ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി ഇന്നു നേട്ടങ്ങളുടെ ഉയരത്തിലാണ്. ക്രിക്കറ്റ് ചരിത്രത്തിലെ റെക്കോർഡുകൾ കോഹ്‌ലി തിരുത്തിയെഴുതി കൊണ്ടിരിക്കുമ്പോൾ 10 വർഷങ്ങൾക്കു മുൻപ് ഇന്ത്യൻ ടീമിലെത്തിയ ഡൽഹിക്കാരനായ ചെക്കനെ കുറിച്ചുളള ഓർമ്മകൾ പങ്കുവയ്ക്കുകയാണ് ഹർഭജൻ സിങ്.

കോഹ്‌ലിയുടെ 30-ാജന്മദിനത്തിൽ ഇന്ത്യ ടിവിയോട് സംസാരിക്കുകയായിരുന്നു ഹർഭജൻ സിങ്. 10 വർഷങ്ങൾക്കു മുൻപ് കണ്ട പയ്യനിൽനിന്നും കോഹ്‌ലി ഇന്ന് ഒരുപാട് മാറിയിരിക്കുന്നുവെന്നും ഭക്ഷണക്രമത്തിലും കോഹ്‌ലി ഒരുപാട് മാറിയെന്നും ഹർഭജൻ പറഞ്ഞു.

”ഇന്നയാൾ ഒരുപാട് മാറിയിരിക്കുന്നു. ഇന്ത്യൻ ടീമിലേക്ക് വരുന്ന സമയത്ത് ഒരു ഡൽഹിക്കാരൻ പയ്യനായിരുന്നു. ഗോൾഗപ്പാസ് കഴിക്കാൻ ഇഷ്ടപ്പെടുന്ന സാധാരണ ഡൽഹിക്കാരൻ. ഇന്ന് കോഹ്‌ലി മൊത്തത്തിൽ മാറിയിരിക്കുന്നു. സ്വന്തം ശരീരത്തെ കൂടുതലായ് ശ്രദ്ധിച്ചു തുടങ്ങി. ശരീരത്തിന് ആവശ്യമുളളവ മാത്രമാണ് കോഹ്‌ലി കഴിക്കുന്നത്. അയാൾ വെജിറ്റേറിയൻ ആയി മാറി,” ഹർഭജൻ ഇന്ത്യ ടുഡേയോട് പറഞ്ഞു.

കോഹ്‌ലി വെജിറ്റേറിയനായത് തന്നെ അതിശയപ്പെടുത്തിയെന്നും ഹർഭജൻ പറഞ്ഞു. ”വെജിറ്റേറിയനായാൽ ശരീരത്തിന് ആവശ്യമായ പ്രോട്ടീനൊക്കെ എങ്ങനെയാണ് കിട്ടുന്നതെന്ന് ഒരിക്കൽ ഞാൻ കോഹ്‌ലിയോട് ചോദിച്ചു. പാജി, എന്റെ ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ അടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ ദിവസവും ഞാൻ കഴിക്കാറുണ്ടെന്നായിരുന്നു കോഹ്‌ലിയുടെ മറുപടി. പ്രോട്ടീൻ അടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ കോഹ്‌ലിയുടെ ഡയറ്റിൽ ഉൾപ്പെടുത്തുന്നതിൽ വലിയൊരു പങ്ക് അനുഷ്കയ്ക്ക് ഉണ്ടെന്ന് എനിക്ക് ഉറപ്പാണ്,” ഹർഭജൻ പറഞ്ഞു.

”ഇന്ന് താൻ കാണുന്നതുപോലെ ആയതിൽ മുഴുവൻ ക്രെഡിറ്റും അനുഷ്കയ്ക്കാണ് അയാൾ നൽകുന്നത്. അനുഷ്കയെ കാണുന്നതിനു മുൻപ് ആ ക്രെഡിറ്റ് ഞാൻ അയാളുടെ അമ്മയ്ക്കാണ് നൽകുക, ഇതുപോലൊരു ഇതിഹാസ താരത്തിന് ജന്മം നൽകിയതിന്,” ഹർഭജൻ പറഞ്ഞു.

ഈ വർഷം ആദ്യമാണ് കോഹ്‌ലി വീഗൻ ആയി മാറിയത്. മാംസം, മുട്ട, പാൽ ഉത്പ്പന്നങ്ങൾ എന്നിവയും കോഹ്‌ലി ഉപേക്ഷിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook