സച്ചിൻ ടെൻഡുൽക്കറിന് 46-ാം പിറന്നാൾ. ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച കളിക്കാരനായിട്ടാണ് സച്ചിനെ കണക്കാക്കുന്നത്. 1989 ൽ 16-ാം വയസിലായിരുന്നു സച്ചിന്റെ രാജ്യാന്തര ക്രിക്കറ്റിലെ അരങ്ങേറ്റം. പിന്നിടിങ്ങോട്ട് ക്രിക്കറ്റിൽ സച്ചിൻ എഴുതിയത് ചരിത്രമാണ്. ക്രിക്കറ്റിൽ റെക്കോർഡ് നേട്ടങ്ങൾക്കൊപ്പം ലോകത്താകമാനമുളളവരുടെ ഹൃദയങ്ങളിലും സച്ചിൻ ഇടം നേടി. തന്റെ 24 വർഷത്തെ കരിയറിൽ സച്ചിൻ കുറിച്ചത് നിരവധി റെക്കോർഡുകളാണ്. 46-ാം ജന്മദിനം ആഘോഷിക്കുന്ന സച്ചിന്റെ കരിയറിലെ 46 റെക്കോർഡുകളെക്കുറിച്ച്…

1. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറികൾ (51) നേടിയ കളിക്കാരൻ സച്ചിൻ ടെൻഡുൽക്കറാണ്. സച്ചിന്റെ 50-ാം സെഞ്ചുറി 2010 ഡിസംബറിൽ സെഞ്ചൂറിയനിലെ സൂപ്പർസ്പോർട് പാർക്കിൽ നടന്ന മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെയായിരുന്നു.

2. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനം സച്ചിനാണ്. 2008 ൽ ബ്രെയിൻ ലാറയുടെ 11,953 റൺസിനെയാണ് സച്ചിൻ മറികടന്നത്.

3. ടെസ്റ്റ് ക്രിക്കറ്റിൽ അതിവേഗം 10,000 റൺസ് നേടിയ താരമാണ് സച്ചിൻ (സച്ചിനും ബ്രെയിൻ ലാറയും 195 ഇന്നിങ്സുകളിൽനിന്നുമാണ് ഈ നേട്ടം കൈവരിച്ചത്).

4. ടെസ്റ്റ് കളിക്കുന്ന എല്ലാ രാജ്യങ്ങൾക്കെതിരെയും സെഞ്ചുറി നേടിയിട്ടുളള കളിക്കാരനാണ് സച്ചിൻ ടെൻഡുൽക്കർ.

5. ശ്രീലങ്കയ്ക്കെതിരായ തന്റെ 169-ാം ടെസ്റ്റിൽ ഓസ്ട്രേലിയയുടെ സ്റ്റീവ് വോഗിനെ മറികടന്ന് സച്ചിൻ പുതിയൊരു റെക്കോർഡിട്ടു. ഏറ്റവും കൂടുതൽ ടെസ്റ്റ് കളിക്കുന്ന കളിക്കാരനെന്ന നേട്ടമാണ് സച്ചിൻ കൈവരിച്ചത്.

6. ടെസ്റ്റിലും ഏകദിനത്തിലും ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങളുടെ മുന്നിൽ സച്ചിനാണ്. ടെസ്റ്റിൽ 15,921 റൺസും ഏകദിനത്തിൽ 18,426 റൺസുമാണ് സച്ചിന്റെ സമ്പാദ്യം. രാജ്യാന്തര ക്രിക്കറ്റിൽ മൂന്നു ഫോർമാറ്റിലുമായി (ടെസ്റ്റ്, ഏകദിനം, ട്വന്റി ട്വന്റി) 30,000 റൺസ് നേടിയ ഒരേയൊരു കളിക്കാരൻ സച്ചിനാണ്.

7. ടെസ്റ്റിലും (51) ഏകദിനത്തിലും (49) ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയ കളിക്കാരൻ സച്ചിനാണ്. രണ്ടു ഫോർമാറ്റിലുമായി 100 സെഞ്ചുറികളാണ് സച്ചിന്റെ പേരിലുളളത്.

8. 2012 മാർച്ചിലാണ് സച്ചിൻ രാജ്യാന്തര ക്രിക്കറ്റിലെ 100-ാം സെഞ്ചുറി നേടിയത്. ഏഷ്യാ കപ്പിൽ ബംഗ്ലാദേശിനെതിരെയായിരുന്നു അത്.

9. ഏറ്റവും കൂടുതൽ ടെസ്റ്റും (200) ഏകദിന മത്സരങ്ങളും (463) കളിച്ച കളിക്കാരനെന്ന ലോക റെക്കോർഡ് സച്ചിന്റെ പേരിലാണ്.

10. ഏറ്റവും കൂടുതൽ ടെസ്റ്റ്, ഏകദിന വിജയങ്ങളിൽ പങ്കാളിയായ ഇന്ത്യൻ ക്രിക്കറ്റ് താരമാണ് സച്ചിൻ. 72 ടെസ്റ്റ് വിജയത്തിലും 234 ഏകദിന വിജയങ്ങളിലും സച്ചിൻ പങ്കാളിയായിട്ടുണ്ട്. ലോക പട്ടികയിൽ റിക്കി പോണ്ടിങ്ങിനും (262 ജയങ്ങൾ), മഹേള ജയവർധനയ്ക്കും (241 ജയങ്ങൾ) ശേഷം മൂന്നാം സ്ഥാനമാണ് സച്ചിന്.

11. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ 150+ സ്കോർചെയ്ത കളിക്കാരനെന്ന റെക്കോർഡും സച്ചിനാണ്. (20 തവണയാണ് സച്ചിൻ 150 ൽ അധികം റൺസ് നേടിയത്).

12. ഐസിസിയുടെ ടെസ്റ്റ് കളിക്കുന്ന എല്ലാ രാജ്യങ്ങൾക്കെതിരെയും മാൻ ഓഫ് ദി മാച്ച് നേടിയ കളിക്കാരനാണ് സച്ചിൻ.

13. ഒരു വർഷത്തിനിടയിൽ ടെസ്റ്റിൽ ആറു തവണയാണ് സച്ചിൻ 1,000+ റൺസ് നേടിയത് (1997, 1999, 2001, 2002, 2008 and 2010). ഇതൊരു ലോക റെക്കോർഡാണ്.

14. ടെസ്റ്റിൽ ആദ്യ സെഞ്ചുറി നേടുമ്പോൾ സച്ചിന്റെ പ്രായം 17 വയസാണ്. ടെസ്റ്റിൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ കളിക്കാരനാണ് സച്ചിൻ.

15. ടെസ്റ്റിൽ സച്ചിൻ-രാഹുൽ ദ്രാവിഡ് കൂട്ടുകെട്ട് 20 ലധികം തവണയാണ് 100 ലധികം റൺസ് (പാർട്ണർഷിപ് സ്കോർ) നേടിയത്. ഇത് ലോക ക്രിക്കറ്റിൽ റെക്കോർഡാണ്.

16. ടെസ്റ്റ് ക്രിക്കറ്റിലെ 51 സെഞ്ചുറികളിൽ 22 എണ്ണം ഇന്ത്യയിലും 29 എണ്ണം വിദേശത്തുമാണ് സച്ചിൻ നേടിയത്. വിദേശത്ത് 29 സെഞ്ചുറികൾ നേടിയെന്നത് ലോക റെക്കോർഡാണ്.

17. രാജ്യാന്തര ഏകദിനത്തിൽ ആദ്യമായി ഇരട്ട സെഞ്ചുറി നേടിയത് സച്ചിനാണ്.

18. ഏകദിനത്തിൽ ഏറ്റവും കൂടുതൽ സെഞ്ചുറികളും (49) അർധ സെഞ്ചുറികളും (145) സച്ചിന്റെ പേരിലാണ്.

19. ഒരു വർഷത്തിനിടയിൽ സച്ചിനെപ്പോലെ മറ്റൊരു കളിക്കാരനും റൺസ് നേടിയിട്ടില്ല (1998 ൽ 1894 റൺസ്).

20. ഒരു വർഷത്തിനിടയിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയ കളിക്കാരനും സച്ചിനാണ് (1998 ൽ 9 എണ്ണം).

21. ഒരു ടീമിനെതിരെ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയ കളിക്കാരനു സച്ചിനാണ് (ഓസ്ട്രേലിയയ്ക്കെതിരെ 9 സെഞ്ചുറികൾ). സച്ചിന് തൊട്ടടുത്ത് വിരാട് കോഹ്‌ലിയാണ്. ഓസ്ട്രേലിയയ്ക്കെതിരെയും ശ്രീലങ്കയ്ക്കെതിരെയും 8 സെഞ്ചുറികളാണ് കോഹ്‌ലി നേടിയത്.

22. ഏകദിനത്തിൽ ഏറ്റവും കൂടുതൽ ഫോറുകൾ (2016 ഫോറുകൾ) നേടിയ കളിക്കാരൻ സച്ചിനാണ്.

23. ഏകദിനത്തിൽ ഇരട്ട സെഞ്ചുറി നേടിയപ്പോൾ സച്ചിൻ സ്വന്തമാക്കിയ 25 ബൗണ്ടറികളാണ്. ആ സമയംവരെ ഏകദിനത്തിൽ ഏറ്റവും കൂടുതൽ ഫോറുകൾ നേടിയ താരമെന്ന റെക്കോർഡ് ഈ മത്സരത്തിൽ സച്ചിൻ സ്വന്തമാക്കി.

24. ഏറ്റവും കൂടുതൽ ഏകദിനങ്ങൾ കളിച്ച താരവും സച്ചിനാണ് (463 ഏകദിനങ്ങൾ).

25. ഏകദിനത്തിലും (62) ലോകകപ്പിലും (9) ഏറ്റവും കൂടുതൽ മാൻ ഓഫ് ദി മാച്ച് അവാർഡ് നേടിയ കളിക്കാരൻ സച്ചിനാണ്.

26. മാൻ ഓഫ് ദി സീരീസ് അവാർഡുകൾ ഏറ്റവും കൂടുതൽ നേടിയതും (15) സച്ചിനണ്.

27. ഏറ്റവും കൂടുതൽ പ്ലെയർ ഓഫ് ദി മാച്ച് അവാർഡും (76) പ്ലെയർ ഓഫ് ദി സീരീസ് അവാർഡും (20) സച്ചിനാണ് നേടിയത്.

28. 1990-1998 കാലയളവിൽ 185 ഏകദിനങ്ങളാണ് സച്ചിൻ കളിച്ചത്. ഇതൊരു റെക്കോർഡാണ്.

29. ഒരു വർഷത്തിനിടയിൽ 7 തവണയാണ് (1994, 1996, 1997, 1998, 2000, 2003 and 2007) സച്ചിൻ 1,000+ റൺസ് നേടിയത്.

30. 2015 ൽ ക്രിസ് ഗെയ്ൽ-മർലോൺ സാമുവൽസ് കൂട്ടുകെട്ടിനു മുൻപ് ഏകദിന കൂട്ടുകെട്ടിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ റെക്കോർഡ് സച്ചിൻ-രാഹുൽ ദ്രാവിഡ് പേരിലായിരുന്നു (1999 ൽ ന്യൂസിലൻഡിനെതിരെ 331 റൺസ്).

31. ഏകദിന ക്രിക്കറ്റിൽ സച്ചിൻ-ഗാംഗുലി കൂട്ടുകെട്ട് 26 തവണയാണ് 100 റൺസിലധികം പാർട്ണർഷിപ് നേടിയത്. ഇതിൽ 21തവണയും ഓപ്പണിങ് വിക്കറ്റിലാണ് ഇരുവരും ഈ നേട്ടം സ്വന്തമാക്കിയത്. ഇതു രണ്ടും ലോക ക്രിക്കറ്റിൽ റെക്കോർഡാണ്.

32. സച്ചിൻ-ഗാംഗുലി കൂട്ടുകെട്ടിൽ ആകെ പിറന്നിരിക്കുന്നത് 8227 റൺസാണ്. അതിൽ 6609 റൺസും ഓപ്പണിങ് കൂട്ടുകെട്ടിലാണ് പിറന്നിരിക്കുന്നത്. ഇതു രണ്ടും ഇപ്പോഴും ലോക റെക്കോർഡാണ്.

