിയത്. 200 വിക്കറ്റ് ക്ലബിലെത്തുന്ന മൂന്നാമത്തെ ഇന്ത്യൻ താരമാണ് ഹർഭജൻ സിങ്.

കരിയറിലെ 225-ാം മല്‍സരത്തിലായിരുന്നു ഹര്‍ഭജന്റെ ഈ നേട്ടം. അമിത് മിശ്രയും അശ്വിനുമാണ് ഹര്‍ഭജന് മുന്നിലുളള മറ്റു ഇന്ത്യൻ താരങ്ങൾ. 176 മല്‍സരങ്ങളില്‍ നിന്ന് 208 വിക്കറ്റാണ് അമിത് മിശ്രയുടെ നേട്ടം. 195 മല്‍സരങ്ങളില്‍ നിന്നാണ് അശ്വിന്‍ 200 വിക്കറ്റുകള്‍ നേടിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