മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ എം.എസ് ധോണിക്ക് ഇന്ന് 38-ാം പിറന്നാൾ. 1981 ജൂലൈ ഏഴിന് ജനിച്ച് 23 വർഷങ്ങൾക്കപ്പുറം ഇന്ത്യൻ കുപ്പായത്തിൽ അരങ്ങേറ്റം കുറിച്ച ധോണി ഇന്ത്യൻ ക്രിക്കറ്റിന്റെ തന്നെ മുഖമായി മാറുകയായിരുന്നു. 2004 ഡിസംബർ 23നായിരുന്നു ധോണിയുടെ രാജ്യാന്തര അരങ്ങേറ്റം.

പ്രഥമ ടി20 ലോകകപ്പ് 2017ൽ ഇന്ത്യക്ക് സമ്മാനിച്ച ധോണി പിന്നീട് ഏകദിന നായക സ്ഥാനവും ടെസ്റ്റ് നായക സ്ഥാനവും ഏറ്റെടുത്തു. 28 വർഷങ്ങൾക്ക് ശേഷം ലോകകപ്പ് ഇന്ത്യയിൽ എത്തിച്ചതും ആദ്യമായി ഇന്ത്യയെ ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാമതെത്തിച്ചതും ധോണി തന്നെയായിരുന്നു. 2011 ലോകകപ്പിൽ ധോണിയുടെ ബാറ്റിൽ നിന്ന് പിറന്ന സിക്സിൽ നിന്ന് തന്നെയാണ് ഇന്ത്യ വിജയ റൺസ് കണ്ടെത്തിയതും കിരീടം ഉയർത്തിയതും.

ഏകദിനത്തിൽ 200 മത്സരങ്ങളിൽ ഇന്ത്യൻ നായകസ്ഥാനത്ത് ധോണിയുണ്ടായിരുന്നു. 59.52 വിജയ ശരാശരിയിൽ 110 ഏകദിന മത്സരങ്ങൾ ഇന്ത്യ ജയിച്ചപ്പോൾ 74 മത്സരങ്ങൾ പരാജയപ്പെട്ടു. അഞ്ച് മത്സരങ്ങൾ സമനിലയിൽ അവസാനിച്ചു, 11 മത്സരങ്ങൾ ഫലമില്ലാതെ അവസാനിച്ചു. 60 ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യയെ നയിച്ച ധോണി 27ലും ഇന്ത്യക്ക് ജയമൊരുക്കി. 18 മത്സരങ്ങൾ പരാജയപ്പെടുകയും 15 എണ്ണം സമനിലയിൽ അവസാനിപ്പിക്കുകയും ചെയ്തു.

ഇന്ത്യൻ പ്രീമിയർ ലീഗിലും ധോണിയെന്ന താരത്തെയും നായകനെയും കാണികൾ കണ്ടതാണ്. ചെന്നൈ സൂപ്പർ കിങ്സിന് മൂന്ന് കിരീടങ്ങൾ സമ്മാനിച്ച ധോണി ആറ് തവണ ടീമിനെ ഫൈനൽ വരെ എത്തിച്ചു.

രാജ്യന്തര ക്രിക്കറ്റിൽ 17000ൽ അധികം റൺസുമായി മുന്നേറുന്ന ധോണിയുടെ പേരിൽ 16 സെഞ്ചുറികളും 105 അർധസെഞ്ചുറികളുമുണ്ട്. വിക്കറ്റിന് പിന്നിൽ മിന്നൽ സ്റ്റംമ്പിങ്ങിലൂടെയും പറക്കും ക്യാച്ചുകളിലൂടെയും തിളങ്ങിയ താരം 800ലധികം പുറത്താക്കലുകൾ നടത്തി.

ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് 2014ൽ വിരമിച്ച ധോണി ഏകദിന – ടി20 ഫോർമാറ്റുകളിൽ ഇന്നും ടീമിന്റെ ഒഴിച്ചുകൂടാനാകാത്ത ഘടകമാണ്. ഫോമിന്റെ പേരിൽ വിമർശനങ്ങൾ ഏറ്റുവാങ്ങുമ്പോഴും പരിചയസമ്പത്ത് കൊണ്ടും സൂക്ഷമ ബുദ്ധികൊണ്ടും ടീമിനെ വിജയത്തിലേക്ക് നയിച്ചു ധോണി. ലോകകപ്പ് മത്സരങ്ങൾക്ക് ശേഷം ധോണി വിരമിക്കൽ പ്രഖ്യാപിക്കുമെന്ന വാർത്തകളും സജീവമാണ്.