33. ഏകദിന ക്രിക്കറ്റിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുളള 90 വേദികളിൽ സച്ചിൻ കളിച്ചിട്ടുണ്ട്. ഈ നേട്ടം മറ്റാർക്കുമില്ല.

34. ഒരു ടീമിനെതിരെ ഏറ്റവും കൂടുതൽ റൺസ് നേടിയ കളിക്കാരനും സച്ചിനാണ്. ശ്രീലങ്കയ്ക്കെതിരെ 3113 റൺസ്, ഓസ്ട്രേലിയയ്ക്കെതിരെ 3077 റൺസ്). മൂന്നു ഫോർമാറ്റിലുമായി ഒരു ടീമിനെതിരെ ഏറ്റവും കൂടുതൽ റൺസ് നേടിയ കളിക്കാരനും സച്ചിനാണ് (ഓസ്ട്രേലിയയ്ക്കെതിരെ 6707 റൺസ്).

35. 20 വയസിനു മുൻപ് 5 ടെസ്റ്റ് സെഞ്ചുറികളാണ് സച്ചിൻ നേടിയത്.

36. 2011 ലാണ് സച്ചിൻ അവസാന ലോകകപ്പ് കളിച്ചത്. ലോകകപ്പ് മത്സരങ്ങളിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ കളിക്കാരനും സച്ചിനാണ് (2278 റൺസ്).

37. ലോകകപ്പിൽ ഏറ്റവും കൂടുതൽ സെഞ്ചുറികളും (6) അർധസെഞ്ചുറികളും (21) നേടിയ കളിക്കാരൻ സച്ചിനാണ്.

38. 2003 ലെ ലോകകപ്പിൽ 673 റൺസാണ് സച്ചിൻ നേടിയത്.

39. ഏറ്റവും കൂടുതൽ ലോകകപ്പ് ടൂർണമെന്റ് കളിച്ച താരങ്ങളാണ് സച്ചിനും പാക്കിസ്ഥാൻ താരം ജാവേദ് മിയാൻദദും (6 എണ്ണം).

40. ഏകദിനത്തിൽ 15,000+ റൺസും 150+ വിക്കറ്റും സച്ചിന്റെ പേരിലുണ്ട്.

41. ഏകദിനത്തിൽ ഏറ്റവും കൂടുതൽ തവണ 90 റൺസിന് (18 തവണ) പുറത്തായ താരം സച്ചിനാണ്. ഇതിൽ മൂന്നു തവണ 99 റൺസിനാണ് പുറത്തായത്.

42. ടെസ്റ്റിൽ 10 ഓളം തവണയാണ് സച്ചിൻ 90 റൺസിന് പുറത്തായത്.

43. ഹാരിസ് ഷീൽഡ് ടൂർണമെന്റിൽ ഷർദാസ്രമത്തിനുവേണ്ടി പുറത്താകാതെ 326 റൺസ് സച്ചിൻ നേടി. ലോകത്താകമാനമുളള ഏതു ഗ്രേഡ് ക്രിക്കറ്റിലും ഇതൊരു റെക്കോർഡാണ്.

44. രഞ്ജി, ദുൽദീപ്, ഇറാനി ട്രോഫി അരേങ്ങറ്റ മത്സരത്തിൽ സെഞ്ചുറി നേടുന്ന ഒരേയൊരു കളിക്കാരനാണ് സച്ചിൻ.

45. 1990-91 ൽ യോർക്ക്ഷിയറെ പ്രതിനിധീകരിച്ച ആദ്യ ഓവർസീസ് കളിക്കാരനാണ് സച്ചിൻ.

46. 2014 ൽ സച്ചിന് ഭാരത രത്ന നൽകി രാജ്യം ആദരിച്ചു. ഈ പുരസ്കാരം ലഭിക്കുന്ന ആദ്യ കായിക താരവും പ്രായം കുറഞ്ഞ വ്യക്തിയുമാണ് സച്ചിൻ.

സച്ചിന് അർജു അവാർഡ് (1994), രാജീവ് ഗാന്ധി ഖേൽ രത്ന അവാർഡ് (1997), പത്മശ്രീ (1999), പത്മ വിഭൂഷൺ (2008) എന്നിവയും ലഭിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook